രുചിയോടെ കഴിക്കും പക്ഷേ പണി കിട്ടും; ദഹിപ്പിക്കാതെ വയറിന് പണി തരുന്ന ഭക്ഷണങ്ങൾ ഇവയാണ്
ചില ഭക്ഷണങ്ങൾ പൂർണമായി ദഹിപ്പിക്കാൻ വേണ്ട ചില പ്രത്യേക എൻസൈമുകൾ നമ്മുടെ ശരീരത്തിലില്ല
നമ്മുടെ ശരീരത്തിന് എല്ലാ ഭക്ഷണവും ദഹിപ്പിക്കാൻ കഴിയില്ല. അതായത് ചില ഭക്ഷണങ്ങൾ പൂർണമായി ദഹിപ്പിക്കാൻ വേണ്ട ചില പ്രത്യേക എൻസൈമുകൾ നമ്മുടെ ശരീരത്തിലില്ല. വയറിനകത്തെ അമ്ലങ്ങളുമായും ദഹനരസങ്ങളുമായി ചേർന്ന് വിഘടിപ്പിച്ചാണ് ഭക്ഷണങ്ങളെ ശരീരം ദഹിപ്പിക്കുന്നത്. എന്തെങ്കിലും കാരണത്താൽ കഴിച്ച ഭക്ഷണം ശരിക്ക് ദഹിച്ചില്ലെങ്കിൽ നമ്മുക്കുണ്ടാകുന്ന അസ്വസ്ഥത ചില്ലറയെന്നുമല്ല. വയറുവീർക്കൽ, നെഞ്ചെരിച്ചിൽ തുടങ്ങിയവ വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ദഹനവ്യവസ്ഥയ്ക്ക് നല്ല പണി കൊടുക്കുന്ന ചില ഭക്ഷണങ്ങളുണ്ട് അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ചോളം
ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്ത ഭക്ഷണങ്ങളിൽ മുമ്പനാണ് ചോളം. ഇവയിലെ കട്ടിയുള്ള മണികളിൽ 'സെല്ലുലോസ്'കൊണ്ടുള്ള കട്ടിയുള്ളൊരു പുറംതോട് ഉണ്ട്. ഇതിനെ ദഹിപ്പിക്കാനുള്ള എൻസൈം നമ്മുടെ ശരീരം ഉണ്ടാക്കുന്നില്ല. ഇതു കാരണമാണ് ചോളം കഴിച്ചാൽ വയറു വീർക്കുന്നത് പോലെ അനുഭവപ്പെടുന്നത്.
2. പോപ്‌കോൺ
സിനിമ കാണുമ്പോഴൊക്കെ ഇഷ്ടത്തോടെ ആസ്വദിച്ച് നമ്മൾ പോപ്കോൺ കഴിക്കാറുണ്ട്. ഇവയെ ദഹിപ്പിക്കാൻ നമ്മുടെ ശരീരത്തിന് കഴിയില്ലെന്നത് മനസ്സിലാക്കിയിരിക്കണം. ചോളത്തിന്റെ മണികൾ പോലെത്തന്നെ പോപ്‌കോണിന്റെ കട്ടിയുള്ള പുറംതോടിലും സെല്ലുലോസ് ഉണ്ട്. ഇവയെ ദഹന എൻസൈമുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് ധാരാളം പോപ്‌കോൺ തിന്നുമ്പോൾ വയർ വീർക്കുന്നതും അസ്വസ്ഥത ഉണ്ടാകുന്നതും.
ബീൻസ്
ബീൻസിൽ ഒലിഗോസക്രൈഡുകൾ എന്നൊരു തരം ഷുഗർ അടങ്ങിയിട്ടുണ്ട്. ഇതിനെയും ദഹിപ്പിക്കാൻ വേണ്ട എൻസൈം നമ്മുടെ ശരീരത്തിലില്ല. ഈ ഷുഗർ വൻകുടലിൽ എത്തുമ്പോൾ അവിടുത്തെ ബാക്ടീരിയകൾ ഇതിനെ പുളിപ്പിക്കാൻ തുടങ്ങും. അതുകൊണ്ടാണ് ഒരു ബൗൾ ബീൻസ് കഴിച്ചാൽ പിന്നെ നല്ലപോലെ ഗ്യാസ് ഉണ്ടാകുന്നത്.
പരിപ്പ്
ചോളവും പോപ്‌കോണും പോലെത്തന്നെയാണ് പരിപ്പും. ചെറുകുടലിന് ഇതിലെ ഘടകങ്ങളെ സ്വന്തമായി ദഹിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് വയറിന് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ പാകം ചെയ്യുന്നതിന് മുമ്പ് പരിപ്പ് വെള്ളത്തിലിട്ട് കുതിർത്തു വെച്ചാൽ ഈ അസ്വസ്ഥത ഒരുപരിധി വരെ നിയന്ത്രിക്കാൻ സാധിക്കും.
കടല
പോഷകങ്ങളാൽ സമ്പന്നമാണ് കടല. പ്രഭാത ഭക്ഷണങ്ങളിൽ കടല നാം കൂടുതൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ബീൻസിലും പരിപ്പിലും ഉള്ള അതേ ഷുഗർ കടലയിലുമുണ്ട്. എന്നാൽ, കുറച്ചധികം നേരം വേവിച്ചോ അല്ലെങ്കിൽ ജീരകം ഒക്കെ ചേർത്ത് പാകം ചെയ്തോ കഴിച്ചാൽ വയർ വീർക്കുന്നത് തടയാൻ സാധിക്കും.
മുളപ്പിച്ച പയർ
പ്രോട്ടീന്റെ കലവറയാണ് മുളപ്പിച്ച പയർ. വെജിറ്റേറിയൻസിന് കഴിക്കാൻ മികച്ചതും സോഫ്റ്റുമാണിത്. എന്നാൽ ഇതിന്റെ തണ്ടുകളിൽ ശരീരത്തിന് ദഹിപ്പിക്കാൻ പറ്റാത്ത തരം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ വയറിന് പണികിട്ടാതിരിക്കാൻ ഇവ കുറച്ചധികം നേരം വേവിച്ച്, നന്നായി ചവച്ചരച്ച് മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.
ആപ്പിളിന്റെ തൊലി
ആളിന്റെ ഉള്ളിലെ ഭാഗം എളുപ്പത്തിൽ ദഹിപ്പിക്കാൻ സാധിക്കുന്നവയാണ്. എന്നാൽ ഇവയുടെ തൊലിയെ പെട്ടന്ന് ശരീരത്തിന് ദഹിപ്പിക്കാൻ സാധിക്കില്ല. ഇതിൽ ഇൻസോളുബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതുകാരണം ദഹനം ബുദ്ധിമുട്ടായേക്കാം. അതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ ആപ്പിളിന്റെ തൊലി ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലതാണ്.
ഈന്തപ്പഴം, പുളിപ്പിച്ച അച്ചാറുകൾ, ഗ്രീക്ക് യോഗർട്ട്, തണ്ണിമത്തൻ, നാരങ്ങ, ബെറി പഴങ്ങൾ എന്നിവ വയർ കമ്പനമോ ഗ്യാസോ മറ്റോ ഉണ്ടാകാതെ ദഹനം സുഗമമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.