ബിസിനസ് വരുമാനത്തിന്മേല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ യുഎഇ

2023 ജൂണ്‍ ഒന്നുമുതലാണ് പുതിയ നികുതി സംവിധാനം നിലവില്‍ വരുന്നത്

Update: 2022-02-01 08:39 GMT

ദുബൈ: 3,75,000 ദിര്‍ഹത്തിന് മുകളിലുള്ള ബിസിനസ് വരുമാനത്തിന്മേല്‍ ഒമ്പത് ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യുഎഇ ധനകാര്യ മന്ത്രാലയം. അടുത്ത വര്‍ഷം ജൂണ്‍ ഒന്നുമുതലുള്ള സാമ്പത്തികവര്‍ഷത്തിലാണ് പുതിയ ടാക്‌സ് സംവിധാനം നിലവില്‍ വരുന്നത്.

3,75,000 ദിര്‍ഹത്തിന് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് വരുമാനത്തിന്മേല്‍ മാത്രമാണ് നികുതി നടപ്പാക്കുക. അതിലൂടെ 3,75,000 ദിര്‍ഹത്തിന് താഴെ മാത്രം വരുമാനമുള്ള ചെറുകിട-ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലില്‍ നിന്നുള്ള വേതനം, റിയല്‍ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തിഗത വരുമാനത്തിനും കോര്‍പറേറ്റ് നികുതി ബാധകമായിരിക്കില്ല.

Advertising
Advertising

അതുപോലെ ലൈസന്‍സുള്ളതോ മറ്റോ ആയ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്നല്ലാതെ വ്യക്തികള്‍ സമ്പാദിക്കുന്ന മറ്റേതെങ്കിലും വ്യക്തിഗത വരുമാനത്തിന് നികുതി ബാധകമായിരിക്കില്ല. എന്നാല്‍ മെയിന്‍ ലാന്‍ഡില്‍ പ്രവര്‍ത്തനങ്ങളുള്ള ഫ്രീ സോണ്‍ അധിഷ്ഠിത ബിസിനസ് സംരംഭങ്ങള്‍ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ വരും.

യുഎഇയിലെ സാമ്പത്തിക മേഖല ആഗോളതലത്തിലെ ഏറ്റവും മികച്ച നികുതി രീതികളുമായി യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനായാണ് പുതിയ കോര്‍പറേറ്റ് നികുതി വ്യവസ്ഥ രൂപപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അക്കൗണ്ടിങ് രീതികളുടെ പിന്‍ബലത്തില്‍ തയാറാക്കിയ സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ലാഭത്തിന്‍മേലാണ് കോര്‍പറേറ്റ് നികുതി നടപ്പാക്കുക.

എമിറേറ്റ് തലത്തിലുള്ള പ്രകൃതിവിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന സംവിധാനങ്ങള്‍ക്ക് ഒഴികെ, മറ്റു എല്ലാതരം ബിസിനസുകള്‍ക്കും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നികുതി ഒരുപോലെ ബാധകമായിരിക്കും. അതിനാല്‍ പ്രകൃതി വിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന ബിസിനസുകള്‍ക്ക് നിലവിലെ എമിറേറ്റ് തലത്തിലുള്ള കോര്‍പറേറ്റ് നികുതി തന്നെയായിരിക്കും ചുമത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News