Writer - രാഗേന്ദു പി.ആർ
Web Journalist
വൈകി ഉറങ്ങാന്‍ കിടന്നാലും രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന ശീലക്കാരാണോ? എങ്കില്‍ ശ്രദ്ധിക്കണം. പൊതുവെ നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ വൈകി ഉറങ്ങിയതിന് ശേഷം നേരത്തെ എഴുന്നേറ്റതുകൊണ്ട് കാര്യമില്ല. ഒരു മുതിര്‍ന്ന മനുഷ്യന്‍ ഏകദേശം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. സ്ഥിരമായി വൈകി ഉറങ്ങുകയാണെങ്കില്‍ അത് ശരീരത്തിന്റെ സ്വാഭാവികമായ ജൈവികഘടികാരത്തെയും ഉറക്കചക്രത്തെയും തകരാറിലാക്കും.
ഈ ശീലം ഒരു അപകടമാകുമ്പോള്‍ ശരീരം ചില അപകടസൂചനകള്‍ നല്‍കും. നോയിഡയിലെ സൈമേറ്റ് ഹെല്‍ത്ത്‌കെയറിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റും ന്യൂറോമോഡുലേഷന്‍ വിദ്ഗധനുമായ ഡോ. സാമന്ത് ദര്‍ശി പങ്കുവെക്കുന്ന അപകട ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
അമിതമായ ക്ഷീണം: ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന് വേണ്ടത്ര വിശ്രമം ലഭിക്കില്ല. ഇത് പകല്‍ സമയങ്ങളിലെ കടുത്ത ക്ഷീണത്തിനും മടുപ്പിനും കാരണമാകും.
ഭക്ഷണത്തോടുള്ള ആര്‍ത്തി: ഉറക്കക്കുറവ് ശരീരത്തിലെ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ ദോഷകരമായി ബാധിക്കും. ഇത് എണ്ണക്കടികളും ജങ് ഫുഡും കഴിക്കാനുള്ള പ്രവണതയ്ക്ക് ഇടയാക്കും. ശരീരഭാരം കൂടാനും കാരണമാകും.
ഏകാഗ്രതക്കുറവ്: തലച്ചോറിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കിൽ അത് ഓര്‍മശക്തിയെ ബാധിക്കും. ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും. സര്‍ഗാത്മകത കുറയുന്നതും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ടും മറ്റു സൂചനകളാണ്.
മാനസികാവസ്ഥയിലെ മാറ്റങ്ങള്‍: ഉറക്കക്കുറവ് ഉത്കണ്ഠയ്ക്കും അസ്വസ്ഥതക്കും മാനസിക സമ്മര്‍ദത്തിനും അമിത ദേഷ്യത്തിനും കാരണമാകാം.
രോഗപ്രതിരോധശേഷി കുറയുക: ഉറക്കമില്ലായ്മ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മന്ദഗതിയിലാക്കും. ഇടയ്ക്കിടെ അസുഖങ്ങള്‍ വരാനും രക്തസമ്മര്‍ദത്തിനും കാരണമാകും.