ക്ഷീണം, ശരീരത്തിലെ നീര്, മൂത്രത്തിലെ വ്യതിയാനങ്ങൾ എന്നിവയാണ് സാധാരണയായി വൃക്കരോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാറുള്ളത്. എന്നാൽ നിങ്ങളുടെ കണ്ണുകൾ നൽകുന്ന ചില സൂചനകൾ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ മുന്നറിയിപ്പായേക്കാം. വൃക്കകളും കണ്ണുകളും ഒരുപോലെ ആരോഗ്യകരമായ രക്തക്കുഴലുകളെയും ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെയുമാണ് ആശ്രയിക്കുന്നത്. അതിനാൽ ഒന്നിലുണ്ടാകുന്ന തകരാറുകൾ മറ്റൊന്നിനെ ബാധിക്കാൻ സാധ്യതയുണ്ട്.
തുടർച്ചയായ വീക്കം, മങ്ങിയതോ ചുവന്നതോ ആയ കണ്ണുകൾ, കാഴ്ചയിലെ മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ കൂടുതൽ ആഴത്തിലുള്ള വൃക്ക രോഗങ്ങളെ സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങൾ പലപ്പോഴും തുടക്കത്തിൽ അത്ര ശ്രദ്ധിക്കപ്പെടില്ല. വൃക്കകളുടെ പ്രവർത്തനം കുറയാൻ തുടങ്ങുമ്പോൾ, അത് നിങ്ങളുടെ കാഴ്ചയെയും കണ്ണിലെ ഈർപ്പത്തിന്റെ അളവിനെയും നിങ്ങൾ നിറങ്ങൾ കാണുന്ന രീതിയെയും പോലും ബാധിക്കുന്ന നിരവധി മാറ്റങ്ങൾക്ക് കാരണമാകും.
വീർത്ത കണ്ണുകൾ
രാത്രി വൈകി ഉറങ്ങുകയോ തലേദിവസം ഉപ്പുകൂടിയ ഭക്ഷണം കഴിക്കുകയോ ചെയ്താൽ രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകളിൽ ചെറിയ വീക്കം അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ ദിവസം മുഴുവൻ നിങ്ങളുടെ കണ്ണുകൾ വീർത്തതായി തുടരുകയാണെങ്കിൽ, പ്രത്യേകിച്ച് കണ്പോളകൾക്ക് ചുറ്റും വീക്കം ഉണ്ടെങ്കിൽ, അത് പ്രോട്ടീനൂറിയയുടെ ലക്ഷണമാകാം.വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ പുറന്തള്ളപ്പെടുന്ന അവസ്ഥയാണ് പ്രോട്ടീനൂറിയ. സാധാരണയായി വൃക്കകൾ രക്തത്തിലെ പ്രോട്ടീനുകളെ അരിച്ചെടുത്ത് ശരീരത്തിൽ തന്നെ നിലനിർത്തുകയാണ് ചെയ്യുന്നത്. എന്നാൽ വൃക്കയിലെ ഫിൽട്ടറുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ 'ആൽബുമിൻ' പോലുള്ള പ്രോട്ടീനുകൾ മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു.
ശരീരത്തിൽ നിന്ന് പ്രോട്ടീൻ വൻതോതിൽ നഷ്ടപ്പെടുമ്പോൾ രക്തക്കുഴലുകളിലെ ദ്രാവകത്തിന്റെ അളവ് ക്രമീകരിക്കാൻ പ്രോട്ടീന് സാധിക്കാതെ വരുന്നു. ഇതിന്റെ ഫലമായി ശരീരത്തിലെ മൃദുവായ കോശങ്ങളിൽ ദ്രാവകം കെട്ടിക്കിടക്കാൻ തുടങ്ങും. കണ്ണിന് ചുറ്റുമുള്ള ചർമ്മം വളരെ നേർത്തതും മൃദുവായതുമായതിനാലാണ് ഇത്തരത്തിലുള്ള വീക്കം അവിടെ ആദ്യം പ്രകടമാകുന്നത്.
കണ്ണിലെ മങ്ങലും ഇരട്ടക്കാഴ്ചയും
പെട്ടെന്നുണ്ടാകുന്ന കാഴ്ചാ മങ്ങൽ, വസ്തുക്കളെ വ്യക്തമായി കാണാനുള്ള പ്രയാസം, അല്ലെങ്കിൽ ഒന്നിനെ രണ്ടായി കാണുന്ന അവസ്ഥ (Double Vision) എന്നിവ നിസ്സാരമായി കാണരുത്. ഉയർന്ന രക്തസമ്മർദവും പ്രമേഹവുമാണ് വിട്ടുമാറാത്ത വൃക്കരോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. ഇവ കണ്ണിലെ റെറ്റിനയിലുള്ള സൂക്ഷ്മമായ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇതിനെ ഡയബറ്റിക് റെറ്റിനോപ്പതി അല്ലെങ്കിൽ ഹൈപ്പർടെൻസീവ് റെറ്റിനോപ്പതി എന്ന് വിളിക്കുന്നു. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ അവിടെ ദ്രാവകം കെട്ടിക്കിടക്കാനും റെറ്റിനയിൽ വീക്കമുണ്ടാകാനും സാധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം.
കണ്ണിലെ വരൾച്ചയും ചൊറിച്ചിലും
കണ്ണുകളിൽ എപ്പോഴും കരട് പോയതുപോലെയുള്ള തരിപ്പും ചൊറിച്ചിലും അനുഭവപ്പെടുന്നത് വൃക്കരോഗത്തിന്റെ വികസിത ഘട്ടങ്ങളിലോ ഡയാലിസിസ് ചെയ്യുന്നവരിലോ സാധാരണമായി കണ്ടുവരുന്നു. ശരീരത്തിലെ കാൽസ്യം, ഫോസ്ഫേറ്റ് എന്നിവയുടെ അളവിൽ വരുന്ന വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ ഈ ധാതുക്കൾ രക്തത്തിൽ അടിഞ്ഞുകൂടുകയും അത് കണ്ണുനീർ ഉൽപ്പാദനത്തെയും കണ്ണിന്റെ നനവിനെയും ബാധിക്കുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടേണ്ട ടോക്സിനുകൾ രക്തത്തിൽ തന്നെ നിലനിൽക്കുന്നത് കണ്ണിന്റെ ഉപരിതലത്തിൽ അസ്വസ്ഥതകളുണ്ടാക്കും.
കണ്ണിലെ ചുവപ്പ്
കണ്ണുകൾ ചുവക്കുന്നത് അലർജി കൊണ്ടോ ഇൻഫെക്ഷൻ കൊണ്ടോ മാത്രമല്ല സംഭവിക്കുന്നത്. നിയന്ത്രിക്കാൻ കഴിയാത്ത ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹമോ ഇതിന് പിന്നിലുണ്ടാകാം. രക്തസമ്മർദ്ദം കൂടുമ്പോൾ കണ്ണിനുള്ളിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ട്. ഇത് കണ്ണുകൾ ചുവന്നിരിക്കാനും നീർവീക്കമുണ്ടാകാനും കാരണമാകുന്നു.
അപൂർവമായി 'ലൂപ്പസ് നെഫ്രൈറ്റിസ്' പോലുള്ള അവസ്ഥകളിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ വൃക്കകളെയും മറ്റ് അവയവങ്ങളെയും ബാധിക്കാറുണ്ട്. കണ്ണിലെ ചുവപ്പിനോടൊപ്പം സന്ധിവേദനയോ ചർമ്മത്തിൽ തിണർപ്പുകളോ ഉണ്ടെങ്കിൽ അത് ഗൗരവമായി കാണണം.
നിറങ്ങൾ തിരിച്ചറിയാനുള്ള പ്രയാസം
ചിലരിൽ നീല, മഞ്ഞ എന്നീ നിറങ്ങൾ തിരിച്ചറിയുന്നതിൽ നേരിയ വ്യത്യാസങ്ങൾ അനുഭവപ്പെടാറുണ്ട്. ഇത് വാർധക്യസഹജമായ മാറ്റമാണെന്ന് കരുതി തള്ളിക്കളയരുത്. വൃക്കകൾ ശരിയായി പ്രവർത്തിക്കാതിരിക്കുമ്പോൾ ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങൾ കണ്ണിന്റെ റെറ്റിനയെയും കാഴ്ചാ ഞരമ്പിനെയും ബാധിച്ചേക്കാം. വളരെ സാവധാനം തുടങ്ങുന്ന ഈ മാറ്റം ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. നിറങ്ങൾ മങ്ങുന്നത് പോലെ തോന്നുകയോ വ്യക്തമായി വേർതിരിച്ചറിയാൻ കഴിയാതിരിക്കുകയോ ചെയ്യുന്നത് വൃക്കരോഗം കാഴ്ചയെ ബാധിക്കുന്നതിന്റെ സൂചനയാകാം.
കണ്ണിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ വെറും പ്രായത്തിന്റേതോ ക്ഷീണത്തിന്റേതോ ആണെന്ന് കരുതി തള്ളിക്കളയരുത്. നമ്മുടെ ശരീരത്തിലെ ദ്രാവകങ്ങളുടെ അളവ് ക്രമീകരിക്കുന്നതിലും രക്തക്കുഴലുകളുടെ ആരോഗ്യത്തിലും കണ്ണുകളും വൃക്കകളും ഒരേപോലെ പരസ്പരബന്ധിതമാണ്. അതിനാൽ വൃക്കയിലുണ്ടാകുന്ന തകരാറുകൾ പലപ്പോഴും കണ്ണുകളിലൂടെയാണ് ആദ്യം പ്രകടമാകുന്നത്.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുണ്ടെങ്കിലോ കുടുംബത്തിലാര്‍ക്കെങ്കിലും വൃക്കരോഗമുണ്ടെങ്കിലോ കാഴ്ചക്കുണ്ടാകുന്ന മാറ്റങ്ങള്‍ അവഗണിക്കരുത്. നിങ്ങളുടെ കണ്ണുകളിൽ അസാധാരണമോ സ്ഥിരമോ ആയ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ തേടുക. കണ്ണുകളിലെ ഈ മാറ്റങ്ങള്‍ ശരിയായി വിലയിരുത്തുന്നതിലൂടെ ചിലപ്പോള്‍ നിങ്ങളുടെ വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിഞ്ഞേക്കാം.