ചെവി വൃത്തിയാക്കാൻ ബഡ്‌സ് വേണ്ട; ഈ വീട്ടുവൈദ്യങ്ങള്‍ പ്രയോഗിക്കാം

കേൾവിക്കുറവ്, ചെവിയിൽ അണുബാധ തുടങ്ങിയവയൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത്

Update: 2022-10-02 15:54 GMT

ചെവിയിലെ അഴുക്ക് കളയാൻ നിങ്ങൾ എന്തൊക്കെ മാർഗങ്ങളാണ് സ്വീകരിക്കാറ്? ബഡ്‌സ്, കോഴിത്തൂവൽ, തീപ്പട്ടിക്കൊള്ളി, പിൻ, താക്കോൽ തുടങ്ങിയവ പലരും ഉപയോഗിക്കുന്നത് നിരന്തരം കാണാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അഴുക്ക് പോവില്ല എന്ന് മാത്രമല്ല ചെവിക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. അങ്ങനെ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക കേൾവിക്കുറവ്, ചെവിയിൽ അണുബാധ തുടങ്ങിയവയൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ചെവിയിൽ ഉത്പാദിപ്പിക്കുന്ന ചെവിക്കായമാണ് ചെവിക്കുള്ളിൽ ചൊറിച്ചിൽ അനുഭവപ്പെടാനുള്ള കാരണം. ഇത് അഴുക്കാണെന്നാണ് പലരുടെയും ധാരണ. ഇതൊരിക്കലും ദോഷകരമല്ല. ചെവിയുടെ സുഗമമായ പ്രവർത്തനത്തിന് ചെവിക്കായം അത്യാവശ്യമാണ്. ഇതാണ് കർണപടത്തെ സംരക്ഷിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ചെവിക്കായം കൂടുതൽ അകത്തേക്ക് നീങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ അമിതമായി ഉണ്ടാകുന്ന ചെവിക്കായം നീക്കം ചെയ്തില്ലെങ്കിൽ അത് ചെവിവേദനക്ക് കാരണമാകുകയും പിന്നീട് അണുബാധ വരെ ഉണ്ടാവുകയും ചെയ്യുന്നു. എങ്ങനെ ചെവിക്കായം ആരോഗ്യപരമായി നീക്കം ചെയ്യാം.

Advertising
Advertising

ചെവിക്കായം നീക്കം ചെയ്യാൻ ഈ മാർഗങ്ങൾ സ്വീകരിച്ചു നോക്കു


വെളിച്ചെണ്ണ

അൽപം വെളിച്ചെണ്ണയെടുത്ത് ചെറുതായൊന്ന് ചൂടാക്കുക. ഇതിൽ നിന്ന് മൂന്നോ നാലോ തുള്ളിയെടുത്ത് ചെവിയിലേക്ക് ഒഴിക്കുന്നത് കട്ടപിടിച്ചിരിക്കുന്ന ചെവിക്കായത്തെ ഉരുക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ ചെയ്ത് രാവിലെ കഴുകിക്കളയാവുന്നതാണ്.

ഒലീവ് ഓയിൽ

ചെവിയിലെ കായമകറ്റാൻ ഒലീവ് ഓയിൽ നല്ലൊരു പ്രതിവിധിയാണ്. മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലെടുത്ത് രണ്ടു ചെവികളിലും ഒഴിക്കുക. ഏകദേശം പത്ത് മിനിറ്റിനുള്ളിൽ ചെവിക്കായം മൃദുവാകുകയും പുറത്തേയ്ക്ക് ഒലിച്ചിറങ്ങുകയും ചെയ്യും.

ഉപ്പ് വെള്ളം

ചെറു ചൂടുള്ള ഉപ്പുവെള്ളമുപയോഗിച്ച് ചെറുതുള്ളികളായി ചെവിയിലേക്ക് ഒഴിച്ചു കൊടുക്കാം. പഞ്ഞിയിൽ മുക്കി ഒഴിക്കുന്നതായിരിക്കും നല്ലത്. ഇത്തരത്തിൽ ഉരുകിയ ചെവിക്കായം ഉടനെ തന്നെ പുറത്തേക്ക് ഒലിച്ചിറങ്ങും. ഇങ്ങനെ ചെയ്യുമ്പോൾ അൽപ സമയം തല ചെരിച്ചു പിടിച്ചുതന്നെ ഇരിക്കണം.

ഗ്ലിസറിൻ

ചെവിയുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങൾക്കും ഗ്ലിസറിൻ നല്ലൊരു മരുന്നാണ്. ഒരു പഞ്ഞിയിൽ അൽപം ഗ്ലിസറിൻ ഒഴിച്ച് ചെവിയുടെ  ഉള്ളിലേക്ക് വെക്കുക. അൽപനേരം കഴിഞ്ഞ് ഈ പഞ്ഞി മാറ്റുമ്പോൾ പഞ്ഞിയിൽ ചെവിക്കായം അടിഞ്ഞു കൂടിയിട്ടുണ്ടാവും.

ഹൈഡ്രജൻ പെറോക്‌സൈഡ്

ഹൈഡ്രജൻ പെറോക്‌സൈഡ് അൽപം വെള്ളത്തിൽ ചേർത്ത് യോജിപ്പിച്ച ശേഷം തുള്ളികളായി ചെവിയിലേക്ക് ഒഴിച്ചുകൊടുക്കുക. കുറച്ചു സമയം കഴിഞ്ഞ് ചെവിക്കായം പുറത്തേക്ക് വരുന്നത് കാണാം.

ബേബി ഓയിൽ

ചെവിക്കായം നീക്കാൻ ബേബി ഓയിലും ഉപയോഗിക്കാം. അൽപം ബേബി ഓയിലെടുത്ത് ചെവിയിൽ തുള്ളികളായി ഒഴിച്ചുകൊടുക്കുക. അൽപ സമയം കഴിഞ്ഞ് ചെവിക്കായം പുറത്തേക്ക് വരുന്നത് കാണാം. ഇതൊരു തുണിയോ പഞ്ഞിയോ ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കാം.

എള്ളെണ്ണ

രാത്രി കിടക്കും മുമ്പ് ഇളം ചൂടുള്ള എള്ളെണ്ണ പഞ്ഞിയിൽ മുക്കി ചെവിയിൽ അൽപം ഉള്ളിലായി വെക്കുക. രാത്രി കിടക്കുന്നതിന് മുൻപ് ഇങ്ങനെ ചെയ്ത് രാവിലെ വൃത്തിയാക്കിയെടുക്കാം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News