പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം ഭാര്യമാര്‍ കാമുകന്‍മാരോടൊപ്പം ഒളിച്ചോടി ; പരാതിയുമായി ഭര്‍ത്താക്കന്‍മാര്‍

മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്നുള്ള 11 വിവാഹിതരായ സ്ത്രീകളാണ് ആദ്യഗഡുവായ 40,000 രൂപ വാങ്ങിയ ശേഷം കാമുകന്‍മാരോടൊപ്പം പോയത്

Update: 2024-07-09 05:43 GMT
Editor : Jaisy Thomas | By : Web Desk

ലഖ്നൗ: ഉത്തർപ്രദേശിൽ നിന്നുള്ള ഒരുകൂട്ടം സ്ത്രീകൾ കേന്ദ്ര സർക്കാരിൻ്റെ ഭവന നിര്‍മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ദുരുപയോഗം ചെയ്തതായി റിപ്പോർട്ട്.11 ഓളം സ്ത്രീകളാണ് പിഎംഎവൈയില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം കാമുകന്‍മാരൊടൊപ്പം ഒളിച്ചോടിപ്പോയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.

മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്നുള്ള 11 വിവാഹിതരായ സ്ത്രീകളാണ് പിഎംഎവൈ പദ്ധതി പ്രകാരം സർക്കാരിൽ നിന്ന് ആദ്യഗഡുവായ 40,000 രൂപ വാങ്ങിയ ശേഷം കാമുകന്‍മാരോടൊപ്പം പോയത്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അടുത്തിടെ മഹാരാജ്‌ഗഞ്ച് ജില്ലയിൽ 2,350 ഗുണഭോക്താക്കൾക്ക് പിഎംഎവൈ പദ്ധതി പ്രകാരം പണം ലഭിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. തുത്തിബാരി, ശീത്‌ലാപൂർ, ചാതിയ, രാംനഗർ, ബകുൽ ദിഹ, ഖസ്ര, കിഷുൻപൂർ, മെധൗലി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഗുണഭോക്താക്കൾ.ഈ സംഭവത്തെ തുടർന്ന് രണ്ടാം ഗഡു നൽകുന്നത് നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായും ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

Advertising
Advertising

പിഎംഎവൈ പദ്ധതി പ്രകാരം ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് സ്ഥിരം വീട് നിർമിക്കാൻ സർക്കാരിൽ നിന്ന് സഹായം ലഭിക്കും.കുടുംബത്തിൻ്റെ വരുമാനത്തിനനുസരിച്ച് 2.5 ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡിയും നൽകുന്നു. എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായാൽ, ഗുണഭോക്താക്കളിൽ നിന്ന് അധികാരികൾക്ക് പണം തിരികെ വാങ്ങാം. കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ പിഎംഎവൈ പദ്ധതി പ്രകാരം പണം കൈപ്പറ്റിയ വിവാഹിതരായ നാലു സ്ത്രീകൾ കാമുകൻമാർക്കൊപ്പം പോയിരുന്നു. 50,000 രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടിലെത്തിയ ഉടനെ തന്നെയായിരുന്നു സംഭവം. ഇവരുടെ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News