ദീർഘകാലം ക്യാൻസർ ഗവേഷണ മേഖലയിൽ പ്രവർത്തിച്ചതിന് ശേഷം സ്വന്തം ഭക്ഷണരീതിയിൽ വരുത്തിയ മാറ്റങ്ങൾ വെളിപ്പെടുത്തി കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷക. കേംബ്രിഡ്ജ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പതോളജിയിലെ ഗവേഷക വിദ്യാർഥിനിയായ അന കാനഡാസ് ആണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചത്. ആറു വർഷത്തെ ഗവേഷണ ജീവിതത്തിന് ശേഷം താൻ പൂർണമായും ഒഴിവാക്കിയ 10 നിത്യോപയോഗ ഭക്ഷണങ്ങളെക്കുറിച്ചും അതിനുള്ള കാരണങ്ങളുമാണ് അവർ വിശദീകരിക്കുന്നത്.
1. സംസ്കരിച്ച മാംസം (Processed Meats)
ബേക്കൺ, ഹോട്ട് ഡോഗ്, സോസേജ് തുടങ്ങിയവ ഇതിൽപ്പെടുന്നു. ഇവ വൻകുടൽ ക്യാൻസറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
2. മദ്യം
വളരെ ചെറിയ അളവിലാണെങ്കിൽ പോലും മദ്യപാനം സ്തനാർബുദം, കരൾ-അന്നനാള ക്യാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. മദ്യത്തിലെ 'ഇഥനോൾ' ശരീരത്തിൽ വെച്ച് 'അസറ്റാൾഡിഹൈഡ്' ആയി മാറുകയും, അത് കോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുകയും ചെയ്യും.
3. മധുരപാനീയങ്ങളും എനർജി ഡ്രിങ്കുകളും
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഒറ്റയടിക്ക് ഉയർത്തുന്ന ഇവ അമിതവണ്ണത്തിനും ഉപാപചയ തകരാറുകൾക്കും കാരണമാകുന്നു. എനർജി ഡ്രിങ്കുകളിലെ ഉയർന്ന അളവിലുള്ള കഫീനും പഞ്ചസാരയും ഹൃദയാരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
4. ഫ്ലേവേർഡ് കോഫികൾ
പലപ്പോഴും നമ്മൾ നിസാരമായി കുടിക്കുന്ന ഫ്ലേവേർഡ് കോഫികളിൽ, സാധാരണ ഡെസേർട്ടുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്.
5. അമിതമായി ഗ്രിൽ ചെയ്ത മാംസം
ഉയർന്ന താപനിലയിൽ മാംസം ഗ്രിൽ ചെയ്യുകയോ കരിക്കുകയോ ചെയ്യുമ്പോൾ, ഡിഎൻഎയ്ക്ക് കേടുവരുത്തുന്ന 'ഹെറ്ററോസൈക്ലിക് അമീനുകൾ' എന്നീ അപകടകരമായ രാസവസ്തുക്കൾ രൂപപ്പെടുന്നു.
6. കടുത്ത ചൂടിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ
ഫ്രഞ്ച് ഫ്രൈസ് പോലെ കടുത്ത ചൂടിൽ എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണങ്ങളിൽ 'അക്രിലമൈഡ്' എന്ന ക്യാൻസർ വരുത്തുന്ന ഘടകം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്.
7. ബ്രേക്ക്ഫാസ്റ്റ് സീറിയലുകൾ
രാവിലത്തെ സമയലാഭത്തിനായി പലരും ആശ്രയിക്കുന്ന ഇവയിൽ ഉയർന്ന അളവിൽ കൃത്രിമ മധുരമാണ് അടങ്ങിയിരിക്കുന്നത്.
8. പാക്കറ്റ് ചിപ്സുകൾ
റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ, മോശം എണ്ണകൾ (Seed oils), കൃത്രിമ പ്രിസർവേറ്റീവുകൾ എന്നിവയുടെ വലിയൊരു ഉറവിടമാണ് പാക്കറ്റ് ചിപ്സുകൾ.
9. പ്രോട്ടീൻ ബാറുകൾ
'ആരോഗ്യകരം' എന്ന ലേബലിൽ വിൽക്കപ്പെടുമ്പോഴും ഇവയിൽ ശരീരത്തിന് ആവശ്യമില്ലാത്ത ഫില്ലറുകളും കൃത്രിമ മധുരവും ധാരാളമായി അടങ്ങിയിട്ടുണ്ട്.
10. ഡയറ്റ് സ്നാക്സുകൾ
പേരിൽ 'ഡയറ്റ്' എന്നുണ്ടെങ്കിലും ഇവയും കൃത്രിമ ചേരുവകളാൽ സമ്പന്നമാണ്.
പലപ്പോഴും വൻകിട കമ്പനികളുടെ ആകർഷകമായ പരസ്യങ്ങൾ ഉപഭോക്താക്കളുടെ യുക്തിസഹമായ ചിന്തയെ മറികടക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഭക്ഷണങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറുമ്പോൾ അവയുടെ പിന്നിലെ ചേരുവകളുടെ പട്ടിക പരിശോധിക്കാൻ പലരും തയ്യാറാകാറില്ല. വിപണിയുടെ തന്ത്രങ്ങളിൽ വീഴാതെ, എന്ത് വാങ്ങുമ്പോഴും അതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ കൃത്യമായി വായിച്ചു മനസിലാക്കണമെന്ന സുപ്രധാന നിർദേശത്തോടെയാണ് അന കാനഡാസ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.