'ചായ അരിക്കാൻ പ്ലാസ്റ്റിക്ക് അരിപ്പയാണോ ഉപയോഗിക്കാറ്..?'; എങ്കിൽ ഇക്കാര്യങ്ങളും അറിഞ്ഞിരിക്കുക...
വില കുറവായതുകൊണ്ട് പ്ലാസ്റ്റിക്ക് അരിപ്പക്ക് കൂടുതല്‍ ആവശ്യക്കാരുണ്ട്
ചായ ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല.നമ്മുടെയൊക്കെ നിത്യജീവിതത്തിന്‍റെ ഭാഗമായ ചായ തയ്യാറാക്കുന്നതിലെ ചെറിയ തെറ്റുകള്‍ പോലും പലപ്പോഴും ആരോഗ്യത്തെയും ബാധിക്കും. കേള്‍ക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും കാര്യം സത്യമാണ്. നല്ലൊരു ചായ ഉണ്ടാക്കുന്നതിന് ചായപ്പൊടിയും പഞ്ചാസാരയും എത്രത്തോളം പ്രധാനമാണോ അത്രയും പ്രധാനമാണ് ചായ അരിക്കാനുപയോഗിക്കുന്ന സ്‌ട്രൈനറും.
ചിലര്‍ ചായ അരിക്കാനായി പ്ലാസ്റ്റിക്ക് സ്‌ട്രൈനറുകളായിരിക്കും ഉപയോഗിക്കുന്നത്, ചിലരാകട്ടെ സ്റ്റീല്‍ സ്‌ട്രൈനറുകളായിരിക്കും ഉപയോഗിക്കുന്നത്.പ്ലാസ്റ്റിക് സ്‌ട്രൈനറുകള്‍ക്ക് വിലകുറവായതുകൊണ്ട് കൂടുതല്‍ പേരും അതായിരിക്കും വാങ്ങുന്നതത്. എന്നാല്‍ കൂടുതല്‍ കാലം ഈടുനില്‍ക്കുന്നത് സ്റ്റീല്‍ സ്‌ട്രൈനറായിരിക്കും. ആരോഗ്യത്തിന് ഏത് സ്‌ട്രൈനറാണ് നല്ലത്..ഇവയുടെ രണ്ടിന്‍റെയും ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് നോകാകാം...
തിളപ്പിച്ചു കഴിഞ്ഞ അരിച്ചെടുക്കുന്നത് ഏകദേശം 90-100°C താപനിലയിലായിരിക്കും. ഗുണനിലവാരമില്ലാത്ത അരിപ്പയാണ് ഉപയോഗിക്കുന്നതെങ്കിലും അത് പെട്ടന്ന് കേടാവുകയും രാസവസ്തുക്കളും മൈക്രോപ്ലാസ്റ്റിക്സും പുറത്തുവിടുകയും ചെയ്യും.
സ്റ്റീൽ സ്‌ട്രൈനർ
ചായ അരിച്ചെടുക്കാൻ സ്റ്റീൽ സ്‌ട്രൈനറുകൾ, പ്രത്യേകിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ ആണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.സ്റ്റീൽ അരിപ്പകൾ പെട്ടന്ന് കേടാകില്ല.കൂടാതെ താപനില കൂടുന്നത് കൊണ്ട് ഇവയുടെ ഗുണങ്ങൾ നഷ്ടപ്പെടുന്നില്ല.കൂടാതെ സ്റ്റീൽ രാസവസ്തുക്കളും പുറന്തള്ളുന്നില്ല.ഇത് വൃത്തിയാക്കാനും എളുപ്പമാണ്. ഇക്കാര്യങ്ങള്‍ കൊണ്ടാണ് സ്റ്റീൽ അരിപ്പകൾ ഉപയോഗിക്കാനായി നിര്‍ദേശിക്കുന്നത്.
പ്ലാസ്റ്റിക് സ്‌ട്രൈനർ
വില കുറവായതുകൊണ്ട് പ്ലാസ്റ്റിക്ക് അരിപ്പക്ക് കൂടുതല്‍ ആവശ്യക്കാരുണ്ട്. എന്നാല്‍ ചൂടുവെള്ളം, പാൽ, ചായ എന്നിവ പ്ലാസ്റ്റിക്ക് അരിപ്പയിലൂടെ അരിക്കുന്ന സമയത്ത് രാസവസ്തുക്കളും മൈക്രോപ്ലാസ്റ്റിക്സും പുറംതള്ളുകയും ചെയ്യും. ഗുണനിലവാരം മോശമാണെങ്കില്‍ ആരോഗ്യത്തിന് കൂടുതല്‍ ദോഷം ചെയ്യും. ചായയുടെ രുചിയെപ്പോലും ഇത് ബാധിക്കും. കൂടാതെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ കഴിയുമെങ്കില്‍ പ്ലാസ്റ്റിക് അരിപ്പകള്‍ ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.