ആധുനിക കാലത്തെ ആരോഗ്യ സംരക്ഷണ വിപണിയിൽ ഏറ്റവുമധികം വിപണനം ചെയ്യപ്പെടുന്ന ഒന്നാണ് 'ചിയാ സീഡ്സ്'. പ്രാചീന ലാറ്റിൻ അമേരിക്കൻ സംസ്‌കാരങ്ങളായ ആസ്‌ടെക്, മായൻ ഗോത്രവർഗക്കാർ തങ്ങളുടെ പോരാളികൾക്ക് അസാമാന്യമായ ഊർജം പകരാൻ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന ഈ വിത്തുകൾ, ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള 'സൂപ്പർഫുഡ്' ആയി മാറിയിരിക്കുന്നു. സാൽവിയ ഹിസ്പാനിക്ക എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ കുഞ്ഞൻ വിത്തുകൾ ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവയുടെ കലവറയാണെന്നതിൽ സംശയമില്ല. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ദഹനപ്രക്രിയ സുഗമമാക്കാനും ഇതിനുള്ള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഈ വിത്തുകളുടെ ഉത്പാദനത്തിനും വിതരണത്തിനും പിന്നിൽ അദൃശ്യമായ ചില കയ്പ്പേറിയ യാഥാർഥ്യങ്ങളുണ്ട്, അസമത്വത്തിന്റെയും, ദാരിദ്ര്യത്തിന്റെയും, സാമൂഹിക അനീതിയുടെയും കഥകൾ.
ചിയാ സീഡ് ഉത്പാദനത്തിൽ ഇന്ന് ലോകത്ത് ഒന്നാമത് നിൽക്കുന്നത് പരാഗ്വായ് ആണ്. പ്രതിവർഷം ഏകദേശം 90,000 ടൺ വിത്തുകൾ ഈ രാജ്യം ആഗോള വിപണിയിലെത്തിക്കുന്നു. എന്നാൽ ഈ കണക്കുകൾക്ക് പിന്നിലെ കർഷകരുടെ ജീവിതം അത്ര തെളിച്ചമുള്ളതല്ല. തെക്കേ അമേരിക്കയിലെ ഈ രാജ്യം കാർഷിക സമൃദ്ധിയിൽ മുൻപന്തിയിലാണെങ്കിലും, 2025ലെ കണക്കുകൾ പ്രകാരം പരാഗ്വയിലെ ദേശീയ ദാരിദ്ര്യ നരിക്ക് 20.1% ആണ്. രാജ്യത്തെ ജനസംഖ്യയുടെ 39% ജനങ്ങളും താമസിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ ഇന്നും കടുത്ത സാമൂഹിക അസമത്വമാണ് നിലനിൽക്കുന്നത്. പട്ടിണി നിരക്ക് മുൻകാലങ്ങളേതിനെ അപേക്ഷിച്ച് കുറഞ്ഞുവരുന്നുണ്ടെങ്കിലും, ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾ ഇന്നും പോഷകാഹാര സുരക്ഷയോ ശുദ്ധജല ലഭ്യതയോ ഇല്ലാതെ ബുദ്ധിമുട്ടുന്നു.
കുട്ടികളുടെ കാര്യത്തിലും സ്ഥിതി അതിദയനീയമാണ്. പരാഗ്വായിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 17% പേർ വിട്ടുമാറാത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. തദ്ദേശീയരായ ഗോത്രവർഗ കുട്ടികൾക്കിടയിലാകട്ടെ 43% ആണ് ഈ നിരക്ക്. ഓരോ ആയിരം ജനനങ്ങളിലും 15.1 ശിശുമരണങ്ങൾ ഇവിടെ സംഭവിക്കുന്നുണ്ട്. ലോകത്തിന്റെ ആരോഗ്യത്തിനായി പോഷകസമൃദ്ധമായ വിത്തുകൾ വിളയിക്കുന്നവർക്ക് സ്വന്തം കുഞ്ഞുങ്ങൾക്ക് മതിയായ ആഹാരം നൽകാൻ സാധിക്കുന്നില്ല എന്നത് വിപണിയുടെ ക്രൂരമായ വിരോധാഭാസമാണ്.
ചിയാ ഉത്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബൊളീവിയയുടെ സ്ഥിതിയും സമാനമാണ്. പരാഗ്വായേക്കാൾ മോശമായ സാമ്പത്തിക സാഹചര്യമാണ് ബൊളീവിയയിലേത്. ഏകദേശം 36% ആളുകൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നാണ് കണക്കുകൾ. ഗ്ലോബൽ ഹങ്കർ ഇൻഡക്സിൽ 123 രാജ്യങ്ങളുള്ളതിൽ 70ാം സ്ഥാനത്താണ് ബൊളീവിയയുട സ്ഥാനം. രാജ്യത്തെ ശിശുമരണനിരക്കാകട്ടെ ആയിരത്തിന് 20 എന്ന തോതിലാണ്. ദക്ഷിണ അമേരിക്കയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. പരാഗ്വായെപ്പോലെ തന്നെ ബൊളീവിയയിലെ ചെറുകിട കർഷകർ വിദേശ വിപണിയുടെ താളത്തിനൊത്ത് തങ്ങളുടെ കൃഷിരീതികൾ മാറ്റാൻ നിർബന്ധിതരാകുന്നു. എന്നാൽ ഉയർന്ന ഭൂമിവിലയും, ദുർബലമായ ഭൂപരിഷ്കരണ നിയമങ്ങളും, ഇടനിലക്കാരുടെ ചൂഷണവും മൂലം കർഷകന്റെ അധ്വാനത്തിന് അർഹമായ വില ഇവിടെയും ലഭിക്കുന്നില്ല.
ഇത് ഉത്പാദക രാജ്യങ്ങളിൽ 'പോഷകാഹാരക്കുറവിന്റെ ഇരട്ട ഭാരത്തിന്' (Double burden of malnutrition) കാരണമാകുന്നു. ഒരു വശത്ത് പണമില്ലാത്തതിനാൽ പോഷകാഹാരം ലഭിക്കാത്ത അവസ്ഥയും, മറുവശത്ത് വിപണിയിൽ ലഭിക്കുന്ന ഗുണമേന്മയില്ലാത്ത വില കുറഞ്ഞ സംസ്കരിച്ച ഭക്ഷണങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് മൂലം ഉണ്ടാകുന്ന അമിതവണ്ണവും ഈ രാജ്യങ്ങളെ വേട്ടയാടുന്നു. പരാഗ്വായിലെ 58% മുതിർന്നവരും ഇത്തരത്തിൽ അമിതഭാരമുള്ളവരാണ് എന്നത് ഈ വൈരുധ്യത്തിന്റെ ആഴം വർധിപ്പിക്കുന്നു.
ചിയാ സീഡുകൾ ഒരു ആഗോള 'ട്രെൻഡ്' ആയി മാറിയതോടെ വിപണിയിൽ വ്യാജ വിത്തുകളുടെ കടന്നുകയറ്റവും വർധിച്ചിട്ടുണ്ട്. യഥാർഥ ചിയാ സീഡുകൾ വെള്ളത്തിൽ കുതിർക്കുമ്പോൾ സ്വന്തം ഭാരത്തിന്റെ പത്തിരട്ടിയിലധികം വെള്ളം ആഗിരണം ചെയ്യുകയും ഒരു ജെൽ പാളി (Mucilaginous coating) രൂപപ്പെടുത്തുകയും ചെയ്യും. ഈ മാറ്റം സംഭവിക്കാത്ത വിത്തുകൾ ഗുണനിലവാരമില്ലാത്തവയോ അല്ലെങ്കിൽ കാലപ്പഴക്കം ചെന്നവയോ ആയിരിക്കാം. ആരോഗ്യബോധമുള്ള ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ ലാഭം മാത്രം ലക്ഷ്യമിടുന്ന സംഘങ്ങൾ വിപണിയിൽ സജീവമാണ്.
ചിയാ സീഡുകൾ ആരോഗ്യത്തിന് മികച്ചതാണ് എന്നതിൽ തർക്കമില്ല. ഉത്പാദന രാജ്യങ്ങളിലെ ദാരിദ്ര്യവും അസമത്വവും കണ്ടില്ലെന്ന് നടിക്കുന്നതത്ര ശരിയല്ല. ഉത്തരവാദിത്തമുള്ള ഉപഭോക്താവ് എന്ന നിലയിൽ, കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന 'ഫെയർ ട്രേഡ്' (Fair Trade) ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ നാം ശ്രദ്ധിക്കണം. സർക്കാർ തലത്തിൽ ഗ്രാമീണ ജനതയുടെ ഭൂരഹിതാവസ്ഥ പരിഹരിക്കാനും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു ഭക്ഷണസംസ്‌കാരം കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്.