'യുനൈറ്റഡ് ഗ്ലോബൽ എമിറേറ്റ്സ്'; ആഗോള നിക്ഷേപകരെ സ്വാഗതം ചെയ്ത് യു.എ.ഇ
ലോകത്തെ 190 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വളരാനും വികസിക്കാനും യു.എ.ഇയിലൂടെ സാധിക്കുമെന്ന് പ്രചരിപ്പിക്കുകയുമാണ് കാമ്പയിൻ ലക്ഷ്യം
നിക്ഷേപകരെയും പ്രതിഭകളെയും യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്ന കാമ്പയിന് തുടക്കം കുറിച്ച് രാഷ്ട്ര നേതാക്കൾ. 'യുനൈറ്റഡ് ഗ്ലോബൽ എമിറേറ്റ്സ്' എന്ന ശീർഷകത്തിലായിരിക്കും കാമ്പയിൻ. ലോകത്തെ 190 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വളരാനും വികസിക്കാനും യു.എ.ഇയിലൂടെ സാധിക്കുമെന്ന് പ്രചരിപ്പിക്കുകയുമാണ് കാമ്പയിൻ ലക്ഷ്യം.
നിക്ഷേപകർക്ക് യു.എ.ഇ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളും പ്രോത്സാഹനവും ഉയർത്തിക്കാണിക്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണമായിരിക്കും നടക്കുക. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് കാമ്പയിൻ പ്രഖ്യാപനം ട്വിറ്റർ മുഖേന നടത്തിയത്. 'ഞങ്ങളുടെ വേരുകൾ അറബാണ്, എന്നാൽ അഭിലാഷങ്ങൾ ആഗോളമാണ്. ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ ലോകമെമ്പാടുമുള്ള പ്രതിഭകളെ ക്ഷണിക്കുന്നു' -ശൈഖ് മുഹമ്മദ് പറഞ്ഞു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും വിശാലമായ കാമ്പയിൻ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. അടുത്ത 50 വർഷത്തിനിടയിൽ ഏറ്റവും കരുത്തുറ്റ ആഗോള സമ്പദ് വ്യവസ്ഥകളിലൊന്നാവുക എന്നതാണ് പുതിയ പ്രചാരണ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കാമ്പയിൻ പ്രഖ്യാപിച്ച് പുറത്തിറക്കിയ വീഡിയോയിൽ ഇമാറാത്തിനെ 'അവസരങ്ങളുടെ ഭൂമി' എന്നാണ് പ്രകീർത്തിക്കുന്നത്. രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങളും ചൊവ്വാ ദൗത്യവും ഇതിൽ പരാമർശിക്കുന്നുണ്ട്.