ഒരേ പ്രഷര്‍ കുക്കറിൽ പാചകം; 50 വയസുകാരനിൽ ഗുരുതര ലെഡ് വിഷബാധ

വിദഗ്ധ പരിശോധനയിൽ അദ്ദേഹത്തിന്‍റെ ശരീരത്തിൽ വലിയ അളവിൽ ലെഡ് അടങ്ങിയതായി കണ്ടെത്തിയെന്ന് വിശാൽ വ്യക്തമാക്കുന്നു

Update: 2025-07-04 08:10 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: മുംബൈയിൽ നിന്നുള്ള 50 വയസുകാരനെ അടുത്തിടെ കടുത്ത ലെഡ് വിഷബാധയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓർമക്കുറവ്, ക്ഷീണം, കാലുകളിൽ കടുത്ത വേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന ഇയാളെ പരിശോധിച്ചപ്പോൾ കാരണം പ്രഷര്‍ കുക്കറാണെന്നായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇന്‍റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. വിശാൽ ഗബാലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിദഗ്ധ പരിശോധനയിൽ അദ്ദേഹത്തിന്‍റെ ശരീരത്തിൽ വലിയ അളവിൽ ലെഡ് അടങ്ങിയതായി കണ്ടെത്തിയെന്ന് വിശാൽ വ്യക്തമാക്കുന്നു. ഇതെങ്ങനെ വന്നുവെന്ന് അന്വേഷിച്ചപ്പോഴാണ് പ്രഷര്‍ കുക്കറാണ് വില്ലനെന്ന് കണ്ടെത്തിയത്.രോഗിയുടെ ഭാര്യ കഴിഞ്ഞ 20 വർഷമായി ഭക്ഷണം പാകം ചെയ്യാൻ ഒരേ പ്രഷർ കുക്കറാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷിച്ചപ്പോൾ തനിക്ക് മനസിലായതായി ഗബാലെ പറഞ്ഞു. "പഴയതും കേടായതുമായ അലുമിനിയം കുക്കറുകൾ അസിഡിറ്റി ഉള്ള ഭക്ഷണങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ, ലെഡ്, അലുമിനിയം കണികകൾ ഭക്ഷണത്തിൽ ലയിക്കുന്നു. കൂടാതെ അതിന്‍റെ അധികഭാഗം നിങ്ങളുടെ ന്യൂറൽ കാൽസ്യം ചാനലുകളെ തടയുകയും നിങ്ങളുടെ തലച്ചോറിന്‍റെ സിഗ്നലുകളെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു," ഡോക്ടര്‍ വ്യക്തമാക്കി.രോഗിക്ക് പിന്നീട് ചേലേഷൻ തെറാപ്പി( ശരീരത്തിൽ നിന്ന് അധികം ഇരുമ്പ് നീക്കം ചെയ്യുന്ന പ്രക്രിയ) നൽകി. അതിനു ശേഷം അദ്ദേഹം സുഖം പ്രാപിച്ചതായി ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

എന്താണ് ഈയം(ലെഡ്) വിഷബാധ?

ശരീരത്തിൽ ലെഡ് അടിഞ്ഞുകൂടുകയും വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് ലെഡ് വിഷബാധ ഉണ്ടാകുന്നത്. മനുഷ്യ ശരീരത്തിൽ ഈയം മൂലമുണ്ടാകുന്ന ഒരുതരം ലോഹ വിഷബാധയാണ് ഈയം വിഷബാധ. മസ്തിഷ്കമാണ് ഇതിനോട് ഏറ്റവും കൂടുതൽ പ്രതികരിക്കുന്നത്. വയറുവേദന, മലബന്ധം, തലവേദന, ക്ഷോഭം, ഓർമ്മ പ്രശ്നങ്ങൾ, വന്ധ്യത, പാരെസ്തേഷ്യ എന്നിവയാണ് ഈ വിഷബാധയുടെ ലക്ഷണങ്ങൾ. കഠിനമായ വിഷബാധ മൂലം വിളർച്ച, കോച്ചിപ്പിടുത്തം, കോമ അല്ലെങ്കിൽ മരണം വരെ സംഭവിക്കാം. ലെഡ് വിഷബാധ തലച്ചോറ്, വൃക്കകൾ, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയുൾപ്പെടെ ഒന്നിലധികം അവയവ വ്യവസ്ഥകളെ ബാധിച്ചേക്കാം. സൂക്ഷ്മമായത് മുതൽ കഠിനമായത് വരെ ലക്ഷണങ്ങൾ കാണിക്കും. മലിനമായ വായു, വെള്ളം, പൊടി, ഭക്ഷണം അല്ലെങ്കിൽ ഉപഭോക്തൃ ഉൽ‌പന്നങ്ങൾ എന്നിവയിലൂടെ ഈയം വിഷബാധ സംഭവിക്കാവുന്നതാണ്.

ലക്ഷണങ്ങൾ

മുതിർന്നവരിലും കുട്ടികളിലും ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം. തലവേദന, വയറുവേദന, ഓർമക്കുറവ്, വൃക്ക തകരാറ്, പ്രത്യുത്പാദന പ്രശ്നങ്ങൾ, ബലഹീനത, വേദന എന്നിവയാണ് മുതിർന്നവരിലെ പ്രധാന ലക്ഷണങ്ങൾ.

മുതിർന്നവരിൽ ഈയം വിഷബാധയുടെ ആദ്യ ലക്ഷണങ്ങൾ സാധാരണഗതിയിൽ വ്യക്തമല്ല. വിഷാദം, വിശപ്പ് കുറയൽ, ഇടയ്ക്കിടെ വയറുവേദന, ഓക്കാനം, വയറിളക്കം, മലബന്ധം, പേശി വേദന എന്നിവ ഉൾപ്പെടുന്നു . അസ്വാസ്ഥ്യം, ക്ഷീണം, ഉറക്കത്തിലെ പ്രശ്നങ്ങൾ എന്നിവ മുതിർന്നവരിൽ ആദ്യം പ്രകടമാകുന്നത്. എന്നിരുന്നാലും, ഓരോ വ്യക്തിയുടെയും സ്വഭാവസവിശേഷതകളെ ആശ്രയിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഗർഭിണിയായ സ്ത്രീയിൽ ഏൽക്കുന്ന ഈയം വിഷബാധ മൂലം കുഞ്ഞിന് ഭാരക്കുറവ് അനുഭവപ്പെടാം. കുട്ടികൾക്ക് ഈയം വിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. കുട്ടികളിൽ, മുതിർന്നവരെ അപേക്ഷിച്ച് വേഗത്തിൽ ഈയം ആഗിരണം ചെയ്യപ്പെടുന്നു. വിശപ്പ് കുറയൽ, വയറുവേദന, ഛർദ്ദി, ശരീരഭാരം കുറയൽ, മലബന്ധം, വിളർച്ച, വൃക്ക തകരാര്‍, അകാരണമായ ദേഷ്യം, അലസത, പഠന വൈകല്യങ്ങൾ, പെരുമാറ്റ വൈകല്യം എന്നിവയാണ് കുട്ടികളിലെ പ്രധാന ലക്ഷണങ്ങൾ.

ലെഡ് വിഷബാധക്ക് മരുന്നുണ്ടോ?

വന്ധ്യത, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ലെഡ് വിഷബാധയുടെ പാര്‍ശ്വഫലങ്ങൾ പൂർണമായും പഴയപടിയാക്കാൻ കഴിയില്ലെങ്കിലും നിങ്ങളുടെ വീട്ടിൽ നിന്നോ ചുറ്റുപാടിൽ നിന്നോ ലെഡിന്‍റെ ഉറവിടങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിലൂടെ രക്തത്തിലെ ലെഡിന്‍റെ അളവ് കുറയ്ക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു.

രക്തത്തിലെ ലെഡിന്‍റെ അളവ് വളരെ കൂടുതലാണെങ്കിൽ, ചെലേറ്റിംഗ് ഏജന്‍റ് എന്നറിയപ്പെടുന്ന ഒരു മരുന്ന് ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ഇത് രക്തത്തിലെ ലെഡിനെ എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News