നോമ്പു തുറക്കുമ്പോൾ ജ്യൂസ് കുടിക്കാമോ? അറിയേണ്ടതെല്ലാം...

ആരോഗ്യകരമായ വ്രതാനുഷ്ഠാനത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് അൽമാസ് ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യനും മാനേജിങ് ഡയറക്ടറുമായ ഡോ. പി.എ കബീർ വിശദീകരിക്കുന്നു

Update: 2026-02-19 09:48 GMT

മനസ്സിനെ മയപ്പെടുത്താനും ശരീരത്തെ പാകപ്പെടുത്താനുമുള്ള മാസമാണ് റമദാൻ. എന്നാൽ വ്രതാനുഷ്ഠാനം കേവലം ഒരു മതപരമായ കർമ്മം എന്നതിലുപരി ശാസ്ത്രീയമായ ഒരു 'ബോഡി സർവീസിങ്' കൂടിയാണെന്ന് നാം തിരിച്ചറിയാറുണ്ടോ? പകൽ മുഴുവൻ നീളുന്ന ഈ ഉപവാസം ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനുള്ള അതിശക്തമായൊരു വഴിയാണ്. എന്നാൽ, നോമ്പ് തുറക്കുന്ന വേളയിൽ നാം കാട്ടുന്ന അശ്രദ്ധ നമ്മുടെ ശരീരത്തിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. ആരോഗ്യകരമായ വ്രതാനുഷ്ഠാനത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് അൽമാസ് ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യനും മാനേജിങ് ഡയറക്ടറുമായ ഡോ. പി.എ കബീർ വിശദീകരിക്കുന്നു.

Advertising
Advertising

വ്രതം ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ

ഒരു മെഷീൻ പോലെ തുടർച്ചയായി പ്രവർത്തിക്കുന്ന നമ്മുടെ അവയവങ്ങൾക്ക് ലഭിക്കുന്ന വിശ്രമവേളയാണ് വ്രതം. ദീർഘനേരം ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുമ്പോൾ ശരീരം അതിന്റെ മെറ്റബോളിസം പുനഃക്രമീകരിക്കുന്നു. സാധാരണഗതിയിൽ എട്ടു മണിക്കൂർ നേരം ഉപവസിക്കുമ്പോഴാണ് ശരീരത്തിൽ ആന്തരിക ശുദ്ധീകരണം (Detoxification) ആരംഭിക്കുന്നത്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊർജം തീരുന്നതോടെ ശരീരം സംഭരിച്ചുവെച്ചിരിക്കുന്ന അമിത കൊഴുപ്പിനെയും ടോക്സിനുകളെയും ദഹിപ്പിച്ചു തുടങ്ങുന്നു. ഇത് അമിതവണ്ണം കുറയ്ക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കേവലം ശാരീരികം മാത്രമല്ല, വിശപ്പും ദാഹവും നിയന്ത്രിക്കാൻ ശീലിക്കുന്നതിലൂടെ വ്യക്തികളിൽ വലിയ രീതിയിലുള്ള മാനസിക അച്ചടക്കവും കൈവരുന്നു.

നിർജലീകരണം എങ്ങനെ തടയാം?

വേനൽക്കാലത്ത് നോമ്പെടുക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി നിർജലീകരണമാണ്. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉറപ്പുവരുത്താൻ നോമ്പ് തുറന്ന സമയം മുതൽ അത്താഴം വരെ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. ഒരു വ്യക്തി ഒരു ദിവസം ശരാശരി രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം. നോമ്പ് സമയത്ത് അമിതമായി വെയിലത്ത് ജോലി ചെയ്യുന്നതും വിയർക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്, കാരണം ഇത് ഗുരുതരമായ ശാരീരിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

നോമ്പ് തുറക്കുമ്പോൾ ജ്യൂസ് കുടിക്കാമോ?

പാനീയങ്ങളുടെ കാര്യത്തിൽ നാം വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. നോമ്പ് തുറക്കുമ്പോൾ പലരും മധുരം ചേർത്ത ഫ്രൂട്ട് ജ്യൂസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ജ്യൂസിനേക്കാൾ ഏറ്റവും ഉചിതം പഴങ്ങൾ നേരിട്ട് കഴിക്കുന്നതാണ്. ജ്യൂസ് അടിക്കുമ്പോൾ പഴങ്ങളിലെ നാരുകൾ നഷ്ടപ്പെടുകയും അമിതമായി പഞ്ചസാര ചേർക്കുകയും ചെയ്യുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. അതിനാൽ ദാഹം തീർക്കാൻ ഏറ്റവും മികച്ചത് എപ്പോഴും ശുദ്ധമായ പച്ചവെള്ളം തന്നെയാണ്. ജ്യൂസിനേക്കാൾ പഴങ്ങൾ ചവച്ചു കഴിക്കുന്നതാണ് ശരീരത്തിന് ആഗിരണം ചെയ്യാൻ കൂടുതൽ എളുപ്പമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.

അതുപോലെ ചായയുടെയും കാപ്പിയുടെയും കാര്യത്തിൽ മലയാളിക്ക് വലിയ നിർബന്ധങ്ങളുണ്ട്. സ്ഥിരമായി ചായ കുടിക്കുന്ന ശീലമുള്ളവർക്ക് അത് ലഭിക്കാതിരിക്കുന്നത് തലവേദനയ്ക്കും ക്ഷീണത്തിനും കാരണമാകാറുണ്ട്. ചായയും കാപ്പിയും പൂർണമായും ഒഴിവാക്കേണ്ടതില്ലെങ്കിലും രാത്രി ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് ഇവ കുടിക്കുന്നത് ഒഴിവാക്കണം. ഇവയിലെ കഫീൻ ഒരു സ്റ്റിമുലന്റ് ആയതുകൊണ്ട് രാത്രിയിലെ സമാധാനപരമായ ഉറക്കത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. നോമ്പ് തുറന്ന ശേഷമോ അത്താഴ സമയത്തോ മിതമായ അളവിൽ ഇവയാകാം, എങ്കിലും ശരീരത്തിൽ ജലാംശം കുറയാത്ത രീതിയിൽ ആവശ്യത്തിന് വെള്ളം കുടിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News