100 ശതമാനം വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴമാണ് സ്ട്രോബറി. പലരുടെയും പ്രിയപ്പെട്ട പഴം. എന്നാൽ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം മധുരമുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ വലിയ ആശങ്കയുണ്ടാകാറുണ്ട്. പ്രത്യേകിച്ചും ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, സ്ട്രോബെറി പോലുള്ള പഴങ്ങൾ സുരക്ഷിതമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.
പ്രമേഹരോഗികൾക്ക് സ്ട്രോബെറി മിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രമേഹസാധ്യതയുള്ളവരിൽ (Prediabetes) നടത്തിയ പഠനങ്ങൾ പ്രകാരം, സ്ട്രോബെറി ദിവസവും കഴിക്കുന്നത് ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
താഴ്ന്ന ഗ്ലൈസമിക് ഇൻഡക്സ് (Low GI)
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാത്ത ഭക്ഷണങ്ങളെയാണ് താഴ്ന്ന ഗ്ലൈസമിക് ഇൻഡക്സ് ഉള്ളവ എന്ന് വിളിക്കുന്നത്. സ്ട്രോബെറിയുടെ GI ഏകദേശം 41 ആണ്. ഇത് പ്രമേഹരോഗികൾക്ക് സുരക്ഷിതമായ അളവാണ്.
ആന്‍റിഓക്‌സിഡന്‍റുകളുടെ കലവറ
സ്ട്രോബെറിയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്തോസയാനിനുകൾ (Anthocyanins) എന്നിവ പ്രമേഹരോഗികൾക്ക് സവിശേഷമായ ഗുണങ്ങൾ നൽകുന്നു. പ്രമേഹരോഗികളിൽ സാധാരണയായി കണ്ടുവരാറുള്ള ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഈ സംയുക്തങ്ങൾ സഹായിക്കുന്നു. കൂടാതെ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബിയൽ ഗുണങ്ങളും ഇതിലുണ്ട്.
നാരുകളാൽ സമ്പന്നം
സ്ട്രോബെറിയിൽ ഉയർന്ന അളവിൽ നാരുകളും വിറ്റാമിൻ സി-യും അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികളിൽ കണ്ടുവരാറുള്ള ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും രക്തത്തിലെ ഗ്ലൂക്കോസ് നില സ്ഥിരമായി നിലനിർത്താനും ഇവ സഹായിക്കുന്നു
ഭാവിയിലെ പ്രമേഹസാധ്യത കുറയ്ക്കുന്നു
പ്രമേഹം വരാൻ സാധ്യതയുള്ളവരിൽ (Pre-diabetics) സ്ട്രോബെറി കഴിച്ചാൽ ഉണ്ടാകുന്ന ഗുണത്തെക്കുറിച്ച് ഒക്ലഹോമ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ നടത്തിയ പഠനം വളരെ നിർണായകമാണ്.ടൈപ്പ് 2 പ്രമേഹം വരാൻ സാധ്യതയുള്ള വ്യക്തികൾ സ്ഥിരമായി സ്ട്രോബെറി കഴിക്കുന്നത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം കണ്ടെത്തി.ഭക്ഷണക്രമത്തിൽ സ്ട്രോബെറി ഉൾപ്പെടുത്തുന്നത് ഭാവിയിൽ പ്രമേഹരോഗിയാകാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു.
പ്രമേഹരോഗികൾ സ്ട്രോബെറി കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ഒരു സമയം ഒരു കപ്പ് (ഏകദേശം 150 ഗ്രാം) സ്ട്രോബെറിയിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക
- സ്ട്രോബെറി തനിയെ കഴിക്കുന്നതിനേക്കാൾ നല്ലത് തൈര് നട്‌സ് അല്ലെങ്കിൽ വിത്തുകൾ (Seeds) എന്നിവയോടൊപ്പം ചേർത്ത് കഴിക്കുന്നതാണ്. ഇതിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും പഞ്ചസാര ആഗിരണം ചെയ്യപ്പെടുന്ന വേഗത കുറയ്ക്കാൻ സഹായിക്കും
- സ്ട്രോബെറി ചേർത്ത ഐസ്ക്രീമുകൾ, കേക്കുകൾ, ജാമുകൾ എന്നിവയിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. ഇത്തരം സ്ട്രോബെറി ഡെസേർട്ടുകൾ പ്രമേഹരോഗികൾ പൂർണമായും ഒഴിവാക്കണം
- സംസ്കരിച്ച സ്ട്രോബെറി ഉൽപന്നങ്ങൾക്ക് പകരം ഫ്രഷ് സ്ട്രോബെറിയോ അല്ലെങ്കിൽ മധുരം ചേർക്കാത്ത ഫ്രോസൺ സ്ട്രോബെറിയോ തെരഞ്ഞെടുക്കുക. കാനുകളിൽ ലഭിക്കുന്ന സ്ട്രോബെറിയിൽ ഷുഗർ സിറപ്പ് അടങ്ങിയിട്ടുണ്ടാകാൻ സാധ്യതയുണ്ട്.