മാസം തികയാതെയാണോ കുഞ്ഞുണ്ടായത്? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ...

37ാം ആഴ്ചയിലോ അതിന് ഏതാനും ആഴ്ചകൾ മുമ്പോ ജനിക്കുന്ന കുഞ്ഞുങ്ങളാണ് പ്രിമെച്ച്വർ ബേബീസ്

Update: 2022-11-24 12:32 GMT
Advertising

പൂർണ വളർച്ചയെത്തുന്നതിന് മുമ്പേ ജനിക്കുന്ന കുഞ്ഞുങ്ങൾ ഇന്ന് അപൂർവ കാഴ്ചയല്ല. 40 ആഴ്ചയെന്ന ശരാശരി പ്രസവസമയം തികയ്ക്കാതെ 37ാം ആഴ്ചയിലോ അതിന് ഏതാനും ആഴ്ചകൾ മുമ്പോ ജനിക്കുന്ന കുഞ്ഞുങ്ങളാണ് പ്രിമെച്ച്വർ ബേബീസ്. മാസം തികയാതെ ജനിക്കുന്നതിനാൽ കുഞ്ഞുങ്ങൾക്ക് പൂർണവളർച്ചയെത്തുന്നത് വരെ സൂഷ്മമായ, കൃത്യതയുള്ള പരിചരണം ആവശ്യമാണ്.

എന്നാൽ എങ്ങനെയാണ് പ്രിമെച്ച്വർ ബേബീസിനെ പരിചരിക്കുക,പൂർണ വളർച്ചയെത്തി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതിനേക്കാൾ എത്രത്തോളം പരിചരണം അവർക്ക് നൽകണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഏറെയൊന്നും അറിവ് നമുക്കില്ല. ഇക്കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് എന്താണ് പ്രിമെച്ച്വർ ബെർത്ത് എന്നും പ്രിമെച്ച്വർ ബേബീസിന്റെ അതിജീവനം എന്തൊക്കെ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കുഞ്ഞുങ്ങൾ ജനിക്കുന്ന സമയം, ജനനസമയത്തെ ശരീരഭാരം, കുഞ്ഞിന്റെ ലിംഗഭേദം,ജനിതകമായ ഘടകങ്ങൾ, എന്നിവയൊക്കെ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അതിജീവനം നിർണയിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ജനനസമയമനുസരിച്ച് പ്രീമെച്ച്വർ ബേബീസിനെ നാല് കാറ്റഗറിയായി തരം തിരിച്ചിട്ടുണ്ട്.

1.ലേറ്റ് പ്രീ ടേം: 34-36 ആഴ്ചകളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ

2.മോഡറേറ്റ്‌ലി പ്രീ ടേം: 32-34 ആഴ്ചകളിൽ ജനനം

3.വെരി പ്രീ ടേം: 28-32 ആഴ്ചകളിൽ ജനനം

4.എക്‌സ്ട്രീമിലി പ്രീ ടേം: 28 ആഴ്ചകൾക്ക് മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങൾ

ജനിക്കുന്ന സമയം ആണ് പ്രധാനമായും പ്രിമെച്ച്വർ ബേബീസിന്റെ അതിജീവനത്തിൽ പ്രധാന പങ്കു വഹിക്കുന്നത്. എത്രത്തോളം നേരത്തേ ജനിക്കുന്നുവോ ആരോഗ്യത്തോടെയിരിക്കാനുള്ള സാധ്യത അത്രത്തോളം കുറയും. എന്നാൽ എൻഐസിയു പോലെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഇന്ന് എക്‌സ്ട്രീമിലി പ്രീം ടേമിലുള്ള കുഞ്ഞുങ്ങളെ പോലും പൂർണ വളർച്ചയ്ക്ക് സഹായിക്കുന്നുണ്ട്.

യൂട്ടാഹ് സർവകലാശാലയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് വെരി പ്രീടേമിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇന്നത്തെ കാലത്ത് 80-90 ശതമാനം അതിജീവനത്തിന് സാധ്യതയുണ്ടെന്നാണ്.

82 ശതമാനം പ്രിമെച്ച്വർ ജനനങ്ങളിലും കുഞ്ഞിന്റെ ശരീരഭാരം വലിയ ഘടകമാണ്. 0.141 കിലോയിൽ താഴെ മാത്രം ഭാരമുള്ള കുഞ്ഞുങ്ങൾക്ക് അവർ പൂർണ വളർച്ചയെത്തുന്നത് വരെ അതിതീവ്ര പരിചരണം ആവശ്യമാണ്. 2.5 കിലോയിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് സ്‌കിൻ-ടു-സ്‌കിൻ പരിചരണം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങളിൽ പറയുന്നു.

കുഞ്ഞിന് അമ്മയിൽ നിന്ന് ലഭിക്കുന്ന പരിചരണം അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഏറെ പങ്ക് വഹിക്കുന്നതായാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നതും അവരുടെ വളർച്ചയെ വളരെയേറെ സ്വാധീനിക്കും. മുലപ്പാൽ നൽകാൻ അമ്മയ്ക്ക് സാധിച്ചില്ലെങ്കിൽ ഡോണറിൽ നിന്നുള്ള പാലും സ്വീകരിക്കാം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News