എത്ര വെള്ളം കുടിച്ചാലും മാറാത്ത ദാഹം, ദിവസം കുടിക്കുന്നത് 10 ലിറ്റര്‍ വെള്ളം; ഒടുവില്‍ രോ​ഗം കണ്ടെത്തി

തലച്ചോറിലെ ശ്ലേഷ്മഗ്രന്ഥി അഥവാ പിറ്റ്യൂറ്ററി ഗ്ലാന്‍ഡില്‍ വന്ന മുഴയാണ് ഇതിലേക്ക് നയിച്ചത്.

Update: 2023-07-24 10:01 GMT
Editor : anjala | By : Web Desk
Advertising

എത്ര തവണ വെള്ളം കുടിച്ചാലും ​​ദാഹം മാറുന്നില്ലെന്ന് പറഞ്ഞാണ് ജോനാഥന്‍ പ്ലമ്മര്‍ എന്ന നാല്‍പത്തിയൊന്നുകാരന്‍ ഇംഗ്ലണ്ടിലെ കോണ്‍വാളിലുള്ള ആശുപത്രിയിലെത്തുന്നത്. ദിവസം 10 ലിറ്റര്‍ വെള്ളം കുടിച്ചാലും തനിക്ക് ദാഹം മാറുന്നില്ലെന്ന് ജോനാഥന്‍ ഡോക്ടറോട് പറഞ്ഞു. പ്രമേഹമായിരിക്കാം ഇതിനു പിന്നിലെന്ന് ഡോക്ടര്‍മാര്‍ ആദ്യം കരുതി. എന്നാല്‍ പ്രമേഹ രോഗനിര്‍ണയത്തിന്‍റെ ഫലം വന്നപ്പോള്‍ നെഗറ്റീവ്.

പിന്നീട് നടന്ന നേത്ര പരിശോധനയ്ക്കും എം.ആർ.ഐ സ്കാനിലുമാണ് അമിത ദാഹത്തിന് പിന്നില്‍ തലച്ചോറിനെ ബാധിക്കുന്ന മുഴയാണെന്ന് കണ്ടെത്തുന്നത്. തലച്ചോറിലെ ശ്ലേഷ്മഗ്രന്ഥി അഥവാ പിറ്റ്യൂറ്ററി ഗ്ലാന്‍ഡില്‍ വന്ന മുഴയാണ് ഇതിലേക്ക് നയിച്ചത്. സാധാരണ ഗതിയില്‍ അണ്ഡകോശത്തിലും വൃഷണങ്ങളിലും കാണപ്പെടുന്ന ജേം കോശങ്ങളില്‍ വളരുന്ന മുഴയാണ് ജോനാഥന് പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ ഉണ്ടായത്.

തലച്ചോറിനുള്ളില്‍ കാണുന്ന പയറുമണിയോളം വലുപ്പത്തിലുള്ള ഗ്രന്ഥിയാണ് പിറ്റ്യൂറ്ററി ​ഗ്ലാൻഡ്. ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകുമ്പോൾ വെള്ളം കുടിക്കാനുള്ള സന്ദേശം നൽകും. എന്നാല്‍ മുഴ കാരണം ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലായതാണ് പ്ലമ്മറിനെ തീരാത്ത ദാഹം ഉണ്ടാക്കിയത്. ഈ ദാഹം മൂലം ജോലിക്ക് പോകാന്‍ കഴിയാതെ വരുകയും അമിതമായ ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. സാധാരണ ജീവിതത്തെ ദാഹം ബാധിച്ചതോടെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്.

രോഗനിര്‍ണയത്തിന് ശേഷം 30 റൗണ്ട് നീണ്ട റേഡിയോ തെറാപ്പിക്കും സ്റ്റിറോയ്ഡ് തെറാപ്പിക്കും പ്ലമ്മർ വിധേയനായി. ഈ ചികിത്സയുടെ പാര്‍ശ്വഫലമായി അദ്ദേ​ഹത്തിന്റെ ഭാരം 76 കിലോയില്‍ നിന്ന് 114 കിലോയായി വര്‍ധിച്ചു. സുഖം പ്രാപിച്ച പ്ലമ്മർ ഇപ്പോള്‍ ഭാരം കുറയ്ക്കാനായി ഓട്ടവും നീന്തലുമൊക്കെ പരിശീലിക്കുന്നു. നേരത്തെയുള്ള രോഗനിര്‍ണയം ഇത്തരം മുഴകളുടെ ചികിത്സയില്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News