'വയസായവർ മരിക്കുന്നത് പ്രായമായത് കൊണ്ടല്ല', യഥാർഥത്തിൽ ജീവൻ കവരുന്നത് ഈ രോഗം...!;പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

എലികൾ കൂടുതലും മരിക്കുന്നത് കാൻസർ,ട്യൂമര്‍ എന്നിവ ബാധിച്ചാണെന്ന് ഗവേഷകര്‍ പറയുന്നു

Update: 2025-12-23 08:19 GMT
Editor : Lissy P | By : Web Desk

'പ്രായമായില്ലേ...സാധാരണ മരണമാണ്'... വയസായവർ മരിക്കുമ്പോൾ പറഞ്ഞുകേൾക്കുന്ന പലപ്പോഴും ഒന്നാണിത്. എന്നാൽ വയസായവരെല്ലാം മരിക്കുന്നത് പ്രായമായത് കൊണ്ടല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. നൂറ് വയസായിട്ടും പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവരാണെങ്കിലും മരിക്കുന്നത് പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കാരണമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ജർമ്മൻ സെന്റർ ഫോർ ന്യൂറോഡീജനറേറ്റീവ് ഡിസീസസിലെ ശാസ്ത്രജ്ഞരായ മറിയം കേശവർസും ഡാൻ എഹ്നിംഗറുമാണ് സുപ്രധാനമായ കണ്ടെത്തൽ നടത്തിയിട്ടുള്ളത്. മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാൻ ഇവർ 2,410 പോസ്റ്റ്മോർട്ടങ്ങൾ അവലോകനം ചെയ്തു.

Advertising
Advertising

ഇവരുടെ കണ്ടെത്തലുകൾ ജീനോമിക് സൈക്യാട്രിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

സാധാരണ പറയാറുള്ളത് പോലെ വാർധക്യമല്ല,ചില പ്രത്യേക രോഗങ്ങളാണ് മനുഷ്യരുടെ ജീവനെടുക്കുന്നതെന്നാണ് പറയുന്നത്. പ്രായമായവരിൽ മരണനിരക്കിൽ ഹൃദ്രോഗം മുൻപന്തിയിലാണെന്നാണ് ഇവർ കണ്ടെത്തിയത്. പഠനവിധേയമാക്കിയ 2,410 പോസ്റ്റ്മോർട്ടങ്ങളിൽ 39 ശതമാനം മരണങ്ങൾക്കും കാരണം ഹൃദയാഘാതമാണെന്നും 38 ശതമാനം പേർ ഹൃദയ, ശ്വാസകോശ സംബന്ധമായ തകരാറുകൾ മൂലമാണെന്നും 17.9 ശതമാനം പേർ പക്ഷാഘാതം മൂലമാണെന്നും കണ്ടെത്തി.

ആശുപത്രികളിലല്ലാതെ മരിച്ച 85 വയസ്സിനു മുകളിലുള്ളവരിൽ 77 ശതമാനം മരണങ്ങൾക്കും കാരണം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാണ്. 100 വയസ് പിന്നിട്ടവർ 68 ശതമാനം പേരും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മൂലവും 25 ശതമാനം പേർ ശ്വാസസംബന്ധമായ തകരാർ മൂലവുമാണ് മരിച്ചതെന്നും ഗവേഷണകര്‍ കണ്ടെത്തി.  

മരണകാരണം പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിനാൽ പോസ്റ്റുമോർട്ടം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗവേഷകര്‍ ഊന്നിപ്പറയുന്നുണ്ട്.

മനുഷ്യന് പുറമെ വ്യത്യസ്ത ജീവിവർഗ്ഗങ്ങളെയും ശാസ്ത്രജ്ഞർ പഠന വിധേയമാക്കി.മനുഷ്യന് പുറമെ കുരുങ്ങന്മാര്‍, ചിമ്പാൻസികൾ തുടങ്ങിയവര്‍  കൂടുതലായും ഹൃദ്രോഗം മൂലമാണ് മരിക്കുന്നതെങ്കിൽ, എലികൾ കാൻസർ,ട്യൂമര്‍ എന്നിവ മൂലവും പഴ ഈച്ചകൾ കുടൽ തകരാറുമൂലവുവുമാണ് മരിക്കുന്നതെന്നാണ് കണ്ടെത്തൽ..

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News