21 വയസായിട്ട് വിവാഹം കഴിക്കാമെന്ന് കുടുംബം; പ്രണയത്തിലായിരുന്ന 19 കാരൻ ആത്മഹത്യ ചെയ്തു
ജാർഖണ്ഡ് സ്വദേശിയായ യുവാവ് സ്വന്തം നാട്ടിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 19 കാരൻ ജീവനൊടുക്കി. 21 വയസ് പൂര്‍ത്തിയായിട്ട് വിവാഹം കഴിക്കാമെന്ന് കുടുംബം നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നവംബർ 30 ന് ഡോംബിവ്‌ലി പ്രദേശത്താണ് സംഭവം.
ജാർഖണ്ഡ് സ്വദേശിയായ യുവാവ് സ്വന്തം നാട്ടിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പ്രണയിനിയെ വിവാഹം കഴിക്കാൻ യുവാവ് ആഗ്രഹിച്ചിരുന്നു. എന്നാൽ 21 വയസാണ് പുരുഷൻമാരിലെ വിവാഹപ്രായമെന്നും അത് കഴിയുന്നതുവരെ കാത്തിരിക്കണമെന്നും കുടുംബം 19കാരനോട് ആവശ്യപ്പെട്ടിരുന്നു. ഇത് യുവാവിൽ മാനസികാഘാതമുണ്ടാക്കിയതായി മൻപാഡ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞായറാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുടുംബം അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവിന്‍റെ മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.