സാധാരണ രാഷ്ട്രീയക്കാരെ പോലെയല്ല, വീടു കയറിയുള്ള പ്രചാരണം ഉണ്ടാകില്ല: ഇ ശ്രീധരൻ

"ഇത്തവണ ബിജെപി വലിയ വിജയമാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്"

Update: 2021-03-04 05:27 GMT

കൊച്ചി: സാധാരണ രാഷ്ട്രീയക്കാരെ പോലെ വീടു കയറിയുള്ള പ്രചാരണം നടത്തില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ തന്റെ സന്ദേശം ഓരോ വീട്ടിലും എത്തുമെന്നും ശ്രീധരൻ പറഞ്ഞു. കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പാലാരിവട്ടം പാലം സന്ദർശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്‍റെ പ്രചാരണം വ്യത്യസ്തമായിരിക്കും. മറ്റുള്ളവരെ പോലെയാകില്ല. വീടുകയറിയോ കട കയറിയോ ഉള്ള പ്രചാരണങ്ങൾ ഉണ്ടാകില്ല. അത് അത്യാവശ്യമല്ല. എന്റെ സന്ദേശം മണ്ഡലത്തിലെ ഓരോരുത്തരിലും ഓരോ വീട്ടിലുമെത്തും. ബിജെപി എന്തു ചെയ്യും, അതിൽ എന്റെ പങ്കെന്ത് എന്നെല്ലാം ഈ സന്ദേശത്തിലുണ്ടാകും. എന്നെ വേണമോ വേണ്ടയോ എന്ന് അവർക്ക് വിട്ടുകൊടുക്കൂ' - അദ്ദേഹം പറഞ്ഞു.

Advertising
Advertising

'ഇത്തവണ ബിജെപി വലിയ വിജയമാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്. അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷ. ഡൽഹിയിൽ എങ്ങനെയാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നത്. അത് നാട്ടുകാരുടെ ആവശ്യമാണ്. ഏതാണ് നല്ലത് എന്ന് ജനങ്ങൾക്കറിയാം'- ശ്രീധരൻ പറഞ്ഞു.

രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ അഭിനന്ദനവും വിമർശനവും ഉണ്ടാകും. അതറിയാം. രണ്ടിനും തയ്യാറായാണ് നിൽക്കുന്നത്. ഞാൻ ഭഗവദ് ഗീത വായിക്കുന്ന വ്യക്തിയാണ്. കല്ലിനെയും പൂക്കളെയും ഒരുപോലെ സ്വീകരിക്കണമെന്നാണ് ഗീതയിൽ പറഞ്ഞിട്ടുള്ളത്- അദ്ദേഹം കൂട്ടിച്ചേർത്തു.

ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റെ പ്രായവും നോക്കണം. സാധാരണ രാഷ്ട്രീയക്കാരനെ പോലെയാകില്ല പ്രവർത്തനം. ടെക്‌നോക്രാറ്റിനെ പോലെയാകും. മറ്റുള്ള ആളുകളെ കൊണ്ട് പണി ചെയ്യുകയാണ്. അതാണ് ശൈലി- അദ്ദേഹം വ്യക്തമാക്കി.

ഡിഎംആർസി യൂണിഫോമിൽ ഇനിയുണ്ടാകില്ലെന്ന് പറഞ്ഞ ശ്രീധരൻ കമ്പനിയിൽനിന്ന് രാജി വച്ച ശേഷമായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നും കൂട്ടിച്ചേർത്തു.

Tags:    

Similar News