ചൂടുവെള്ളമാണോ തണുത്ത വെള്ളമാണോ ഉറങ്ങുന്നതിന് മുമ്പ് കുടിക്കാൻ നല്ലത് ?

ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും വെള്ളം കുടിക്കണം

Update: 2022-11-14 09:45 GMT
Editor : Lissy P | By : Web Desk
Advertising

രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും. ദാഹം തീർക്കുക എന്നതിനപ്പുറം ഉറക്കത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ടെന്ന് പലർക്കുമറിയില്ല. ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ചുരുങ്ങിയത് എട്ടുമണിക്കൂറെങ്കിലും ഉറങ്ങുന്നവരാണ് മിക്കവരും. ഇതിനിടക്ക് വെള്ളം കുടിക്കാൻ എഴുന്നേൽക്കാൻ പലർക്കും മടിയാണ്. ഈ സമയം മുഴുവൻ ജലാംശം നിലനിർത്താൻ  സാധിക്കും.

രാത്രിയിൽ വെള്ളം കുടിച്ച് കിടക്കുന്നവര്‍ വെള്ളം  കുടിക്കാതെ കിടക്കുന്നവരേക്കാൾ ശാന്തരും ഊർജ്ജസ്വലരുമായിട്ടാണ് രാവിലെ ഉണരുകയെന്ന് പഠനങ്ങൾ പറയുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തും. ഇത് കോശങ്ങൾക്ക് പോഷകാഹാരം നൽകുകയും കോശങ്ങളിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്തുകയും ചർമ്മം  മൃദുലമാക്കാനും തിളങ്ങാനും സഹായിക്കുന്നു.  

എന്ത് കുടിക്കണം,എപ്പോൾ കുടിക്കണം

വെള്ളം കുടിക്കണം എന്ന് വിചാരിച്ച് വയറ് നിറയെ വെള്ളം കുടിച്ചാലും അപകടമാണ്. ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പേ വെള്ളം കുടിക്കുന്നതും നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര് പറയുന്നത്. പകരം ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും വെള്ളം കുടിക്കണം.

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നത് നിങ്ങളെ നൊക്റ്റൂറിയയുടെ അപകടസാധ്യതയിലേക്ക് നയിക്കും. രാത്രിയിൽ ഇടക്കിടക്ക് മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാക്കുന്ന രോഗമാണ് നോക്റ്റൂറിയ. മൂത്രമൊഴിക്കാൻ ഒന്നിലധികം തവണ എഴുന്നേൽക്കേണ്ടി വന്നാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. നിങ്ങളുടെ ഉറക്കം തടസ്സപ്പെടുമ്പോൾ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, പ്രമേഹം, പൊണ്ണത്തടി, വിഷാദം എന്നിവയ്ക്ക് കാരണമാകും.അതുകൊണ്ട് എപ്പോഴും ഉറങ്ങാൻ പോകുന്നതിന് രണ്ടുമണിക്കൂർ മുമ്പ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക..

മറ്റൊരു സംശയമാണ് ചൂടുവെള്ളമാണോ തണുത്തവെള്ളമാണോ ഉറങ്ങുന്നതിന് മുമ്പ് കുടിക്കാൻ നല്ലത് എന്നാണ്. ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് പഠനങ്ങൾ പറയുന്നത്. ഉറങ്ങുന്നതിനുമുമ്പ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് രാത്രി മുഴുവൻ ജലാംശം നിലനിർത്തുകയും ശരീരത്തിലെ അനാവശ്യമായ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും. വയറുവേദന, മലബന്ധമോ ഒഴിവാക്കാൻ ഇത് സഹായിച്ചേക്കാം. ഇതിലേക്ക് ഒരു ചെറുനാരങ്ങയും പിഴിഞ്ഞുചേർക്കുന്നത് ചുമയും ജലദോഷവും തുടങ്ങിയവക്ക് ആശ്വാസം നൽകുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News