വേനലിൽ വാടാതിരിക്കാൻ ചെയ്യേണ്ടതെല്ലാം

വേനൽക്കാലം അസുഖ കാലമാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Update: 2023-03-27 07:18 GMT
Advertising

തീവ്രമായ ചൂട് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം പോലുള്ള രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവർ എന്നിവരെയാണ് ഇതു കൂടുതലായി ബാധിക്കുന്നത്. അമിത വിയർപ്പുമൂലം ശരീരത്തിലെ ജലാംശം പെട്ടെന്നു കുറയുന്നു. നിർജലീകരണം കൂടുമ്പോൾ ശരീരത്തിൽ പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും അളവു കുറയും.

വേനല്‍ക്കാലം ആരോഗ്യത്തിന് പ്രതികൂലമായ കാലാവസ്ഥയായതിനാല്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പല അസുഖങ്ങളും പിടിപെടുന്നു. അതിനാല്‍ ആരോഗ്യസംരക്ഷണത്തിന് വേനല്‍ക്കാലത്ത് പ്രാധാന്യം നല്‍കേണ്ടതാണ്. അതേസമയം ആരോഗ്യകാര്യത്തിൽ ‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികളും വ്യാപകമായി പടരുന്നു.

വേനൽകാല രോഗങ്ങൾ എന്തെല്ലാം?


സൂര്യാഘാതം:

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയെ ആണ് സൂര്യാഘാതം എന്നു പറയുന്നത്.

പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ യാതൊരു കാരണവശാലും പൊട്ടിക്കാന്‍ പാടില്ല.

വയറിളക്ക രോഗങ്ങൾ:

ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ്, മഞ്ഞപിത്തം എന്നീ രോഗങ്ങൾ വരാം. ശുദ്ധജലത്തിന്റെ ലഭ്യതയില്ലായ്മയും വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ട് ഭക്ഷണത്തിൽ അണുബാധ ഉണ്ടാകുന്നു.

ചിക്കൻ പോക്സ് :

ഹെര്‍പ്പിസ്‌വൈറസ്‌ കുടുംബത്തില്‍പ്പെട്ട വെരിസെല്ലസോസ്റ്റര്‍ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗാണുശരീരത്തില്‍ പ്രവേശിച്ച് പത്തു മുതല്‍ ഇരുപത്തിയൊന്ന് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു . പനി, ജല ദോഷം, ക്ഷീണം, അതികഠിനമായശരീരവേദന എന്നിവയാണ്‌രോഗലക്ഷണങ്ങള്‍.

ചെങ്കണ്ണ് :

നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ്‌ രോഗകാരണം. കണ്ണിന് ചുവപ്പ് നിറം, കണ്ണില്‍ പീളകെട്ടല്‍, ചൊറിച്ചില്‍, വേദന, കണ്ണില്‍ നിന്ന്‌ വെള്ളം വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.രോഗിയുടെ ശ്രവങ്ങൾ കൈകളിൽ പറ്റുകയും പിന്നീട് നമ്മുടെ കൈകളിൽ നിന്ന് കണ്ണിൽ എത്തുകയും ചെയ്യുമ്പോൾ രോഗം പിടിപെടുന്നു.

ചൂടുകുരു, ചർമ്മത്തിൽ ചുവപ്പ്:

വെയിൽ കൊള്ളുമ്പോൾ ചർമ്മത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. തൊലി കൂടുതൽ പൊള്ളുന്നതനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്.

കണ്ണിനു ചുറ്റും ചുട്ടുനീറ്റൽ, മോണ രോഗങ്ങൾ, വയറെരിച്ചിൽ, മൂത്രച്ചൂട്, മൂത്രത്തിൽ പഴുപ്പ് എന്നിവ വേനൽക്കാലത്ത് അധികരിക്കും.സ്ത്രീകളിൽ യോനീരോഗങ്ങളും വെള്ളപോക്കും ഈ സമയത്ത് അധികമാകും.

വേനൽകാലത്തെ ഭക്ഷണക്രമം:

രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടതും വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക എന്നത്.

- വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇതിനായി വിറ്റാമിന് സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൾ ഉൾപ്പെടുത്തണം. പപ്പായ, തക്കാളി,കിവി,നെല്ലിക്ക,പൈനാപ്പിൾ,നാരങ്ങ,സ്ട്രോബെറി, ഉരുളകിഴങ്ങ് തുടങ്ങിയവിലെ വിറ്റാമിൻ സി ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

- കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.

- കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം തുടങ്ങിയവ സോഡിയത്തിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും.

- വെള്ളമടങ്ങിയ ഭക്ഷണങ്ങൾ കുക്കുംബർ, തണ്ണിമത്തൻ തുടങ്ങിയവ ഉൾപെടുത്തുക.

- നോൺവെജ്, വറുത്ത ആഹാരങ്ങൾ ഒഴിവാക്കുക.

- കൃത്രിമ മധുരം ചേർത്ത സോഡ പോലെയുള്ള പാനീയങ്ങൾ ഒഴിവാക്കുക. ഇവ ശരീരത്തിലെ ജലംശം കുറയ്ക്കും.

- ചക്ക, മാങ്ങ തുടങ്ങിയവ കഴിക്കാവുന്നതാണ്.

- പാകം ചെയ്ത ആഹാരം ചൂടാറാതെ കഴിക്കാൻ ശ്രമിക്കുക.

മറ്റു പ്രതിരോധ മാർഗങ്ങൾ:

- കട്ടി കൂടിയ വസ്ത്രങ്ങൾ ഒഴിവാക്കി ഇളം നിറമുള്ള അയഞ്ഞതും പരുത്തി കൊണ്ടോ സോഫ്റ്റ് കോട്ടൺ കൊണ്ടോ ഉള്ള വസ്ത്രങ്ങൾ ധരിക്കാം.

- വെയിലിന്റെ കാഠിന്യം കൂടുതലുള്ള 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് കഴിവതും പുറത്ത് ഇറങ്ങാതിരിക്കുക.

- കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടാതിരിക്കുക.

- കുട്ടികള്‍ ഇറുകിയ നൈലോണ്‍ വസ്ത്രങ്ങളുപയോഗിക്കുന്നതൊഴിവാക്കണം.

- വീടിനകത്തെ വായുസഞ്ചാരം ഉറപ്പുവരുത്തുക.

- വാഹനങ്ങൾ വെയിലത്ത് പാർക്ക് ചെയ്തു പോവുമ്പോൾ അതിൽ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക.

- പരിസരശുചിത്വവും ശരീരശുചിത്വവും പാലിക്കുക,

- തിളപ്പിച്ചാറ്റിയ വെള്ളംകുടിക്കുക

- ആഹാരസാധനങ്ങള്‍ വൃത്തിയായിസൂക്ഷിക്കുക.

- ധാരാളം വെള്ളം കുടിക്കുക. ശുദ്ദജലം ആണെന്ന് ഉറപ്പ് വരുത്തുക.

- പുറത്ത് ഇറങ്ങുബോൾ സൺ സ്ക്രീൻ ഉപയോഗിക്കുക.

- തൊപ്പി, അൾട്രാവയലറ്റ് കോട്ടിങ് ഉള്ള കുട,സണ്‍ ഗ്ലാസ്സുകള്‍ എന്നിവ കയ്യിൽ കരുതുക.

- ദിവസേന രണ്ടുതവണ കുളിയ്ക്കുക.

- പ്ലാസ്റ്റിക് ഷീറ്റ്റുകളിൽ കുട്ടികളെ കിടത്താതിരിക്കുക.

- പുറത്ത് ഇറങ്ങുമ്പോൾ ഒരു കുപ്പി വെള്ളവും കയ്യിൽ കരുതുക.

വേനൽകാലം അസുഖങ്ങളുടെ കാലമാവാതിരിക്കാൻ നമുക്ക് ആരോഗ്യം സംരക്ഷിക്കാം.

Tags:    

Writer - André

contributor

Editor - André

contributor

By - ഡോ. നസ്നീം സലീം

ഡോ. ബാസിൽസ് ഹോമിയോപതിക് ഹോസ്പിറ്റൽ പാണ്ടിക്കാട്, മലപ്പുറം

മലപ്പുറം പാണ്ടിക്കാട് ഡോ. ബാസിൽസ് ഹോമിയോപതിക് ഹോസ്പിറ്റലിൽ ഡോക്ടർ

Similar News