''ഞാന്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍''; ബി.ജെ.പിയില്‍ ചേര്‍ന്ന് മിഥുന്‍ ചക്രബര്‍ത്തി

മുന്‍ തൃണമൂല്‍ രാജ്യസഭ എം.പിയായിരുന്നു മിഥുന്‍ ചക്രവര്‍ത്തി

Update: 2021-03-07 10:32 GMT

മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് നടന്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ ബി.ജെ.പി പ്രവേശനം. മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു എഴുപതുകാരനായ ഹിന്ദി - ബംഗാളി നടന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. താന്‍ ഒരു ഉഗ്ര വിഷമുള്ള മൂര്‍ഖനാണെന്ന് മിഥുന്‍ ജങ്ങളോട് പറഞ്ഞു.

മോദിയെ വാനോളം പുകഴ്ത്തിയായിരുന്നു മിഥുന്‍ ചക്രബര്‍ത്തി സംസാരം തുടങ്ങിയത്. മോദിയുമായി വേദി പങ്കിടാന്‍ സാധിച്ചത് സ്വപ്‌ന തുല്യമായ കാര്യമാണ്. താനൊരു സ്വാഭിമാനിയായ ബംഗാളിയാണെന്നും അദ്ദേഹം പറഞ്ഞു. വേദിയില്‍ വെച്ച് മിഥുന്‍ ബി.ജെ.പി പതാക ഏറ്റുവാങ്ങി.

Advertising
Advertising

തുടര്‍ന്ന് തന്റെ പഴയ കാല സിനിമകളിലെ ഹിറ്റ് ഡയലോകുകള്‍ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കാനും മിഥുന്‍ ശ്രമിച്ചു. ഇന്ന് താന്‍ പുതിയൊരു ഡയലോഗ് പറയാന്‍ പോവുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മിഥുന്‍ തന്റെ പാമ്പ് ഡയലോഗ് പറഞ്ഞത്. 'ഞാന്‍ ചെറിയ പാമ്പല്ല, ഉഗ്ര വിഷമുള്ള പാമ്പാണ്. ഞാന്‍ കൊത്തിയാല്‍ നിങ്ങള്‍ പടമായി മാറും' എന്ന് മിഥുന്‍ ചക്രബര്‍ത്തി പറഞ്ഞു.

പഴയ കാല സിനിമാ താരമായ മിഥുന്‍ ചക്രബര്‍ത്തിയുടെ ആരാധക പിന്തുണ വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലാണ് ബി.ജെ.പി. ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടി ബംഗാള്‍ പിടിക്കാനും ബി.ജെ.പിക്ക് പദ്ധതിയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ തൃണമൂല്‍ രാജ്യസഭ എം.പിയായിരുന്ന മിഥുന്‍ ചക്രവര്‍ത്തി, രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥാനം രാജി വെക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തൃണമൂലില്‍ നിന്ന് മാറിനിന്ന മിഥുന്‍, ബി.ജെ.പിയില്‍ ചേരുമെന്ന് കാലങ്ങളായി സംസാരമുണ്ടായിരുന്നു.

Tags:    

Similar News