ലണ്ടന്‍: അശാസ്ത്രീയമായ ചികിത്സാ രീതികള്‍ നിര്‍ദേശിച്ചതിന് ഇന്ത്യക്കാരിയായ ഡയറ്റീഷ്യനെ സസ്പെന്‍ഡ് ചെയ്ത് ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസ്. ലണ്ടനിലെ ഒരു പ്രമുഖ എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന അപർണ ശ്രീവാസ്തവയാണ് സസ്‌പെൻഷനിലായത്. തന്റെ പ്രൊഫഷണൽ പദവി ദുരുപയോഗം ചെയ്ത് ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
കാൻസർ ചികിത്സയിൽ കീമോതെറാപ്പിയേക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണ് ചെറുനാരങ്ങ വെള്ളം കുടിക്കുന്നതെന്ന് അപർണ ശ്രീവാസ്തവ സഹപ്രവർത്തകയോട് പറഞ്ഞിരുന്നതായി ഹെൽത്ത് ആന്റ് കെയർ പ്രൊഫഷൻസ് ട്രിബ്യൂണൽ സർവീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
പാർക്കിൻസൺസ് രോഗമുള്ള 91 വയസ്സുകാരനായ ഒരു രോഗിയോട് പതിവായി യോഗ ചെയ്യാൻ നിർദ്ദേശിച്ചതായും ട്രിബ്യൂണൽ കണ്ടെത്തി. 2018-ൽ 'ഈസ്റ്റ് റൈഡിംഗ് കമ്മ്യൂണിറ്റി ഡയറ്റീഷ്യൻ' ടീമിൽ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്യവെയാണ് ഇവർ വിവാദമായ പ്രസ്താവനകൾ നടത്തിയത്. "പഞ്ചസാര ഇല്ലാതെ കാൻസർ പടരില്ല,പഞ്ചസാര ഉപേക്ഷിച്ചാല്‍ കാന്‍സര്‍ സ്വയം ഇല്ലാതാകുമെന്നും അതിരാവിലെ മൂന്ന് സ്പൂൺ ഓർഗാനിക് അല്ലെങ്കിൽ വെർജിൻ വെളിച്ചെണ്ണ കഴിക്കുന്നത് കാൻസറിനെ അകറ്റി നിർത്തുമെന്നും കൂടെ ജോലി ചെയ്ത ആള്‍ക്ക് സന്ദേശമയച്ചതായും ട്രിബ്യൂണൽ കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റൊരു രോഗിയോട് ഭക്ഷണം 32 തവണ ചവച്ചരച്ച് കഴിക്കണമെന്ന് നിർദ്ദേശിച്ചതായും ഇവർക്കെതിരെ ആരോപണമുണ്ട്. കൂടാതെ, കൃത്യമായ വൈദ്യശാസ്ത്രപരമായ കാരണങ്ങൾ വ്യക്തമാക്കാതെ തന്നെ ചില പ്രത്യേക ബ്രാൻഡുകളുടെ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കാനും നിശ്ചിത കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാനും ഇവർ രോഗികളോട് നിർദ്ദേശിച്ചിരുന്നു. സഹപ്രവർത്തകനാണ് അപര്‍ണയെക്കുറിച്ച് മേലുദ്യോഗസ്ഥരെ അറിയിക്കുന്നത്. പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ വർഷം നടന്ന ഹിയറിംഗിനെത്തുടർന്ന് സസ്‌പെൻഷനിലായ അപർണ ശ്രീവാസ്തവയുടെ രജിസ്‌ട്രേഷൻ, ഹെൽത്ത് ആന്റ് കെയർ പ്രൊഫഷൻസ് ട്രിബ്യൂണൽ സർവീസ് 12 മാസത്തേക്ക് കൂടി നീട്ടിയിരുന്നു.
ഇതുകൂടാതെ, ഒരു രോഗിയോട് എഫ്എം കേൾക്കാൻ ഇവർ നിർദ്ദേശിച്ചതായും ഹെൽത്ത് ആന്റ് കെയർ പ്രൊഫഷൻസ് ട്രിബ്യൂണൽ സർവീസ് വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർക്കെതിരെ നടപടിയെടുത്തത്.