ഐടി മേഖലയിൽ കൂട്ടപ്പിരിച്ചുവിടലോ? ഈ വര്‍ഷം അവസാനത്തോടെ അര ലക്ഷത്തിലധികം പേര്‍ക്ക് പണി പോകുമെന്ന് റിപ്പോര്‍ട്ട്
ജൂൺ മുതൽ ഓഗസ്റ്റ് വരെ ലോകമെമ്പാടുമായി 11,000 ജീവനക്കാരെ ആക്സെഞ്ചർ പിരിച്ചുവിട്ടു
Photo| Shutterstock
ന്യൂഡൽഹി: ഇന്ത്യയിലെ ഐടി മേഖല കാത്തിരിക്കുന്നത് വൻതോതിലുള്ള പിരിച്ചുവിടലുകൾക്കെന്ന് റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ 50,000-ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സംഖ്യയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, 2023 നും 2024 നും ഇടയിൽ 25,000 പേർക്ക് ജോലി നഷ്ടപ്പെട്ടു. ഈ വർഷം ഈ സംഖ്യ ഇരട്ടിയാകുമെന്നാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ടിസിഎസ് , ഇൻഫോസിസ് , ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഇന്ത്യൻ കമ്പനികൾ പുനഃക്രമീകരണങ്ങൾ തുടങ്ങിയതായും പറയുന്നു. എഐ, ഓട്ടോമേഷൻ എന്നിവ സംയോജിപ്പിക്കുന്നതിനായി ഏകദേശം 20,000 ജോലിക്കാരെ വെട്ടി കുറയ്ക്കാൻ ടിസിഎസ് പദ്ധതിയിടുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെ ലോകമെമ്പാടുമായി 11,000 ജീവനക്കാരെ ആക്സെഞ്ചർ പിരിച്ചുവിട്ടു.
പലകാരണങ്ങൾ സൂചിപ്പിച്ച് കൊണ്ടാണ് ഈ നിശബ്ദമായ പിരിച്ചുവിടൽ നടക്കുന്നത്. മോശം പ്രകടനമാണെന്നും കമ്പനി പോളിസികളും സൂചിപ്പിക്കുന്നതിനോടൊപ്പം പ്രൊമോഷൻ വൈകിപ്പിക്കുകയും സ്വമേധയാ ജീവനക്കാരുടെ രാജി എഴുതി വാങ്ങുകയും ചെയ്യുന്നു. പിരിച്ചുവിടപ്പെട്ട മൊത്തം ഐടി പ്രൊഫഷണലുകളുടെ എണ്ണം വർഷാവസാനത്തോടെ 55,000–60,000 ആയി ഉയരുമെന്ന് ടീംലീസ് ഡിജിറ്റൽ സിഇഒ നിതി ശർമ്മ പറയുന്നു.
ചില ജീവനക്കാർക്ക് മാത്രമാണ് കരാറുകളുടെ ഭാഗമായുള്ള പിരിച്ചുവിടൽ പാക്കേജുകളോ അല്ലെങ്കിൽ മറ്റ് ജോലികൾ കണ്ടെത്തുന്നതിനായുള്ള ചെറിയ കാലയളവോ ലഭിക്കുന്നുള്ളു. അവശേഷിക്കുന്നവർ പലപ്പോഴും അധിക പ്രോജക്ടുകളും കൂടുതൽ സമയവും ഏറ്റെടുക്കേണ്ടിവരുന്നു. ഇത് ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയും പ്രതികരിക്കാൻ പരിമിതമായ സാധ്യതമാത്രം അവശേഷിപ്പിക്കുകയും ചെയ്യുന്നു.