ആധുനിക ജീവിതശൈലിയിൽ പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. ഭക്ഷണം നിയന്ത്രിച്ചും കൃത്യമായ വ്യായാമം ചെയ്തുമെല്ലാം പ്രമേഹത്തെ വറുതിയില്‍ നിര്‍ത്താനുള്ള ശ്രമത്തിലായിരിക്കും പ്രമേഹരോഗികള്‍.എന്നാല്‍ മരുന്നുകൾക്കും വ്യായാമത്തിനുമൊപ്പം തന്നെ പ്രധാന്യമുള്ള ഒന്നാണ് ഭക്ഷണക്രമം. എന്ത് കഴിക്കുന്നു എന്നതിനോടൊപ്പം തന്നെ 'എപ്പോൾ കഴിക്കുന്നു' എന്നതും പ്രമേഹനിയന്ത്രണത്തിൽ നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവരും പ്രമേഹരോഗികളും ദീർഘനേരം വിശന്നിരിക്കുന്നത് ഒഴിവാക്കണം. പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതും കുറയുന്നതും തടയാൻ ഇത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്ക് എത്തിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ഇത് ശരിയായ രീതിയിൽ നിയന്ത്രിക്കപ്പെടേണ്ടത് അനിവാര്യമാണ്. നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ ഇൻസുലിൻ റെസിസ്റ്റൻസ് തടയാനോ മെച്ചപ്പെടുത്താനോ സാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മൾ അത്താഴം കഴിക്കുന്ന സമയം.
എന്താണ് ഇൻസുലിൻ റെസിസ്റ്റൻസ്?
ശരീരം ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിനോട് കോശങ്ങൾ ശരിയായ രീതിയിൽ പ്രതികരിക്കാതെ വരുമ്പോഴാണ് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നത്. ഗ്ലൂക്കോസ് ശരീരത്തിന് ഊർജ്ജം നൽകുന്നുണ്ടെങ്കിലും, പ്രമേഹരോഗികളിൽ ഈ ഗ്ലൂക്കോസിനെ സ്വീകരിക്കേണ്ട കോശങ്ങൾ അടഞ്ഞ നിലയിലായിരിക്കും. ഈ കോശങ്ങളെ തുറക്കാനുള്ള 'താക്കോൽ' ആണ് ഇൻസുലിൻ. എന്നാൽ ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതിരിക്കുകയോ, ഉള്ള ഇൻസുലിൻ ഫലപ്രദമാകാതിരിക്കുകയോ ചെയ്യുമ്പോൾ കോശങ്ങൾ തുറക്കപ്പെടില്ല. ഇതോടെ ഗ്ലൂക്കോസ് കോശങ്ങളിലേക്ക് എത്തുന്നതിന് പകരം രക്തത്തിൽ അടിഞ്ഞുകൂടാൻ കാരണമാകുന്നു. കാലക്രമേണ പ്രമേഹത്തിലേക്കും മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു.
അത്താഴം എപ്പോൾ കഴിക്കണം?
ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളവർ രാത്രി ഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഉറങ്ങാൻ പോകുന്നതിന് ഏകദേശം രണ്ട് മുതൽ മൂന്ന് മണിക്കൂർ മുമ്പാണെന്ന് വിദഗ്ദ്ധർ പറയുന്നു. അതിനാൽ, മിക്ക ഡോക്ടർമാരും രാത്രി 9 മണിക്കും പത്ത് മണിക്കും അത്താഴം കഴിക്കുന്നതിന് പകരം വൈകുന്നേരം ആറു മണിക്കും ഏഴുമണിക്കും ഇടയില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് പറയുന്നു. ഇത് ഭക്ഷണത്തെ ദഹിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ആവശ്യമായ സമയം നൽകുമെന്ന് ഡോക്ടർമാർ പറയുന്നു.
അത്താഴം നേരത്തെ കഴിച്ചാല്‍............
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ ശരീരം വിശ്രമത്തിലേക്ക് കടക്കുന്നതിനാൽ മെറ്റബോളിസം മന്ദഗതിയിലാകുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസ് വർധിപ്പിക്കാൻ കാരണമാകും. നേരത്തെ കഴിക്കുന്നത് ഗ്ലൂക്കോസ് നില സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.
ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുന്നു
നമ്മുടെ ശരീരത്തിലെ സിർകാഡിയൻ റിഥം അനുസരിച്ച് പകൽ സമയത്താണ് ശരീരം ഇൻസുലിനോട് കൂടുതൽ നന്നായി പ്രതികരിക്കുന്നത്. രാത്രി വൈകുന്തോറും ഈ ശേഷി കുറയുന്നു.
ഭാരം കുറയ്ക്കാൻ സഹായിക്കുന്നു
രാത്രി വൈകി കഴിക്കുന്ന ഭക്ഷണത്തിലെ കലോറി ഊർജ്ജമായി മാറുന്നതിന് പകരം കൊഴുപ്പായി സംഭരിക്കപ്പെടാൻ സാധ്യത കൂടുതലാണ്. നേരത്തെ അത്താഴം കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാനും സഹായിക്കും.
ദഹനം മെച്ചപ്പെടുത്തും
ഉറങ്ങുന്നതിന് മുൻപ് ദഹനപ്രക്രിയ പൂർത്തിയാകുന്നത് വഴി നെഞ്ചെരിച്ചിൽ, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാം.
പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാർബോഹൈഡ്രേറ്റ് കുറയ്ക്കുക
രാത്രി ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീനും നാരുകളും (Fiber) അടങ്ങിയതുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയും.
മിതമായി കഴിക്കുക
അത്താഴം എപ്പോഴും ലഘുവായ രീതിയിലായിരിക്കണം. അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കും.
അല്‍പം നടത്തമാകാം
അത്താഴത്തിന് ശേഷം 10-15 മിനിറ്റ് സാവധാനം നടക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് പേശികൾ ആഗിരണം ചെയ്യാൻ സഹായിക്കും.
വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.
നന്നായി ഉറങ്ങുക
ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും നന്നായി ഉറങ്ങുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമത്തോടൊപ്പം തന്നെ അത് കഴിക്കുന്ന സമയത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് ചുരുക്കം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ റെസിസ്റ്റൻസിന് കാരണമാവുകയും ഇത് ടൈപ്പ്-2 പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. പ്രമേഹ രോഗിയാണെങ്കില്‍ ഭക്ഷണകാര്യത്തില്‍ എന്ത് മാറ്റം വരുത്തുന്ന സമയത്തും നിങ്ങളുടെ ഡോക്ടറുടെ കൂടെ ഉപദേശം തേടുന്നതും നല്ലതാണ്.