ചോറിനൊപ്പം നൂറുകൂട്ടം കറികളുണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഇത്തിരി അച്ചാറില്ലെങ്കിൽ ഊണ് പൂര്‍ണമാകില്ല മലയാളിക്ക്. ചെറുനാരങ്ങ, മാങ്ങ, വെളുത്തുള്ളി, ബീഫ്, മീൻ തുടങ്ങി നമ്മൾ മലയാളികൾ അച്ചാറിടാത്തതായി ഒന്നുമില്ല. വെറുമൊര സൈഡ് ഡിഷ് എന്നതിലുപരി ഓര്‍മകളെ തൊട്ടുണര്‍ത്തുന്നതാണ് പലര്‍ക്കും അച്ചാറുകൾ. വീട്ടിൽ നിന്നും മാറി നിൽക്കുന്നവര്‍ക്കാണെങ്കിൽ വീടിനെക്കുറിച്ചുള്ള ഓര്‍മകളാണ് ഓരോ അച്ചാറുകുപ്പികളും സമ്മാനിക്കുന്നത്.
എണ്ണ, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, വിനാഗിരി തുടങ്ങിയ പ്രകൃതിദത്ത പ്രിസർവേറ്റീവുകളുടെ സാന്നിധ്യമാണ് ഇന്ത്യൻ അച്ചാറുകൾ നാളുകളോളം കേടുകൂടാതിരിക്കാൻ കാരണം. ഇവ രുചി വർധിപ്പിക്കുക മാത്രമല്ല, അച്ചാർ കേടാകാതെ ഇരിക്കാനും സഹായിക്കുന്നു. തലമുറകളായി കൈമാറിവരുന്ന പാചകക്കുറിപ്പുകൾ ഉപയോഗിച്ച് പല കുടുംബങ്ങളും ഇപ്പോഴും വീട്ടിൽ അച്ചാറുകൾ ഉണ്ടാക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇവ പൂപ്പൽ കയറി ഉപയോഗശൂന്യമാകാറുണ്ട്. ചില ടിപ്സുകൾ പരീക്ഷിച്ചാൽ അച്ചാറുകൾ വളരെ നാൾ കേടുകൂടാതെ ഇരിക്കും
1. ശരിയായ കണ്ടെയ്നർ ഉപയോഗിക്കുക
അച്ചാര്‍ സൂക്ഷിക്കാൻ ഗ്ലാസ് പാത്രങ്ങളോ സെറാമിക് പാത്രങ്ങളോ ആണ് ഏറ്റവും അനുയോജ്യം. കാരണം അവ അസിഡിറ്റി ഉള്ള ചേരുവകളുമായി പ്രതിപ്രവർത്തിക്കുന്നില്ല.രുചി കുറയാതെ കേടുകൂടാതെ ഇരിക്കാനും സഹായിക്കുന്നു. ദീർഘകാല സംഭരണത്തിനായി പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹ പാത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
2. തണുത്തതും ഈര്‍പ്പമില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക
നേരിട്ടുള്ള സൂര്യപ്രകാശം, ചൂട് എന്നിവ ഏൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക. അടുക്കളയിലെ ഷെൽഷുകൾ തന്നെയാണ് ഏറ്റവും അനുയോജ്യം. അധിക ചൂടോ തണുപ്പോ പാടില്ല.
3. ആവശ്യമുള്ളപ്പോൾ ഫ്രിഡ്ജിൽ വയ്ക്കുക
എണ്ണയോ ഉപ്പോ കുറവുള്ള അച്ചാറുകൾ കൂടുതൽ നേരം ഫ്രഷ് ആയി ഇരിക്കാൻ റഫ്രിജറേറ്റർ ആവശ്യമായി വന്നേക്കാം. രുചിയിൽ മാറ്റം വരുമെങ്കിലും പതിയെ ആയിരിക്കും കേടാകുന്നത്.
4. പതിവായി കുപ്പി തുറന്നുനോക്കുക
എല്ലാ ദിവസവും അച്ചാര്‍ സൂക്ഷിക്കുന്ന കുപ്പി തുറന്നുനോക്കുന്നത് നല്ലതായിരിക്കും. പൂപ്പലോ ദുര്‍ഗന്ധമോ ഉണ്ടെങ്കിൽ പിന്നീട് ഉപയോഗിക്കരുത്.
5. അച്ചാര്‍ സൂക്ഷിക്കാൻ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ പാത്രങ്ങൾ ഉപയോഗികുക. അതുപോലെ അത് വിളമ്പാൻ ഉപയോഗിക്കുന്ന സ്പൂണുകളും വൃത്തിയുള്ളതായിരിക്കണം. അച്ചാറിൽ വെള്ളം ചേര്‍ക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഈർപ്പം കേടാകാൻ കാരണമാകും. ഇന്ത്യൻ അച്ചാറുകൾ ശരിയായി തയ്യാറാക്കി സൂക്ഷിച്ചാൽ മാസങ്ങളോ വർഷങ്ങളോ പോലും കേടുകൂടാതെയിരിക്കും.