ഡാർക്ക് ചോക്കലേറ്റ് പ്രേമിയാണോ? അറിഞ്ഞിരിക്കണം ഇവയുടെ ചില 'ഡാർക്ക്' വശങ്ങൾ...

ഡാർക്ക് ചോക്കലേറ്റ് ബാറുകളിൽ കാഡ്മിയം,ലെഡ് എന്നീ ലോഹങ്ങളുടെ സാന്നിധ്യമുള്ളതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്

Update: 2023-01-28 13:48 GMT
Advertising

പൊതുവേ ആരോഗ്യപ്രദമായി കണക്കാക്കപ്പെടുന്നവയാണ് ഡാർക്ക് ചോക്കലേറ്റുകൾ. ആന്റി ഓക്‌സിഡന്റുകളാൽ സമൃദ്ധമായതിനാലും പഞ്ചസാരയുടെ അളവ് കുറവാണ് എന്നതിനാലും ഹെൽത്ത് ഫ്രീക്ക് ആയ ചോക്കലേറ്റ് പ്രേമികൾ ഡാർക്ക് ചോക്കലേറ്റിനാണ് മുൻഗണന നൽകുക. ഹൃദയാരോഗ്യത്തിന് ഡാർക്ക് ചോക്കലേറ്റ് കഴിക്കുന്നത് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്.

മറ്റു ചോക്കലേറ്റുകളേക്കാൾ 50 ശതമാനം സുരക്ഷിതവും ആരോഗ്യപ്രദവുമാണ് ഡാർക്ക് ചോക്കലേറ്റുകൾ എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും ഡാർക്ക് ചോക്കലേറ്റുകൾക്ക് ചില 'ഡാർക്ക് സൈഡുകളു'ണ്ടെന്ന് ഓർമിപ്പിക്കുകയാണ് ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ.

ഡാർക്ക് ചോക്കലേറ്റുകളിൽ കാഡ്മിയം, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായും പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്ന ലോഹങ്ങളാണ് ഇവയെന്നും അദ്ദേഹം പറയുന്നു.

"ഡാർക്ക് ചോക്കലേറ്റ് ബാറുകളിൽ കാഡ്മിയം,ലെഡ് എന്നീ ലോഹങ്ങളുടെ സാന്നിധ്യമുള്ളതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കുറച്ചു നാളത്തേക്കെങ്കിലും ഇവ നിരന്തരം ശരീരത്തിലെത്തുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഗർഭിണികളിലും ചെറിയ കുട്ടികളിലുമാണ് ഇവ കൂടുതൽ ദോഷം ചെയ്യുക. മുതിർന്നവരിൽ ഇവ ഹൈപ്പർടെൻഷനും പ്രതിരോധശേഷി കുറയുന്നതിനും വൃക്കരോഗങ്ങൾക്കും കാരണമാകും. ഡാർക്ക് ചോക്കലേറ്റ് നിർമിക്കാനുപയോഗിക്കുന്ന കൊക്കോ ബീൻസുകൾ ആന്റിഓക്‌സിഡന്റുകളാൽ സമൃദ്ധമാണെങ്കിലും ദൗർഭാഗ്യവശാൽ ഇവയിൽ സാന്ദ്രത കൂടുതലുള്ള ലോഹങ്ങളുമുണ്ട്. ഇവ രണ്ടിന്റെയും അളവ് സന്തുലിതമാക്കാനായില്ലെങ്കിൽ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും". അദ്ദേഹം ട്വീറ്റ് ചെയ്തു.

ഡാർക്ക് ചോക്കലേറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇവ കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്. വല്ലപ്പോഴും മാത്രം ഡാർക്ക് ചോക്കലേറ്റുകൾ കഴിക്കുന്നതും, കൊക്കോയുടെ അളവ് കുറഞ്ഞ ബാറുകൾ തെരഞ്ഞെടുക്കുന്നതും ഗർഭിണികളും കുട്ടികളും ഡാർക്ക് ചോക്കലേറ്റ് ഒഴിവാക്കുന്നതും ഗുണം ചെയ്യുമെന്ന് അദ്ദേഹം അറിയിക്കുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News