യുഎഇയില്‍ ശൈത്യകാലത്തിന് ഇന്ന് ആരംഭം; വിനോദ സഞ്ചാരമേഖലയില്‍ ഉണര്‍വ്

അല്‍ ഐനിലെ റക്‌നയില്‍ ഇന്നലെ രാവിലെ യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില 7.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി

Update: 2021-12-22 12:45 GMT

അബുദാബി: ഇന്ന് മുതല്‍ യുഎഇയില്‍ 40 ദിവസം നീണ്ടുനില്‍ക്കുന്ന ശൈത്യകാലം ആരംഭിക്കുകയാണെന്ന് അറബ് യൂണിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സസ് അംഗം ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു.

രാജ്യത്തുടനീളം താപനില നന്നേ കുറഞ്ഞ, തണുത്ത താലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ യുഎഇ നിവാസികള്‍ തണുപ്പ് കാലത്തെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്‍ കൂടിയായ ഇബ്രാഹിം അല്‍ ജര്‍വാന്‍ ഓര്‍മിപ്പിച്ചു. രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും ഇന്നലെയാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

രാജ്യത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അല്‍ ഐനിലെ റക്‌നയില്‍ ഇന്നലെ രാവിലെ യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില 7.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി(എന്‍സിഎം)യുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.




ഫെസ്റ്റിവല്‍ സീസണും തണുപ്പുകാലവും ഒരുമിച്ചെത്തിയതോടെ, ശൈത്യകാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലോകത്തിലെ ഏറ്റവും മികച്ച ശൈത്യകാല കാംപയിനിന്റെ രണ്ടാം സീസണിന് ഔദ്യോഗിക തുടക്കം കുറിച്ചിരുന്നു. ഏഴ് എമിറേറ്റുകളിലെയും സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ശൈത്യകാല കാംപയിന്‍ ആരംഭിച്ചിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News