30 വയസിനു ശേഷം നിങ്ങളുടെ അസ്ഥികൾക്ക് എന്ത് സംഭവിക്കും? ഓസ്റ്റിയോപൊറോസിസ് മുന്നറിയിപ്പുമായി ഡോക്ടർമാർ

യുവാക്കളെ കൂടുതലായി ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ഓസ്റ്റിയോപൊറോസിസ്

Update: 2025-06-11 08:31 GMT
Editor : Lissy P | By : Web Desk

പഴയ പോലെ ഓടിച്ചാടി നടക്കാൻ കഴിയാതെ വരുമ്പോഴും ഒന്നിന് പിറകെ മറ്റൊന്നായി ആരോഗ്യ പ്രശ്‌നങ്ങൾ വരുമ്പോഴുമാണ് പലരും പ്രായത്തെ കുറിച്ച് ബോധവാന്മാരാകാറുള്ളത്. ജോലിയും ജീവിതവും ഒരുമിച്ചുകൊണ്ടുപോകാനുള്ള ഓട്ടവും ജീവിതശൈലിയിലുള്ള മാറ്റവുമെല്ലാം യുവാക്കളെ വേഗത്തിൽ രോഗികളാക്കുകയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.

പ്രായമായവരിൽ മാത്രം കണ്ടുവരുന്ന രോഗമാണ് ഓസ്റ്റിയോപൊറോസിസ് എന്നാണ് പൊതുവെയുള്ള ധാരണ..എന്നാൽ അത് തെറ്റാണെന്നാണ് ഡോക്ടർമാർ പറയുന്നു. ഈ യാഥാർഥ്യം വളരെ ഗൗരവമുള്ളതും ആശങ്കാജനകവുമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Advertising
Advertising

അസ്ഥികളെ സാവധാനം ദുർബലപ്പെടുത്തുകയും അവ പൊട്ടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ഈ രോഗത്തിന്റെ പ്രധാന സവിശേഷത. അസ്ഥി പൊട്ടുന്നതുവരെ ഒരു ലക്ഷണങ്ങളും കാണിക്കാറില്ല. ഓസ്റ്റിയോപീനിയ ആദ്യ ഘട്ടമാണ്, ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഇത് ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കും. തുടക്കത്തിൽ, ക്ഷീണം, ബലഹീനത, നടുവേദന, കാൽമുട്ട് വേദന തുടങ്ങിയ ബുദ്ധിമുട്ടുകളുമായാണ് മിക്ക രോഗികളും ഡോക്ടർമാരെ സമീപിക്കുന്നത്. എന്നാൽ ചെറിയ അപകടം മൂലം അസ്ഥികൾ പൊട്ടുകയും ചെയ്യുമെന്ന്  ഡോ. ബിലാൽ തങ്ങൾ ടി.എം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.


30 വയസിനു ശേഷം നിങ്ങളുടെ അസ്ഥികൾക്ക് എന്ത് സംഭവിക്കും?

അസ്ഥിയുടെ സാന്ദ്രത കുറയുന്നതാണ് ഓസ്റ്റിയോപൊറോസിസിന് പ്രധാന കാരണം. ഇത് അസ്ഥികളുടെ ശക്തി കുറയ്ക്കുകയും ദുർബലമാക്കുകയും ചെയ്യുന്നു. ഇതുമൂലം ചെറിയൊരു വീഴ്ചയിൽ പോലും ഗുരുതരമായ ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

30 വയസ് മുതൽ  സ്ത്രീകളിലെ അസ്ഥികളുടെ സാന്ദ്രത കുറയാൻ തുടങ്ങും. 40 വയസ്സ് എത്തുമ്പോൾ, ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന കുറവ് സ്ഥിതി കൂടുതൽ വഷളാക്കും.

പ്രധാന ലക്ഷണങ്ങൾ

സാധാരണയായി 40-കളുടെ തുടക്കത്തിലോ 40-കളുടെ മധ്യത്തിലോ മാത്രമേ ഓസ്റ്റിയോപൊറോസിസ് പ്രത്യക്ഷപ്പെടുകയുള്ളൂ. സ്ഥിരമായ അസ്ഥി വേദന, കഠിനമായ നടുവേദന, ഒന്നിലധികം സന്ധി വേദന എന്നിവ ഇതിൽ ഉൾപ്പെടുന്നു. പലപ്പോഴും, ഓസ്റ്റിയോപീനിയ അല്ലെങ്കിൽ ഓസ്റ്റിയോപൊറോസിസ് ആരംഭിക്കുന്നത് തിരിച്ചറിയാൻ വൈകാറുണ്ട്.

എന്തുകൊണ്ട് സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കൂടുന്നു?

സ്ത്രീകൾ, പ്രത്യേകിച്ച് ആർത്തവവിരാമത്തിനു ശേഷമുള്ള കാലഘട്ടത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ അസ്ഥികളെ ദുർബലമാക്കുന്നു. ജനിതക ഘടകങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യമാണ് പുരുഷന്മാരിൽ രോഗം കുറക്കാനുള്ള കാരണം. ഇത് അസ്ഥിക്ഷതമുണ്ടാക്കുന്നതിൽ നിന്ന് പുരുഷന്മാർക്ക് സംരക്ഷണം നൽകുന്നുണ്ട്. അതേസമയം, 60 കളിലും 70 കളിലും, രോഗം വരാനുള്ള സാധ്യത പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമാണ്.


സ്‌ക്രീനിംഗ് പതിവായി ആവശ്യമുള്ളവര്‍

60 വയസ്സിനു മുകളിലുള്ള സ്ത്രീകൾ അല്ലെങ്കിൽ ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾക്ക് പതിവായുള്ള സ്‌ക്രീനിങ് ആവശ്യമാണ്. ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളിൽ നടക്കുന്നതിൽ ഇത് അസ്ഥി ബലഹീനതയ്ക്ക് കാരണമാകും.

സ്ഥിരമായി മദ്യപിക്കുന്നവര്‍, സ്ഥിരമായി പുകവലിക്കുന്നവര്‍

കുടുംബത്തിൽ ഓസ്റ്റിയോപൊറോസിസ് അല്ലെങ്കിൽ മറ്റ് അസ്ഥി സംബന്ധമായ രോഗങ്ങളുടെ ചരിത്രമുള്ളവര്‍

മാനസികാരോഗ്യ മരുന്നുകൾ, സ്റ്റിറോയിഡുകൾ തുടങ്ങിയവ ദീർഘകാലമായി ഉപയോഗിക്കുന്നവർ

പെട്ടന്ന് ശരീരഭാരം കുറയുകയോ ഉയരം കുറയുകയോ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാൽ

കാൽസ്യത്തിന്റെയും വിറ്റാമിൻ ഡിയുടെയും കുറവ് കൂടുതലായി അനുഭവിക്കുന്നവർ.


അസ്ഥികളെ ദുർബലപ്പെടുത്തുന്ന ചില കാരണങ്ങൾ

ജങ്ക് ഫുഡിന്റെ വർധിച്ചുവരുന്ന ഉപഭോഗം

മദ്യപാനത്തിന്റെയും പുകവലിയുടെയും അമിത ഉപയോഗം

ജോലി-ജീവിത അസന്തുലിതാവസ്ഥ

ഉറക്കക്കുറവ്

ഭക്ഷണക്കുറവ്

വിറ്റാമിൻ ഡിയുടെ അഭാവം

ഓസ്റ്റിയോപൊറോസിസ് എങ്ങനെ തടയാം?

അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കുന്ന ഭക്ഷണങ്ങളും സപ്ലിമെന്റുകളും

അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കുന്ന കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ പതിവ് ഉപഭോഗം, ധാതുക്കളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം, മരുന്നുകൾ എന്നിവ ചികിത്സയുടെ ഭാഗമാണ്.

കാൽസ്യവും വിറ്റാമിൻ ഡിയും അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യ ഘടകങ്ങളാണ്. വിറ്റാമിൻ ഡിയുടെ അഭാവം ഒരു സാധാരണ പ്രതിഭാസമാണ്. കാൽസ്യം അസ്ഥികളെ ശക്തിപ്പെടുത്തുമെങ്കിലും, വിറ്റാമിൻ ഡി ശരീരത്തിൽ അതിന്റെ സുഗമമായ ആഗിരണത്തെ സഹായിക്കുന്നു.

മുട്ട, പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ, കാൽസ്യം സപ്ലിമെന്റുകൾ എന്നിവ കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

മനുഷ്യശരീരം നേരിട്ട് സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നത്. മത്സ്യം, ചുവന്ന മാംസം, കരൾ, മുട്ടയുടെ മഞ്ഞക്കരു, പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ എന്നിവയാണ് വിറ്റാമിൻ ഡിയുടെ മറ്റ് പ്രധാന സ്രോതസ്സുകൾ.

ജീവിതശൈലി മാറ്റങ്ങൾ

പുകവലി ആരോഗ്യത്തിനും പ്രത്യേകിച്ച് അസ്ഥികളുടെ ആരോഗ്യത്തിനും ഹാനികരമാണ്. മദ്യപാനവും അതുപോലെത്തന്നെ. അതുകൊണ്ട് പുകവലിയും മദ്യപാനവും ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാണ് ഉത്തമം.

ജോലി-ജീവിത സന്തുലിതാവസ്ഥ

സുഖകരമായ ഉറക്കം, സമാധാനപരമായ ജീവിതം എന്നിവ എല്ലാവരും കൊതിക്കുന്ന ഒന്നാണ്. ഇവ രണ്ടും മനസ്സമാധാനത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഏറെ ആവശ്യമുള്ള ഒന്നാണ്.  അസ്ഥികൾക്ക് ഹാനികരമായ ആന്റീഡിപ്രസന്റുകളുടെ ഉപയോഗം ഒഴിവാക്കാൻ സഹായിക്കും.

പതിവ് വ്യായാമം

വ്യായാമങ്ങൾ അസ്ഥികളെയും  പേശികളെയും ശക്തിപ്പെടുത്തും.പെട്ടന്ന് ശരീരത്തിന് ബലക്ഷയമുണ്ടാക്കുന്നതും പെട്ടന്നുണ്ടാവുന്ന വീഴ്ചയെ തടയുകയും ചെയ്യും. ശാരീരിക ശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News