ആരെങ്കിലും പുകഴ്ത്തുമ്പോൾ നാണവും അസ്വസ്ഥതയും തോന്നാറുണ്ടോ? ഇതിനു പിന്നിൽ ചില കാരണങ്ങളുണ്ട്
അഭിനന്ദനം ലഭിക്കുമ്പോൾ ഉടൻ അതിനെ നിഷേധിക്കുകയോ സ്വന്തം കുറവുകൾ എടുത്തുപറയുകയോ ചെയ്യുന്നതിനുപകരം ലളിതമായി ‘നന്ദി’ എന്നു പറയാൻ ശ്രമിക്കാം
ഒരാൾ നമ്മുടെ മുടിയെ മനോഹരമെന്ന് പ്രശംസിക്കുന്നു. ഉടൻ മറുപടി വരുന്നു: ‘രണ്ട് ദിവസമായി മുടി കഴുകിയിട്ടില്ല!’ അഭിനന്ദനത്തിന് നന്ദി പറയുന്നതിനുപകരം സ്വന്തം കുറവുകൾ എടുത്തുപറയുകയോ തമാശ പറഞ്ഞ് വിഷയം മാറ്റുകയോ ചെയ്യുന്നവരാണ് പലരും.
വിനയത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെങ്കിലും, അഭിനന്ദനങ്ങൾ സ്വീകരിക്കുമ്പോൾ അനുഭവപ്പെടുന്ന അസ്വസ്ഥതയ്ക്ക് പിന്നിൽ പല മാനസിക കാരണങ്ങളുമുണ്ടെന്ന് സൈക്കോതെറാപ്പിസ്റ്റ് ഡോ. ചാന്ദ്‌നി തുഗ്നൈറ്റ് പറയുന്നു.
അഭിനന്ദനങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നതിന് പിന്നിലെ മനഃശാസ്ത്രം എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം
1. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നതിലുള്ള അസ്വസ്ഥത
ഒരാൾ അഭിനന്ദിക്കുമ്പോൾ സ്വാഭാവികമായും ശ്രദ്ധ നമ്മുടെ നേർക്കെത്തുന്നു. മറ്റുള്ളവർ തന്നെ വിലയിരുത്തുന്നതായി തോന്നുന്നത് ചിലരിൽ അസ്വസ്ഥതയുണ്ടാക്കാം. പ്രത്യേകിച്ച് അധികം ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കാത്തവർക്ക് അഭിനന്ദനം ലഭിക്കുന്നത് അപ്രതീക്ഷിതമായി മറ്റുള്ളവരുടെ ശ്രദ്ധ തങ്ങളിലേക്ക് എത്തിയ ഫീലിംഗ് ഉണ്ടാക്കാം.
ഇത്തരം സാഹചര്യങ്ങളിൽ നാണത്തോടെ ചിരിക്കുക, തമാശ പറയുക, വിഷയം മാറ്റുക തുടങ്ങിയ പ്രതികരണങ്ങൾ ഉണ്ടാകാം. മറ്റുള്ളവരുടെ ശ്രദ്ധയിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ചെറിയ ശ്രമങ്ങളാണിവ.
2. പഴയ അനുഭവങ്ങൾ പ്രശംസ സ്വീകരിക്കുന്നതിനെ ബാധിക്കാം
കുട്ടിക്കാലത്ത് വീട്ടിൽനിന്നോ സ്കൂളിൽനിന്നോ അഭിനന്ദനങ്ങൾ ലഭിക്കാതിരിക്കുക, നേട്ടങ്ങളുടെ പേരിൽ മാത്രം പ്രശംസിക്കപ്പെടുക, അഭിനന്ദനത്തിന് പിന്നാലെ വിമർശനം നേരിടുക തുടങ്ങിയ അനുഭവങ്ങൾ പിന്നീട് പ്രശംസ സ്വീകരിക്കുന്ന രീതിയെ സ്വാധീനിച്ചേക്കാം.
മുതിർന്നശേഷം ഒരാൾ ആത്മാർഥമായി അഭിനന്ദിച്ചാലും, ‘ഇതിനു പിന്നിൽ എന്തെങ്കിലും കാര്യമുണ്ടോ?’ എന്ന സംശയം മനസിൽ തോന്നാം. പഴയ അനുഭവങ്ങളിൽ നിന്ന് രൂപപ്പെടുന്ന ഇത്തരം പ്രതികരണങ്ങൾ പലപ്പോഴും ചിന്തിച്ചുറപ്പിക്കുന്നതിന് മുമ്പുതന്നെ ഉണ്ടാകുന്നതാണെന്ന് ഡോ. ചാന്ദ്‌നി വിശദീകരിക്കുന്നു.
3. പൊതുവായ അഭിനന്ദനങ്ങൾ ആത്മാർഥമല്ലെന്ന് തോന്നാം
‘നിങ്ങൾ അടിപൊളിയാണ്’, ‘നിങ്ങൾ വളരെ മികച്ചയാളാണ്’ എന്നിങ്ങനെയുള്ള പൊതുവായ അഭിനന്ദനങ്ങൾ ചിലർക്ക് അതിശയോക്തിയായി തോന്നാം. സ്വന്തം കഴിവുകളെക്കുറിച്ചുള്ള ധാരണയുമായി ഇത്തരം വാക്കുകൾ പൊരുത്തപ്പെടാത്തതാണ് ഇതിന് കാരണം.
എന്നാൽ, ഒരു പ്രയാസകരമായ സാഹചര്യത്തിൽ ശാന്തതയോടെ ഇടപെട്ടതിനെക്കുറിച്ചോ ഒരു ജോലി മികച്ച രീതിയിൽ പൂർത്തിയാക്കിയതിനെക്കുറിച്ചോ ഉള്ള കൃത്യമായ അഭിനന്ദനങ്ങൾ സ്വീകരിക്കാൻ എളുപ്പമാണ്. സ്വന്തം അനുഭവങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്നതാണ് ഇതിനു പിന്നിലെ കാരണം.
4. അഭിനന്ദനത്തിന്റെ സ്വാധീനം നൽകുന്നയാൾ തിരിച്ചറിയണമെന്നില്ല
ഒരാൾക്ക് അഭിനന്ദനം നൽകുന്നത് ചെറിയൊരു കാര്യമായിരിക്കാം. എന്നാൽ അത് സ്വീകരിക്കുന്ന വ്യക്തിക്ക് ആ വാക്കുകൾ വലിയ സന്തോഷം നൽകുകയും ദീർഘകാലം ഓർമയിൽ നിൽക്കുകയും ചെയ്യാം.അഭിനന്ദനം സ്വീകരിക്കുമ്പോഴുള്ള അസ്വസ്ഥത, അത് നൽകിയ വ്യക്തിയുടെ ആത്മാർഥതയെക്കുറിച്ചുള്ള സൂചനയാകണമെന്നില്ല. പലപ്പോഴും നമ്മുടെ ഉള്ളിലെ സംശയങ്ങളും സ്വയം വിലയിരുത്തുന്ന രീതിയുമാണ് അതിന് പിന്നിൽ.
അഭിനന്ദനങ്ങൾ സ്വീകരിക്കാൻ എന്തുചെയ്യണം?
അഭിനന്ദനം ലഭിക്കുമ്പോൾ ഉടൻ അതിനെ നിഷേധിക്കുകയോ സ്വന്തം കുറവുകൾ എടുത്തുപറയുകയോ ചെയ്യുന്നതിനുപകരം ലളിതമായി ‘നന്ദി’ എന്നു പറയാൻ ശ്രമിക്കാം.ആദ്യമൊക്കെ ഇത് അസ്വാഭാവികമായി തോന്നിയേക്കാം. എങ്കിലും, അഭിനന്ദനത്തെ തിരുത്താതെ സ്വീകരിക്കാൻ സ്വയം അനുവദിക്കുന്നത് നല്ലൊരു തുടക്കമാണ്. ഓരോ തവണയും പൂർണമായും സ്വസ്ഥത അനുഭവിക്കണമെന്നില്ല. എന്നാൽ മറ്റൊരാളുടെ നല്ല വാക്കുകൾ സ്വയം ചെറുതാക്കാതെ സ്വീകരിക്കാൻ പരിശീലിക്കാമെന്നും ഡോ. ചാന്ദ്‌നി വ്യക്തമാക്കുന്നു.