ഷാർജയിലെ ദുരൂഹമരണം: വൈഭവിയുടെ മൃതദേഹം ഇന്ന് യുഎഇയിൽ സംസ്‌കരിക്കും

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും

Update: 2025-07-17 10:28 GMT

ഷാർജ/കൊച്ചി: യുഎഇയിലെ ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. യുഎഇ സമയം വൈകുന്നേരം നാലിന് ദുബൈ ന്യൂ സോനാപൂരിലാണ് മൃതദേഹം സംസ്‌കരിക്കുക. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലോടെയാണ് കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ തന്നെ സംസ്‌കരിക്കാൻ കുടുംബം സമ്മതം അറിയിച്ചത്. എന്നാൽ, വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. നാട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക. കോൺസുലേറ്റിൽ നടന്ന മധ്യസ്ഥത ചർച്ചയിൽ ഇക്കാര്യം തീരുമാനമായെന്ന് അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിപഞ്ചികയുടെ കുടുംബം നൽകിയ ഹരജി തീർപ്പാക്കിയാണ് ഹൈക്കോടതി നിർദേശം. മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് മാതൃ സഹോദരി ഹൈക്കോടതിയെ സമീപിച്ചത്.

Advertising
Advertising

വിപഞ്ചികയുടെയും ഒന്നരവയസുള്ള മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിൽ സംസ്‌കരിക്കണമെന്ന ആവശ്യവുമായി വിപഞ്ചികയുടെ അമ്മയും സഹോദരനും കഴിഞ്ഞദിവസം ഷാർജയിൽ എത്തിയിരുന്നു. ഇവരുടെ ആവശ്യത്തെ തുടർന്ന് ചൊവ്വാഴ്ച കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കുന്നത് അവസാനനിമിഷം മാറ്റിവെച്ചിരുന്നു. വിപഞ്ചികയുടെയും ഭർത്താവ് നിധീഷിന്റെയും കുടുംബാംഗങ്ങൾ ദുബൈ കോൺസുലേറ്റിൽ നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് വൈഭവിയുടെ മൃതദേഹം യുഎഇയിലും വിപഞ്ചികയുടെ മൃതദേഹം നാട്ടിലും സംസ്‌കരിക്കാൻ ധാരണയായത്. കുഞ്ഞിന്റെ സംസ്‌കാരചടങ്ങിൽ വിപഞ്ചികയുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാനും മതാചാരപ്രകാരം ചടങ്ങുകൾ നടത്താനും ധാരണയായിട്ടുണ്ട്.

വിപഞ്ചികയുടെ പോസ്റ്റുമോർട്ടം പൂർത്തിയായെന്നും ആത്മഹത്യയെന്നാണ് റിപ്പോർട്ടെന്നും കുടുംബം പറഞ്ഞു. റീപോസ്റ്റുമോർട്ടത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. നടപടികൾ പൂർത്തിയാകുന്ന മുറക്ക് യുവതിയുടെ മൃതദേഹം നാട്ടിൽകൊണ്ടുപോയി സംസ്‌കരിക്കും. നിധീഷിനെതിരെ യുഎഇയിൽ നിയമനടപടികൾക്കും തൽകാലം മുതിരുന്നില്ല. എന്നാൽ, പരാതികൾ പലതുണ്ട്. ഇക്കാര്യത്തിൽ നാട്ടിൽ നിയമപോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News