‘ലവ് ബോംബിങ്’ എന്ന കെണി! ‘നീയാണ് എന്റെ ലോകം’ എന്ന് പറയും; പക്ഷേ സ്നേഹമല്ല, ചതിക്കുഴിയാകാം

സ്വപ്നലോകത്തെ ജീവിതം കയ്യിൽ കിട്ടിയെന്ന് തോന്നിപ്പിക്കുക, മനസ്സിന്റെ നിയന്ത്രണം നഷ്ടമാവുക ഇതെല്ലാം യഥാർഥ സ്നേഹത്തിന്റെ അടയാളങ്ങളാണോ?

Update: 2026-10-11 10:02 GMT

പുതിയൊരു ബന്ധത്തിൽ അമിതമായ സ്നേഹവും കരുതലും ലഭിക്കുന്നത് സന്തോഷകരമായി തോന്നാം. നിരന്തരം മെസേജുകൾ അയയ്ക്കുക, വിലകൂടിയ സമ്മാനങ്ങൾ നൽകുക, ‘നീയാണ് എന്റെ എല്ലാം’ എന്ന് പറയുക, പരിചയപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ വിവാഹത്തെക്കുറിച്ച് സംസാരിക്കുക...

സ്വപ്നലോകത്തെ ജീവിതം കയ്യിൽ കിട്ടിയെന്ന് തോന്നിപ്പിക്കുക, മനസ്സിന്റെ നിയന്ത്രണം നഷ്ടമാവുക ഇതെല്ലാം യഥാർഥ സ്നേഹത്തിന്റെ അടയാളങ്ങളാണോ? ചില സാഹചര്യങ്ങളിൽ ഇത് ലവ് ബോംബിങ്ങിന്റെ ഭാഗമായിരിക്കാം. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും സംഭവം അത്ര നിസ്സാരക്കാരനല്ലയെന്നാണ് വിദഗ്ധർ പറയുന്നത്. സൈലന്റ് കില്ലർ ആയി മനുഷ്യനെ ആഴത്തിൽ മുറിവേൽപ്പിക്കാൻ ഇതിന് സാധിക്കും.

Advertising
Advertising

എന്താണ് ലവ് ബോംബിങ്?

ഒരാൾക്ക് അമിതമായ ശ്രദ്ധയും സ്നേഹവും പ്രശംസയും നൽകി വൈകാരികമായി അടുപ്പിച്ച ശേഷം ആ ബന്ധം ഉപയോഗിച്ച് അവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന രീതിയെയാണ് ലവ് ബോംബിങ് എന്നു പറയുന്നത്.

തുടക്കത്തിൽ പൂക്കളും സമ്മാനങ്ങളും നീണ്ട ഫോൺവിളികളും സ്നേഹപ്രകടനങ്ങളുമുണ്ടാകാം. എന്നാൽ നിയന്ത്രിക്കാനാകാത്ത ഇമോഷണൽ അറ്റാച്ച്മെന്റ് സൃഷ്ടിച്ചശേഷം, ഇരയെ നിരന്തരമായി വിമർശിക്കുകയും കുറ്റപ്പെടുത്തുകയും അവഗണിക്കുന്നതുമാണ് ലവ് ബോംബറുടെ പ്രധാന രീതി.

എങ്ങനെ തിരിച്ചറിയാം? ലവ് ബോംബിങ് തിരിച്ചറിയാൻ 4 ലക്ഷണങ്ങൾ

1. ബന്ധം വളരെ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നു

പരിചയപ്പെട്ട് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ‘ഐ ലവ് യു’ പറയുക, നിങ്ങളാണ് ജീവിതപങ്കാളിയെന്ന് പ്രഖ്യാപിക്കുക, ഒരുമിച്ചുള്ള ഭാവിയെക്കുറിച്ച് വലിയ പദ്ധതികൾ തയ്യാറാക്കുക എന്നിവ അമിതമായ വേഗത്തിലുള്ള അടുപ്പത്തിന്റെ സൂചനകളാകാം. ആരോഗ്യകരമായ ബന്ധത്തിൽ പരസ്പരം മനസിലാക്കാൻ ആവശ്യമായ സമയം ആവശ്യമാണ്.

2. സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റാൻ ശ്രമിക്കുക

‘നിനക്ക് ഞാനുണ്ടല്ലോ, പിന്നെ സുഹൃത്തുക്കളുടെ ആവശ്യമെന്താണ്?’ എന്ന തരത്തിലുള്ള വാക്കുകളിലൂടെ നിങ്ങളുടെ അടുത്ത ബന്ധങ്ങളിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നുണ്ടോ? ക്രമേണ നിങ്ങളുടെ സോഷ്യൽ സർക്കിളിൽ നിന്നും നിങ്ങളെ അകറ്റി പങ്കാളിയെ മാത്രം ആശ്രയിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണമാണ്.

3. സമ്മാനങ്ങളും പ്രശംസകളും കൊണ്ട് മൂടുന്നു

നിങ്ങളുടെ ഇഷ്ടങ്ങൾ മനസിലാക്കി വിലകൂടിയ സമ്മാനങ്ങൾ നൽകുക, നിരന്തരം പുകഴ്ത്തുക, നിങ്ങളെ മറ്റാരെക്കാളും പ്രത്യേകതയുള്ള വ്യക്തിയായി അവതരിപ്പിക്കുക എന്നിവ തുടക്കത്തിൽ സന്തോഷം നൽകാം. എന്നാൽ പിന്നീട് ഈ സമ്മാനങ്ങൾ ചൂണ്ടിക്കാട്ടി നിങ്ങളിൽ നിന്ന് തിരിച്ചുപകരം ആവശ്യപ്പെടുകയോ കുറ്റബോധം സൃഷ്ടിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ജാഗ്രത വേണം.

4. നിങ്ങളുടെ വ്യക്തിപരമായ അതിരുകളെ മാനിക്കുന്നില്ല

നിങ്ങൾ ‘വേണ്ട’ എന്ന് പറഞ്ഞിട്ടും സമ്മർദം ചെലുത്തുക, സ്വകാര്യതയിലേക്ക് കടന്നുകയറുക, നിങ്ങളുടെ തീരുമാനങ്ങളെ അവഗണിക്കുക എന്നിവയെ ‘നിന്നോടുള്ള കരുതൽ’ എന്ന് ന്യായീകരിക്കുന്നുണ്ടോ? യഥാർഥ സ്നേഹം നിങ്ങളുടെ സമ്മതത്തെയും വ്യക്തിപരമായ ഇടത്തെയും മാനിക്കുന്നതാണ്.

എന്തുകൊണ്ടാണ്  ലവ് ബോംബിങ് അപകടമാകുന്നത്?

ചില ബന്ധങ്ങളിൽ അമിതമായ സ്നേഹപ്രകടനങ്ങൾക്ക് പിന്നാലെ വൈകാരിക പീഡനമോ ഗാസ്‌ലൈറ്റിങ്ങോ ഉണ്ടാകാം. ഗാസ്‌ലൈറ്റിങ് എന്നത് ഒരാളുടെ സ്വന്തം ഓർമകളെയും ധാരണകളെയും തീരുമാനങ്ങളെയും സംശയിക്കാൻ ഇടയാക്കുന്ന പെരുമാറ്റമാണ്. പങ്കാളിയുടെ കുറ്റപ്പെടുത്തലുകൾ കാരണം ‘എന്റെ ഭാഗത്താണോ തെറ്റ്?’ എന്ന് നിരന്തരം ചിന്തിക്കേണ്ടിവരുന്ന സാഹചര്യം ഇതിന്റെ ഭാഗമായേക്കാം.

എന്നാൽ അമിതമായ സ്നേഹപ്രകടനം മാത്രം ഒരാൾ ലവ് ബോംബിങ് നടത്തുകയാണെന്ന് ഉറപ്പിക്കുന്നില്ല. മറ്റൊരാളുടെ അതിരുകളോടുള്ള സമീപനം, നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ, പെരുമാറ്റത്തിലെ ആവർത്തിച്ചുള്ള മാറ്റങ്ങൾ എന്നിവ കൂടി ശ്രദ്ധിക്കണം.

ലവ് ബോംബിങ് അനുഭവപ്പെടുന്നുണ്ടെങ്കിൽ എന്തുചെയ്യണം?

പ്രണയ ബന്ധത്തിന് സമയം നൽകുക. തീരുമാനങ്ങളെടുക്കാൻ തിരക്കുകൂട്ടരുത്. പരസ്പരം മനസിലാക്കാൻ സമയം അനുവദിക്കുക.നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങൾ തുറന്നുപറയുക. നിങ്ങളുടെ ‘വേണ്ട’ എന്ന മറുപടി മാനിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം കേൾക്കുക. ബന്ധത്തിന് പുറത്തുള്ളവരുടെ കാഴ്ചപ്പാട് ചില കാര്യങ്ങൾ തിരിച്ചറിയാൻ സഹായിച്ചേക്കാം.

നിങ്ങളുടെ സൗഹൃദങ്ങളും കുടുംബബന്ധങ്ങളും വ്യക്തിപരമായ തീരുമാനങ്ങളും നിലനിർത്തുക. ആരോഗ്യകരമായ സ്നേഹം പരസ്പര ബഹുമാനം, വിശ്വാസം, സുരക്ഷിതത്വം, സ്വാതന്ത്ര്യം എന്നിവയിലാണ് വളരുന്നത്. തുടക്കം മുതൽ തന്നെ ഒരു ബന്ധം അമിതമായി തീവ്രവും സമ്മർദം നിറഞ്ഞതുമായി തോന്നുന്നുവെങ്കിൽ, അൽപം മാറി നിന്ന് സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News