എന്തെങ്കിലും കഴിച്ച ഉടൻ വയറിന് എരിച്ചിലും പുകച്ചിലും ആണോ? ഈ ഭക്ഷണങ്ങളോട് ​ഗുഡ്ബൈ പറയാം...

വയറ്റിൽ എരിച്ചിലിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

Update: 2026-10-14 07:03 GMT

എന്തെങ്കിലും കഴിച്ചാലുടൻ വയറ്റിൽ എരിച്ചിലും പുകച്ചിലും അനുഭവപ്പെട്ട് ബുദ്ധിമുട്ടുന്നവരാവാം നമ്മളിൽ പലരും. ഇത് കാരണം ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടിയും വരാറുണ്ട്. ഭക്ഷണം പാകം ചെയ്യുമ്പോൾ രുചി കൂട്ടാനിടുന്ന മസാലകളോ, ചേരുവകളോ അതുമല്ലെങ്കിൽ സ്വാഭാവികമായി അസിഡിറ്റക്ക് കാരണമാകുന്ന ഭക്ഷണങ്ങളോ കഴിക്കുന്നത് വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരത്തിൽ വയറ്റിൽ എരിച്ചിലിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍

നമ്മളിൽ പലരും എരിവുള്ള ഭക്ഷണങ്ങൾ ഇഷ്ടപ്പടുന്നവരാണ്. എന്നാൽ നാവിന് രുചി കിട്ടുമെന്ന് കരുതി അസിഡിറ്റിയുള്ളവർ എരിവുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിച്ചാൽ നല്ല എട്ടിന്റെ പണി തന്നെ കിട്ടും. അമിതമായ മുളക്, കുരുമുളക്, മസാലക്കൂട്ടുകള്‍ എന്നിവ ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കാൻ കാരണമാകാറുണ്ട്. പ്രത്യേകിച്ച് ഇവ പതിവായി കഴിക്കുമ്പോഴോ രാത്രി വൈകിയോ കഴിക്കുമ്പോള്‍ എരിച്ചില്‍, ദഹനക്കേട്, ആസിഡ് റിഫ്‌ലക്സ് എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. പലരും നൈറ്റ് ക്രേവിങ്സ് വരുമ്പോൾ എരിവുള്ളത് ഏറെ വൈകി കഴിക്കാൻ ഇഷ്ടപ്പെടാറുണ്ട്. ഇത് തീർച്ചയായും മാറ്റാൻ ശ്രദ്ധിക്കണം.

Advertising
Advertising

തക്കാളി

നമ്മുടെയൊക്കെ അടുക്കളയിൽ ഏറ്റവും കൂടുതലുള്ള പച്ചക്കറിയാണ് തക്കാളി. എന്നാൽ ഈ തക്കാളി തന്നെ അസിഡിറ്റിയിൽ മുമ്പനാണെന്ന് മനസിലാക്കിയിരിക്കണം. തക്കാളിയില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് ഇതിന് കാരണം. പച്ചയ്ക്കോ പാകം ചെയ്തോ സോസ് ആയോ കഴിക്കുമ്പോള്‍, ആമാശയത്തിലെ ആസിഡ് വര്‍ധിപ്പിക്കുകയും ആഹാരക്കുഴലിന്റെ വാല്‍വ് അയഞ്ഞുപോകാന്‍ ഇടയാക്കുകയും വഴി നെഞ്ചെരിച്ചിലിന് തക്കാളി കാരണമാകും.

വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍

വീട്ടിലുണ്ടാക്കുന്നതോ നാടൻ ഭക്ഷണമോ ഇന്ന് ആർക്കും വേണ്ട. ബര്‍ഗര്‍, പിസ്സ, പാക്കറ്റ് ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് പുറകെയാണ് പലരും. എന്നാൽ ഇവയിൽ കൊഴുപ്പ് കൂടുതലും നാരുകള്‍ കുറവുമാണെന്ന് ഓർത്തിരിക്കണം. നാരുകൾ കുറവുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക വഴി ദഹനം മന്ദഗതിയിലാവുകയും ഇതുവഴി ആസിഡ് ഉത്പാദനം വര്‍ധിക്കുകയും ഇതുവഴി നെഞ്ചെരിച്ചിലിന് കാരണമാകുമെന്നും ഓർത്തിരിക്കണം. ഇവ പതിവായി കഴിക്കുന്നത് വഴി വയറു വീര്‍ക്കുക, ഗ്യാസ്, അസിഡിറ്റി എന്നിവ വരാം. ഇഷ്ടത്തോടെ കഴിച്ച് ഓടുവിൽ പണി കിട്ടാതെ സൂക്ഷിക്കണമെന്നർഥം.

ശീതളപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും

പുറത്തിറങ്ങിയാൽ ശീതളപാനീയങ്ങളെ മാത്രം ആശ്രയിക്കുന്നവരാണ് പലരും. വെയിലേറ്റ് അൽപ്പസമയം പുറത്തിറങ്ങിയാൽ ​ദാഹം മാറ്റാൻ ഇവയാണ് കുടിക്കാറുള്ളത്. എന്നാൽ ഇത് ശരീരത്തിന് അത്ര നല്ലതല്ലെന്ന് ഓർത്തിരിക്കണം. ഈ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആമാശയത്തിലെ മര്‍ദം വര്‍ധിപ്പിക്കും. ഈ മര്‍ദം ആസിഡിനെ മുകളിലേക്ക് തള്ളുകയും അതുവഴി നെഞ്ചെരിച്ചിലിനും ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്കും കാരണമാകും. കൂടാതെ ഇതിലെ വലിയ അളവിലുള്ള പഞ്ചസാരയും പ്രധാന വില്ലനാണ്. ഇത് അസിഡിറ്റിക്ക് കൂട്ടാൻ കാരണമാകും.

ചായ, കാപ്പി, എനർജി ഡ്രിങ്ക്‌സ്

ദാഹം മാറ്റാനും എനർജിക്കും എല്ലാവരുടേയും ഫേവറേറ്റ് ചായ, കാപ്പി, എനർജി ഡ്രിങ്ക്‌സ് എന്നിവ ആയിരിക്കും. ഇവ ആമാശയത്തിലെ ആസിഡ് ഉത്പാദനത്തെ കൂട്ടുമെന്ന് കൂടി അറിഞ്ഞിരിക്കണം. കഫീന്‍ ലോവര്‍ ഈസോഫേഷ്യല്‍ സ്ഫിങ്‌റ്ററിനെ അയഞ്ഞതാക്കുകയും, ആസിഡ് മുകളിലേക്ക് വരാന്‍ ഇടയാക്കുകയും ചെയ്യും. പ്രത്യേകിച്ച് ഒന്നും കഴിക്കാത്ത ഒഴിഞ്ഞ വയറ്റില്‍ ഇവ കുടിക്കുമ്പോള്‍ അസിഡിറ്റി പെട്ടെന്ന് ഉണ്ടാക്കും.

ചോക്ലേറ്റ്

ഷു​ഗർ ക്രേവിങ്സ് വന്നാൽ അധികപേർക്കും ചോക്ലേറ്റ് ആവും ഫസ്റ്റ് ഓപ്ഷൻ. എന്നാൽ ചോക്ലേറ്റില്‍ കഫീനും തിയോബ്രോമിനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആസിഡ് റിഫ്‌ലക്സ് വര്‍ധിപ്പിക്കും. കൂടാതെ വയറിനും ആഹാരക്കുഴലിനും ഇടയിലുള്ള വാല്‍വ് അയയാന്‍ കാരണമാകുന്നതിനാല്‍ ആസിഡ് മുകളിലേക്ക് കയറുകയും അതുവഴി എരിച്ചിനും ഇടയാക്കും.

കൊഴുപ്പുകൂടിയ പാലുൽപ്പന്നങ്ങൾ

കൊഴുപ്പേറിയ പാല്‍, ചീസ്, വെണ്ണ, ക്രീം എന്നിവ ചിലരില്‍ അസിഡിറ്റിക്ക് കാരണമാകാറുണ്ട്. ഉയര്‍ന്ന കൊഴുപ്പിന്റെ അളവ് ദഹനം കുറയ്ക്കുന്നതിനും ആസിഡ് അടിഞ്ഞുകൂടാനും ഇടയാക്കും. പാലുൽപ്പന്നങ്ങൾ ദഹിക്കാത്ത അവസ്ഥ ഉള്ളവരില്‍ ഇത് വയറു വീര്‍ക്കല്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാക്കാനും കാരണമായേക്കാം.

റെഡ് മീറ്റും കൊഴുപ്പുള്ള നോണ്‍ വെജ് വിഭവങ്ങളും

റെഡ് മീറ്റും കൊഴുപ്പുള്ള നോണ്‍ വെജ് വിഭവങ്ങളും ദഹിക്കാന്‍ ശരീരത്തിന് കൂടുതൽ സമയം വേണം. ഇത് ആസിഡ് സ്രവവും ആമാശയത്തിലെ മര്‍ദവും വര്‍ധിപ്പിക്കാൻ ഇടവരുത്തും. പ്രത്യേകിച്ച് വലിയ അളവിലോ രാത്രിയിലോ ഇവ കഴിക്കുമ്പോള്‍ അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഓർത്തിരിക്കണം. ശ്രദ്ധിക്കുക, വയറ്റിൽ എരിച്ചിലും പുകച്ചിലും അധികമാകുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിഹാരം തേടിയിരിക്കണം.

(ശ്രദ്ധിക്കുക: ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് എപ്പോഴും അംഗീകൃത ട്രെയിനറുടെയോ ഡോക്ടറുടെയോ ഉപദേശം തേടുക.)

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News