രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് നല്ലതാണോ?

ഇടക്കിടെ ഭക്ഷണം കഴിക്കുന്ന ശീലമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Update: 2023-07-26 04:59 GMT
Advertising

ഓരോ രണ്ട് മണിക്കൂറിലും ഭക്ഷണം കഴിക്കുന്നത് സ്ഥിരമായ ഊർജനില നിലനിർത്തുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും നല്ലതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ രീതി പിന്തുടരുന്നവര്‍  രണ്ട് മണിക്കൂറിടവിട്ട് ലഘുഭക്ഷണമാണ് കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. എങ്കിലും ഈ രീതി എല്ലാവര്‍ക്കും പിന്തുടരാന്‍ പറ്റിയതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ദഹനം ശരിയായ രീതിയില്‍ നടക്കുന്നവര്‍ ഓരോ രണ്ട് മണിക്കൂറിലും ഭക്ഷണം കഴിക്കുന്നത് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റ് അഞ്ജലി മുഖര്‍ജി പറയുന്നു. എന്നാല്‍ ദഹനം ശരിയായി നടക്കാത്തവരും ഹൈപ്പർഇൻസുലിനിസം ഉള്ളവരും പ്രമേഹത്തിന്‍റെ വക്കില്‍ നില്‍ക്കുന്നവരും ഇടക്കിടെ ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ചിലരില്‍ ശരീര ഭാരം കൂടാനും കാരണമാകുമെന്ന് അഞ്ജലി മുഖര്‍ജി പറഞ്ഞു.

എല്ലാ രണ്ടു മണിക്കൂറിലും ഭക്ഷണമെന്നത് എല്ലാവരും നിര്‍ബന്ധമായി പിന്തുടരേണ്ട മാതൃകയല്ല. വ്യക്തിഗത മുൻഗണനകൾ, ജീവിതശൈലി, ആരോഗ്യത്തില്‍ കൈവരിക്കാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ചിലര്‍ക്ക് ഈ രീതിയിലൂടെ സ്ഥിരമായ ഊർജം നിലനിർത്തുന്നതിന് കഴിഞ്ഞേക്കും. എന്നാല്‍ ഇടക്കിടെ ആഹാരം കഴിച്ചുകൊണ്ടിരിക്കാതെ കഴിക്കുമ്പോള്‍ കാര്യമായിത്തന്നെ ഭക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും.

ശരീരഭാരം വർധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അത്‍ലറ്റുകള്‍ക്കുമെല്ലാം ഇടക്കിടെയുള്ള ഭക്ഷണം നല്ലതാണ്. അതേസമയം പതിവായി ലഘുഭക്ഷണം കഴിക്കുന്നത് ദന്ത പ്രശ്‌നങ്ങൾക്ക് കാരണമാകാനിടയുണ്ട്. പ്രത്യേകിച്ചും മധുരമുള്ളതോ അസിഡിറ്റി ഉള്ളതോ ആയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാവുക.

ഇടക്കിടെ ഭക്ഷണം കഴിക്കുന്നവര്‍ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം നിലനിർത്തുക എന്നതും പ്രധാനമാണ്. സ്ഥിരമായി അമിതമായ കലോറിയുള്ള ഭക്ഷണങ്ങളോ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളോ കഴിക്കുന്നത് ഗുണത്തക്കാളേറെ ദോഷം ചെയ്യും. ആവശ്യത്തിന് പോഷകം ശരീരത്തിനു ലഭിക്കാത്ത സാഹചര്യം വരികയും ഇത് പലവിധ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഒരു നല്ല ഭക്ഷണക്രമം ഉറപ്പാക്കണം. അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണം തെരഞ്ഞെടുക്കുക. ശരീരം നല്‍കുന്ന സൂചനകള്‍ ശ്രദ്ധിക്കുക. ഓരോ രണ്ട് മണിക്കൂറിലും ഭക്ഷണം കഴിക്കുക എന്നത് ഒരു കർക്കശമായ നിയമമായിരിക്കരുത്. പകരം സാഹചര്യമനുസരിച്ചുള്ള സമീപനം സ്വീകരിക്കുക. പ്രത്യേക ഭക്ഷണക്രമമോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഈ രീതി പിന്തുടരും മുന്‍പ് ഡയറ്റീഷ്യനെയോ ഹെൽത്ത് കെയർ പ്രൊഫഷണലിനെയോ സമീപിക്കേണ്ടതാണ്.

Summary- Eating every two hours is a commonly recommended practice for maintaining steady energy levels and controlling hunger

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News