രാത്രി മുഴുവൻ എസിയിലാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍

മുതിർന്നവരെ പോലെ കുട്ടികളുടെ ആരോഗ്യത്തിനും ഗുണത്തേക്കാളേറെ ദോഷം ചെയ്യും

Update: 2025-05-02 10:22 GMT
Editor : Lissy P | By : Web Desk

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കടുത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ചൂട് താങ്ങാനാവാതെയതോടെ ഫാൻ പോലെതന്നെ ഒട്ടുമിക്ക വീടുകളിലും എസികളും സ്ഥാനം പിടിച്ചിട്ടുണ്ട്. രാത്രി മുഴുവൻ എസി ഓൺ ചെയ്താണ് പലരും ഇന്ന്  ഉറങ്ങുന്നത്. ഇന്ത്യ പോലുള്ള രാജ്യത്ത് എസി വർഷത്തിൽ ഭൂരിഭാഗം സമയവും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ദീർഘനേരം എസിയിട്ട് ഉറങ്ങുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ചർമ്മം വരണ്ടതാക്കുക, കണ്ണുകളും തൊണ്ടയും വരണ്ടതാക്കുക,ആസ്തമ,അലർജി പോലുള്ള ശ്വസന പ്രശ്‌നങ്ങൾ,നിർജലീകരണം,ക്ഷീണം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. കൂടുതൽ സമയം എസിയിൽ ഉറങ്ങുന്നത് മുതിർന്നവരെ പോലെ കുട്ടികളുടെ ആരോഗ്യത്തിനും ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

Advertising
Advertising

ശ്വസന സംബന്ധമായ അസുഖങ്ങൾ

എസി വെച്ചിട്ടുള്ള മുറികളുടെ വാതിലും ജനാലകളും ശരിയായി അടക്കേണ്ടതുണ്ട്. അല്ലെങ്കിൽ മുറികളിൽ പൊടികളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടാനും കാരണമാകും.ഇത് വായുവിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യും.ഇതുവഴി അലർജി,ആസ്തമ പോലുള്ള വർധിക്കാൻ കാരണമാകും. ഈർപ്പത്തിന്റെ സാന്നിധ്യം നിറയുന്നത് ശ്വസന പ്രശ്‌നങ്ങളിലേക്കും മുറിയിലെ ദുർഗന്ധത്തിനും കാരണമാകും.

ചെവിയിലെ അണുബാധ

എയർ കണ്ടീഷണർ വെന്റുകളിൽ നിന്നുള്ള തണുത്ത വായു തുടർച്ചയായി എത്തുന്നത് ചെവികളിൽ അണുബാധക്ക് കാരണമാകും. ചെവികളിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കും.

ശരീരോഷ്മാവിലെ വ്യത്യാസം

എയർ കണ്ടീഷൻ ചെയ്ത മുറിയിൽ ഉറങ്ങുന്നത് ശരീരത്തെ അമിതമായി തണുപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനങ്ങളെ തടസപ്പെടുത്തുന്നു. പ്രായമായവരിലും കുട്ടികളിലും ഇത് വിറയൽ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

ചര്‍മ്മം വരണ്ടതാക്കും

അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതിനാൽ കണ്ണുകളും ചർമ്മവും വരണ്ടതാകാൻ ഇടയാക്കുന്നു. ചിലർക്ക് ചർമ്മം വരണ്ട് ചൊറിച്ചിലും അനുഭവപ്പെടും.ഇത്തരക്കാര്‍ സ്കിന്‍ സ്പെഷലിസ്റ്റിനെ സമീപിക്കുക.  ഡോക്ടര്‍ നിര്‍ദേശിക്കുന്ന മോയിസ്ചറൈസറും സോപ്പും പതിവായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം....

മുറിയിലെ താപനില ക്രമീകരിക്കാം

എസിയുള്ള മുറിയിൽ ഉറങ്ങുമ്പോൾ താപനില താപനില 24°C ൽ പരിമിതപ്പെടുത്തുന്നതാണ് എപ്പോഴും നല്ലത്. പുറത്തെ താപനില, ഈർപ്പം അളവ് തുടങ്ങിയ ബാഹ്യ ഘടകങ്ങളെ അടിസ്ഥാനമാക്കി ക്രമീകരണങ്ങൾ നടത്താം. ചൂട് കൂടുന്ന സാഹചര്യത്തിൽ ആളുകൾ ഏറ്റവും കുറഞ്ഞ കുറഞ്ഞ താപനിലയിൽ എസി സജ്ജമാക്കാൻ മുതിരാറുണ്ട്, പക്ഷേ ഇത് അമിതമായ തണുപ്പിനും ആരോഗ്യ അപകടങ്ങൾക്കും കാരണമാകും.

എസി വൃത്തിയാക്കാം

എസിയുടെ ഫിൽട്ടറുകൾ ആറുമാസത്തിലൊരിക്കൽ വൃത്തിയാക്കാം. ഇതിൽ പൊടി നിറയുന്നത് അലർജി പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാം.

നിർജലീകരണം ഒഴിവാക്കാം

എസിയിൽ കൂടുതൽ നേരം കിടക്കുന്നത് നിർജലീകരണത്തിന് കാരണമാകും. പലപ്പോഴും ദാഹം തോന്നാത്തതുകൊണ്ട് പലരും വെള്ളം കുടിക്കാറില്ല.എന്നാൽ ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

കുഞ്ഞുങ്ങൾക്ക് വേണം അധിക ശ്രദ്ധ

ചെറിയ കുട്ടികളെ എസി മുറിയിൽ ഉറക്കുമ്പോൾ കുറച്ച് കൂടി മുൻകരുതലെടുക്കണം. എസിയുടെ കാറ്റ് കുഞ്ഞിന്റെ മുഖത്തേക്ക് നേരിട്ട് പതിക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടാതെ കുട്ടിയെ മുറിയിൽ കിടത്തുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും എസി ഓണാക്കി താപനില ക്രമീകരിക്കാനും ശ്രദ്ധിക്കുക.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News