2000, 2022, 25... ജമ്മു കശ്മീരിലെ ഈ ഭീകരാക്രമണങ്ങൾ യുഎസ് ഭരണകർത്താക്കളും ഉദ്യോ​ഗസ്ഥരും രാജ്യത്തുള്ളപ്പോൾ

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ത്യയിലുണ്ടായിരിക്കെയാണ് ഇന്നലെ കശ്മീരിലെ പഹൽ​ഗാമിൽ ഭീ​കരാക്രമണം ഉണ്ടായത്.

Update: 2025-04-23 11:59 GMT

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ 26 വിനോദസ‍ഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം. വ്യോമസേന- നാവികസേന- ഐബി ഉദ്യോ​ഗസ്ഥരും മലയാളിയും ഉൾപ്പെടെ കൊല്ലപ്പെട്ട ആക്രമണത്തിനു പിന്നിൽ പാക് ഭീകരരാണെന്നാണ് സൂചന. എന്നാൽ ഇന്നലെയും മുമ്പ് മറ്റ് രണ്ട് വർഷങ്ങളിലും നടന്ന ഭീകരാക്രമണങ്ങൾക്ക് കൃത്യമായ ഒരു സാമ്യം കാണാം.

2000, 2022 വർഷങ്ങളിലും 2025 ഏപ്രിൽ 22നും ഭീകരാക്രമണങ്ങൾ വിദേശ ഭരണകർത്താക്കളും ഉദ്യോഗസ്ഥരും രാജ്യത്ത് ഉള്ളപ്പോഴാണ് സംഭവിച്ചത്. അന്താരാഷ്ട്ര ശ്രദ്ധയാണോ ഇതിലൂടെ ആക്രമണകാരികൾ ലക്ഷ്യമിടുന്നതെന്ന സംശയം ഉയർന്നിട്ടുണ്ട്.

Advertising
Advertising

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ത്യയിലുണ്ടായിരിക്കെയാണ് ഇന്നലെ കശ്മീരിലെ പഹൽ​ഗാമിൽ ഭീ​കരാക്രമണം ഉണ്ടായത്. നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് വാൻസും കുടുംബവും ‍ഡൽഹിയിലെത്തിയത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാജസ്ഥാനിലെ ജയ്പ്പൂർ സന്ദർശിച്ച വാൻസ് ഇന്ന് രാവിലെ താജ്മഹൽ കാണാൻ യുപിയിലെ ആ​ഗ്രയിലെത്തുകയും ചെയ്തു.

ഭീകരാക്രമണത്തിൽ ജെ.ഡി വാൻസ് എക്‌സിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു: 'ഇന്ത്യയിലെ പഹൽഗാമിൽ നടന്ന വിനാശകരമായ ഭീകരാക്രമണത്തിലെ ഇരകൾക്ക് ഞാനും ഭാര്യയും അനുശോചനം അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സൗന്ദര്യത്തിൽ ഞങ്ങൾ മതിമറന്നിരുന്നു. ഈ ഭീകരാക്രമണത്തിൽ അവർ ദുഃഖിക്കുമ്പോൾ ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും അവരോടൊപ്പമുണ്ട്'- വാൻസ് കുറിച്ചു.

അഞ്ച് വർഷം മുമ്പ്, 2000 മാർച്ച് 20 രാത്രിയാണ് ജമ്മു കശ്മീരിലെ അനന്ത്നാ​ഗ് ​ജില്ലയിലെ ചിട്ടിസിൻഘ്പോര ഗ്രാമത്തിൽ ഭീകരാക്രമണം ഉണ്ടായത്. സിഖുകാരായ 36 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇന്ത്യയിലെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ആക്രമണം. മാർച്ച് 21- 25 തിയതികളിലായിരുന്നു ബിൽ ക്ലിന്റൺന്റെ ഇന്ത്യാ സന്ദർശനം.

അന്ന് ബിൽ ക്ലിന്റണും ജയ്പ്പൂരിലും ആഗ്രയിലും സന്ദർശനം നടത്തിയിരുന്നു. അതേസമയം സ്റ്റേറ്റ് സെക്രട്ടറി മാഡലിൻ ആൽബ്രൈറ്റും സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി സ്ട്രോബ് ടാൽബോട്ടും ഇന്ത്യൻ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ഡൽഹിയിൽ തന്നെ തുടർന്നു.

രണ്ട് വർഷത്തിനു ശേഷം, യുഎസ് ദക്ഷിണേഷ്യൻ വിഭാ​ഗം അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റീന ബി റോക്ക ഇന്ത്യ സന്ദർശിക്കവെ, 2002 മെയ് 14ന് ജമ്മു കശ്മീരിലെ കലുച്ചക്കിന് സമീപം ഒരു ഭീകരാക്രമണം നടന്നു. മണാലിയിൽ നിന്നും ജമ്മുവിലേക്ക് പോയ ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിനു നേരെയുണ്ടായ സായുധാക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

തുടർന്ന്, ആർമി ഫാമിലി ക്വാർട്ടേഴ്സിലേക്ക് കടന്നുകയറിയ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 23 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ 10 പേർ കുട്ടികളും എട്ട് പേർ സ്ത്രീകളും അഞ്ച് സൈനികരുമാണ് ഉൾപ്പെട്ടിരുന്നത്. നാല് മുതൽ പത്ത് വയസ് വരെ പ്രായമായ കുട്ടികളായിരുന്നു അന്ന് കൊല്ലപ്പെട്ടത്. 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം, പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുമെന്നാണ് റിപ്പോർട്ട്. പാക് നയതന്ത്ര സഹകരണം അവസാനിപ്പിക്കാൻ ഇന്ത്യ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. സിന്ധു നദീജല കരാർ റദ്ദാക്കുന്നതും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇസ്‌ലാമാബാദ്‌ ഹൈ കമ്മീഷൻ പ്രവർത്തനം നിർത്തലാക്കാൻ സാധ്യതയുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു.

ഇന്നലെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. 26 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശവാസികളെയും കച്ചവടക്കാരെയും ടാക്‌സി ഡ്രൈവർമാരേയും മാറ്റിനിർത്തി വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളും നോക്കിനിൽക്കെ വെടിയേറ്റു വീണത് പുരുഷന്മാരായിരുന്നു.

പഹൽഗാമിൽ കുതിരപ്പുറത്ത് കയറിയോ കാൽനടയായോ മാത്രം ട്രക്കിങ് നടത്തി എത്താൻ സാധിക്കുന്ന മിനി സ്വിറ്റ്‌സർലന്റ് എന്നറിയപ്പെടുന്ന ബൈസാറിൻ കുന്നിൻമുകളിലാണ് ആക്രമണം നടന്നത്. സൈനിക വേഷത്തിലാണ് ഭീകരർ എത്തിയതെന്നാണ് വിവരം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News