ക്യാന്‍സര്‍ ബാധിതയായ സഹോദരിക്കു വേണ്ടി പക്ഷിത്തീറ്റ വില്‍ക്കുന്ന പത്തുവയസുകാരന്‍

ഹൈദരാബാദിലുള്ള സെയ്ദ് അസീസാണ് ഈ കൊച്ചുമിടുക്കന്

Update: 2021-08-09 05:26 GMT
Editor : Jaisy Thomas | By : Web Desk

ചില ജീവിതങ്ങള്‍ അങ്ങനെയാണ് നമ്മുടെ ഉള്ളുപൊള്ളിക്കും. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലായിരിക്കും അവര്‍. പ്രതിസന്ധികളില്‍ തളര്‍ന്നുപോകാതെ ക്യാന്‍സര്‍ ബാധിതയായ സഹോദരിക്കു വേണ്ടി പോരാടുന്ന ഒരു പത്തുവയസുകാരന്‍റെ കഥയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഹൈദരാബാദിലുള്ള സെയ്ദ് അസീസാണ് ഈ കൊച്ചുമിടുക്കന്‍.

തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച പന്ത്രണ്ടു വയസുകാരിയായ സഹോദരി സക്കീന ബീഗത്തിന് വേണ്ടി തെരുവ് കച്ചവടക്കാരനായി മാറിയിരിക്കുകയാണ് സെയ്ദ്. റോഡരികില്‍ ഒരു ബഞ്ച് സ്ഥാപിച്ച് പക്ഷികള്‍ക്കുള്ള ഭക്ഷണം വില്‍ക്കുകയാണ് സെയ്ദ്. രണ്ടു വര്‍ഷം മുന്‍പാണ് സക്കീനക്ക് ക്യാന്‍സര്‍ ബാധിക്കുന്നത്. ചികിത്സാച്ചെലവുകള്‍ക്ക് വളരെയധികം പണം വേണ്ടിവന്നു. ഇതിനായി മാതാപിതാക്കള്‍ കഷ്ടപ്പെടുന്നതു കണ്ടപ്പോള്‍ സെയ്ദ് പക്ഷികള്‍ക്കുള്ള തീറ്റ വിറ്റ് അവരെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ''സക്കീനയുടെ ജീവൻ രക്ഷിക്കാൻ റേഡിയോ തെറാപ്പി ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. തെലങ്കാന സര്‍ക്കാരില്‍ നിന്നും അതിനായി സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ഈ തുക മുഴുവന്‍ റേഡിയോ തെറാപ്പിക്ക് ചെലവായി. ഇപ്പോള്‍ തുടര്‍ചികിത്സക്ക് പണം ആവശ്യമാണ്'' മാതാവ് ബില്‍ക്കീസ് ബാനു പറഞ്ഞു.

Advertising
Advertising

കച്ചവടത്തിനിടയിലും സെയ്ദ് പഠനം ഉപേക്ഷിച്ചിട്ടില്ല. ഹൈദരാബാദിലുള്ള ഒരു മദ്രസയിലെ വിദ്യാര്‍ഥിയാണ് ഈ മിടുക്കന്‍. രാവിലെ 6 മുതല്‍ 8വരെ അമ്മക്കൊപ്പം പക്ഷിത്തീറ്റ വില്‍ക്കുകയും 8 മുതല്‍ വൈകിട്ട് അഞ്ചു വരെ മദ്രസയിലെ ക്ലാസില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട് സെയ്ദ്. കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന പണം ചികിത്സക്കും ഉപജീവനത്തിനും തികയാറില്ലെന്ന് ബില്‍ക്കീസ് ബാനു പറഞ്ഞു.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News