2014 മുതൽ അഴിമതിക്കേസുകളിൽ അന്വേഷണം നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിലെത്തി

ബി.ജെ.പിയിൽ ചേർന്നതോടെ ​കേന്ദ്ര ഏജൻസികളെടുത്ത കേസിൽ 23 പേർക്കും നേട്ടമായെന്ന് റിപ്പോർട്ട്

Update: 2024-04-03 11:38 GMT
Editor : Anas Aseen | By : Web Desk
Advertising

അഴിമതി കേസുകളിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കേന്ദ്ര ഏജൻസികളുടെ നടപടി നേരിട്ട 25 ​പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പിയുടെയും എൻ.ഡി.എ മുന്നണിയുടെയും ഭാഗമായതിന് പിന്നാ​ലെ ഏജൻസികളുടെ നടപടികൾ പാതിവഴിയിൽ അവസാനിപ്പിച്ചുവെന്ന് ഇന്ത്യൻ എക്സപ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇ.ഡി,സി.ബി.ഐ,ഇൻകം ടാക്സ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയ കേസിൽ പ്രതികളായ 25 പേരാണ് പാർട്ടി വിട്ട് എൻ.ഡി.എയുടെ ഭാഗമായത്. പാർട്ടിവിട്ടതിന് പിന്നാലെ 23 പേർക്കും അവർ നടപടി നേരിട്ടിരുന്ന കേസുകളിൽ ഇളവ് ലഭിച്ചു. 3 കേസുകൾ പൂർണമായും അവസാനിപ്പിച്ചപ്പോൾ 20 എണ്ണത്തിൽ അന്വേഷണം പാതിവഴിയിൽ മുടങ്ങി.

2014 മുതൽ അഴിമതിക്കേസുകളിൽ കക്ഷിഭേദമന്യേ എല്ലാ പാർട്ടിയിൽ നിന്നുമുള്ള നേതാക്കളും പ്രതികളായി. കോൺഗ്രസിൽ നിന്ന് 10 പേരാണ് പാർട്ടി വിട്ടത്. എൻസിപിയിൽനിന്നും ശിവസേനയിൽനിന്നും നാലുവീതം. ടിഎംസിയിൽ നിന്ന് മൂന്ന്, ടിഡിപിയിൽ നിന്ന് രണ്ടുപേർ,എസ്.പിയിൽ നിന്നും വൈ.എസ്.ആർ.സി.പിയിൽ നിന്നും ഓരോരുത്തർ വീതമാണ് എൻ.ഡി.എയിലേക്ക് കുടിയേറിയത്. രാഷ്ട്രീയ നീക്കം അവർക്ക് ഗുണകരമായെന്നാണ് ഇന്ത്യൻ എക്സപ്രസ് കേസുകളുടെ നിലവിലത്തെ അവസ്ഥയുൾപ്പടെ വിവരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2022ലും 2023ലും മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രിയ അട്ടിമറിയിലൂടെയാണ് കൂടുതൽ പേർ മറുകണ്ടം ചാടിയത്.

2022ൽ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേനയിൽ നിന്ന് പിരിഞ്ഞ് ബിജെപിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ചു. ഒരു വർഷത്തിനുശേഷം അജിത് പവാർ വിഭാഗം എൻസിപിയിൽ നിന്ന് പിരിഞ്ഞ് ഭരണകക്ഷിയായ എൻഡിഎ സഖ്യത്തിൽ ചേർന്നു. എൻസിപി വിഭാഗത്തിലെ മുതിർന്ന നേതാക്കളായ അജിത് പവാറും പ്രഫുൽ പട്ടേലും നേരിട്ട കേസുകൾ പിന്നീട് അവസാനിപ്പിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.പ്രമാദമായ കുറ്റകൃത്യങ്ങളിൽ ​അന്വേഷണം അവസാനിപ്പിച്ച ഏജൻസികൾ പേരിന് മാത്രമുള്ള കേസുകളിൽ മാത്രമാണ് അന്വേഷണം തുടരുന്നത്.എന്നാൽ എല്ലാം കേസുകളിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതെന്നും നടപടികൾ തുടരുകയാണെന്നുമാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.

നേതാക്കളും കേസുകൾ അവസാനിച്ച വഴികളും

അജിത് പവാർ

മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അജിത് പവാർ, ശരദ് പവാർ എന്നിവരുൾപ്പടെയുള്ളവർക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ ഇ.ഡിയും നടപടി തുടങ്ങി. കോൺഗ്രസ് നേതാക്കളായ ജയന്ത് പാട്ടീൽ, ദിലീപ്റാവു ദേശ്മുഖ്, മദൻ പാട്ടീൽ എൻസിപിയുടെ ഈശ്വർലാൽ ജെയിൻ, ശിവാജി റാവു നലവാഡെ; ഒപ്പം ശിവസേനയുടെ ആനന്ദറാവു അദ്‌സുലും എന്നിവരെയും പ്രതികളാക്കി. ഇഡി പവാറിന്റെ പേരിടാതെയാണ് കുറ്റപത്രം സമർപ്പിച്ചത്. അതിനിടയിൽ ശിവസേന പിളർന്ന് ഷിൻഡെ സർക്കാർ രൂപീകരിച്ചു. ഇഡി തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഒഡബ്ല്യു കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നീട് കാണുന്ന കാഴ്ച പവാർ എൻഡിഎ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ്. അതിന് പിന്നാലെ കേസുകൾ അവസാനിപ്പിക്കാൻ ഇഒഡബ്ല്യു അപേക്ഷ നൽകിയതോടെ ​നടപടികൾ എല്ലാം അവസാനിച്ച മട്ടിലാണ്.

പ്രഫുൽ പട്ടേൽ

എയർ ഇന്ത്യ 111 വിമാനങ്ങൾ വാങ്ങിയതിലും എ.ഐ-ഇന്ത്യൻ എയർലൈൻസ് ലയനത്തിലും അഴിമതി നടന്നെന്നാരോപിച്ച് മുൻ സിവിൽ ഏവിയേഷൻ മന്ത്രിക്കെതിരെ 2017 ലാണ് സിബിഐയും ഇഡിയും അന്വേഷണം ആരംഭിച്ചത്. എഫ്ഐആറിൽ പട്ടേൽ പ്രതിയല്ലെങ്കിലും അദ്ദേഹത്തിന്റെ പേര് എഫ്.ഐ.ആറിൽ പരാമർശിച്ചു. 2023 ൽ എൻസിപി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ഭാഗമായതിന് പിന്നാലെ കേസുകൾ മരവിപ്പിക്കുന്നതാണ് പിന്നീട് കാണുന്നത്.

പ്രതാപ് സർനായിക്

സെക്യൂരിറ്റി സ്ഥാപനവുമായുള്ള ഇടപാടുകളിൽ ക്രമക്കേട് ആരോപിച്ച് ശിവസേന വക്താവായ പ്രതാപ് സർനായികിനെ ഇഡി അറസ്റ്റ് ചെയ്യുന്നു. പിന്നാലെ വിവിധയിടങ്ങളിൽ റെയ്ഡും നടക്കുന്നു. ബിജെപിയുമായി ഒത്തുകളിച്ച് ഇഡി‘പീഡിപ്പിക്കുന്നു’ എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. 2022 ജൂണിൽ, സേന പിളർന്നപ്പോൾ അദ്ദേഹം ഏകനാഥ് ഷിൻഡെക്കൊപ്പം നിന്നു. 2022 ൽ ഷി​ൻഡക്കൊപ്പം എൻഡിഎയിലെത്തി.മാസങ്ങൾക്കുള്ളിൽ കേസ് അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ട്​ കോടതി സ്വീകരിച്ചു.

ഹിമന്ത ബിശ്വ ശർമ്മ

അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമ്മക്കെതിരെ 2014ലും 2015ലുമാണ് സി.ബി.ഐയും ഇ.ഡിയും അന്വേഷണം നടത്തുന്നത്. ശാരദാ ചിട്ടി ഫണ്ട് അഴിമതിക്കേസ് പ്രതിയായ സുദീപ്ത സെന്നുമായുള്ള സാമ്പത്തിക ഇടപാടുകൾ ആരോപിച്ച് 2014-ൽ സി.ബി.ഐ അദ്ദേഹത്തിന്റെ വീടും ഓഫീസും റെയ്ഡ് ചെയ്തു. 2015ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെ കേസുകളും നടപടികളും അവസാനിച്ചു.

ഹസൻ മുഷ്‌രിഫ്

മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള സർ സേനാപതി സാന്താജി ഘോർപഡെ പഞ്ചസാര ഫാക്ടറിയിൽ നടന്ന ക്രമക്കേടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതിന് 2023 ഫെബ്രുവരിയിലാണ് ഇഡി കേസെടുത്തത്. 40,000 കർഷകരിൽ നിന്ന് മൂലധനം ശേഖരിച്ചതിന് ശേഷം അവർക്ക് ഷെയർ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് ഇഡി കണ്ടെത്തി. പിരിച്ചെടുത്ത പണം മുഷ്‌രിഫിന്റെ കുടുംബവുമായി ബന്ധമുള്ള ഷെൽ കമ്പനികളിലേക്ക് വകമാറ്റിയെന്നാണ് ആരോപണം.2023 ജൂലൈയിൽ മുഷ്‌രിഫ് അജിത് പവാറിനൊപ്പം എൻഡിഎയിൽ ചേരുന്നതോടെ കേസുകളിൽ നടപടികൾ മന്ദഗതിയിലായി.

ഭാവന ഗവാലി

ശിവസേന നേതാവും എം.പിയുമായ ഭാവന ഗവാലിക്കെതിരെ 2020-ലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡുകൾ നടത്തുന്നത്. എം.പിയും സഹായിയും ഒരു ട്രസ്റ്റ് വഴി 17 കോടിരൂപ തട്ടിയതായി കണ്ടെത്തി. പിന്നാലെ സഹായിയായ

സയീദ് ഖാന് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 3.75 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ഓഫീസ് കെട്ടിടവും ഇഡി കണ്ടുകെട്ടി. 2022-ൽ ശിവസേനക്കൊപ്പം എൻ.ഡി.എയിൽ ചേർന്നതോടെ കേസിൽ തുടർ നടപടികളില്ല.

യാമിനി, യശ്വന്ത് ജാദവ്

ശിവസേന നേതാവും എം.എൽ.എയുമായ

യാമിനിക്കും വ്യവസായിയായ യശ്വന്ത് ജാദവിനുമെതിരെ ഇഡി ഉൾപ്പെടെ ഒന്നിലധികം ഏജൻസികളുടെ അന്വേഷണം നടന്നിരുന്നു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്ട് (ഫെമ) ലംഘനം ആരോപിച്ച് ബന്ധുക്കളുടേതടക്കം ആറ് കമ്പനികൾക്കെതിതെ ഇഡി അന്വേഷണം നടത്തി. 2022ൽ നികുതി വകുപ്പ് 40 ലധികം സ്വത്തുക്കൾ കണ്ടുകെട്ടിയതോടെ 2022 ജൂണിൽ ഷിൻഡെക്കൊപ്പം എൻഡിഎയിൽ ചേർന്നു.

സി എം രമേഷ്

ടിഡിപി എം.പിയായിരുന്ന സി.എം രമേഷിന്റെ കമ്പനികളിൽ 2018 ഒക്ടോബറിൽ, 100 കോടി രൂപയുടെ ക്രമക്കേട് ആരോപിച്ച് ഐടി വകുപ്പ് റെയ്ഡ് നടത്തി. 2019 ജൂണിൽ ബി ജെ പിയിൽ ചേർന്നതിന് പിന്നാലെ തുടർ നടപടികൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

രനീന്ദർ സിംഗ്

മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ മകൻ രനീന്ദർ സിങ്ങിനെതിരെ ഫെമ നിയമ ലംഘനം ആരോപിച്ചാണ് ഇഡി അന്വേഷണം ആരംഭിക്കുന്നത്. 2016-ൽ അദ്ദേഹം ഇഡിക്ക് മുമ്പാകെ ഹാജരാകുന്നു. സിംഭോലി ഷുഗേഴ്‌സിന്റെ പേരിൽ നടന്ന 98 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അമരീന്ദർ സിങ്ങിൻ്റെ മരുമകൻ ഗുർപാൽ സിംഗിനെ 2018 മാർച്ചിൽ സിബിഐ ചോദ്യം ചെയ്യുന്നു. സിബിഐയുടെ എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയും 2019 ജൂലൈയിൽ 110 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തു. 2021 നവംബറിൽ അമരീന്ദർ കോൺഗ്രസ് വിടുന്നു. 2022 സെപ്റ്റംബറിൽ അമരീന്ദർ ബിജെപിയിൽ ചേർന്നു. ​ആ കേസുകളി​ൽ തുടർനടപടികളെ പറ്റി പിന്നെ ലോകം ഒന്നും കേട്ടില്ല.

സഞ്ജയ് സേത്

എസ്പി നേതാവായ സഞ്ജയ് സേതുമായി ബന്ധമുള്ള ഷാലിമാർ കോർപ്പറേഷൻ്റെ ഓഫീസുകളിൽ 2015ലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തുന്നത്.മുലായം സിംഗ് യാദവിൻ്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന സേത്ത്, 2019-ൽ എസ്പി-ബിഎസ്പി സഖ്യം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവ് കൂടിയാണ്. അടുത്തിടെ നടന്ന രാജ്യസഭയിൽ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർഥിയായാണ് സേതിന്റെ പേര് പിന്നെ കേൾക്കുന്നത്. യുപിയിൽ നിന്ന് സേത്തിനെ രാജ്യസഭയിലേക്ക് ബിജെപി മത്സരിപ്പിച്ചു.

സുവേന്ദു അധികാരി

നാരദ സ്റ്റിംഗ് ഓപ്പറേഷൻ കേസിൽ 11 തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രതിയാണ് ലോക് സഭാ എംപി ആയിരുന്ന സുവേന്ദു അധികാരി. സുവേന്ദു അധികാരിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ തുടരാൻ 2019 ൽ ലോക്‌സഭാ സ്പീക്കറിൽ നിന്ന് സി.ബി.ഐ അനുമതി തേടിയിരുന്നു. 2020 ൽ ബി.ജെ.പിയിൽ ചേർന്നു. നാല് വർഷം പിന്നിട്ടിട്ടും സ്പീക്കറുടെ അനുമതിക്കായി ഇപ്പോഴും സി.ബി.ഐ ‘കാത്തിരിക്കുന്നുവെന്നാണ്’ റിപ്പോർട്ടുകൾ.

കെ ഗീത

വൈഎസ്ആർസിപി എംപി ഗീതയ്ക്കും ഭർത്താവ് പി രാമകോടേശ്വര റാവുവിനും എതിരെ 2015-ൽ സിബിഐ കേസെടുക്കുന്നു. അവരുടെ കമ്പനിയായ വിശ്വേശ്വര ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് പഞ്ചാബ് നാഷണൽ ബാങ്കിൽ 42 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മാർച്ച് 12ന് തെലങ്കാന ഹൈക്കോടതി ശിക്ഷ സ്റ്റേ ചെയ്തു. മാർച്ച് 28 ന് സ്ഥാനാർഥിയായി അ​വരെ ബിജെപി പ്രഖ്യാപിച്ചു. ആ കേസിൽ അപ്പീൽ കൊടുക്കാൻ സി.ബി.ഐ ഇതുവരെ തയാറായിട്ടില്ല.

സോവൻ ചാറ്റർജി

മുൻ കൊൽക്കത്ത മേയറും ടിഎംസി നേതാവും എംഎൽഎയുമായ സോവൻ ചാറ്റർജി നാരദ സ്റ്റിംഗ് ഓപ്പറേഷൻ കേസിലെ പ്രധാന പ്രതിയാണ്, ശാരദ ചിട്ടിഫണ്ട് കേസിലും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു. 2019 ൽ ബി.ജെ.പിയിൽ ചേർന്നു. 2021-ൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബിജെപിയിൽ നിന്ന് രാജിവച്ചു. 2021 ൽ നാരദ കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. ഇപ്പോൾ ജാമ്യത്തിലാണ്.

ഛഗൻ ഭുജ്ബൽ

എൻസിപി നേതാവായിരുന്ന ഛഗൻ ഭുജ്ബൽ നിലവിൽ മഹാരാഷ്ട്ര മന്ത്രിസഭയിലെ അംഗമാണ്. 2006-ൽ 100 ​​കോടിയിലധികം രൂപയുടെ കരാർ നൽകിയതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ 2015-ൽ മഹാരാഷ്ട്രയിലെ അഴിമതി വിരുദ്ധ ബ്യൂറോ കേസെടുത്തു. എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയും 2016 മാർച്ചിൽ ഭുജ്ബലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2018 മെയ് മാസത്തിൽ ഭുജ്ബൽ ജാമ്യവും വിദേശയാത്രയ്ക്കുള്ള അനുമതിയും നേടി. ഇ.ഡി അതിനെതിരെ ഹരജി നൽകി. 2023ൽ അജിത് പവാറിനൊപ്പം എൻഡിഎയിൽ ചേർന്നതിന് പിന്നാലെ ഭുജ്ബൽ നിരവധി തവണ വിദേശയാത്ര നടത്തി. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയതോടെ ഇഡി ഹരജി പിൻവലിച്ചു. കേസിൽ പിന്നീട് ഇ.ഡിയുടെ ഭാഗത്ത് നിന്ന് കാര്യമായ തുടർ നടപടികൾ ഉണ്ടായില്ല.

കൃപാശങ്കർ സിംഗ്

2012-ലാണ് അന്നത്തെ മുംബൈ കോൺഗ്രസ് മേധാവി കൃപാശങ്കർ സിങ്ങിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ പോലീസ് കേസെടുത്തത്. എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുകയും മക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. 2019 സെപ്റ്റംബറിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച സിങ് 2021 ജൂലൈയിൽ ബിജെപിയിൽ ചേർന്നു. തുടർ നടപടികളുമായി ഇ.ഡി മുന്നോട്ട് പോയതുമില്ല.

 ദിഗംബർ കാമത്ത്

കോൺഗ്രസ് നേതാവും മുൻ ഗോവ മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്ത് 2015 മുതൽ ലൂയിസ് ബർഗർ അഴിമതിയിൽ ഇഡി അന്വേഷണം നേരിടുകയാണ്. കാമത്തിൻ്റെയും എൻസിപി നേതാവ് ചർച്ചിൽ അലെമാവോയുടെയും രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 2022 സെപ്തംബറിൽ എട്ട് കോൺഗ്രസ് എംഎൽഎമാരുമായി കാമത്ത് ബിജെപിയി ചേർന്നു. കേസിൽ വിചാരണ അനന്തമായി നീളുകയാണ്.

 അശോക് ചവാൻ

മുംബൈയിലെ ആദർശ് കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിൽ ഫ്ലാറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ. 2011ൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പിന്നാലെ ഇഡി അന്വേഷണം ആരംഭിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.2024 ഫെബ്രുവരിയിൽ ബിജെപിയിൽ ചേർന്ന​തോടെ നടപടികൾ അവസാനിച്ച മട്ടിലാണ്​.

നവീൻ ജിൻഡാൽ

2016 ലും 17 ലുമെടുത്ത കൽക്കരിപ്പാടം കേസുകളിൽ കോൺഗ്രസ് നേതാവായ നവീൻ ജിൻഡാലിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം നടത്തിയ ഇഡിയും കുറ്റപത്രം സമർപ്പിച്ചു. 2022 ഏപ്രിലിൽ ജിൻഡാൽ സ്റ്റീൽ ആൻഡ് പവറിലും നവിൻ ജിൻഡാലിന്റെ വീടുകളിലും ഇഡി റെയ്ഡ് നടത്തി.2024 മാർച്ചിൽ ജിൻഡാൽ ബി.ജെ.പിയിൽ ചേർന്നതോടെ അന്വേഷണം തുടരുകയാണ്.

തപസ് റോയ്

ടിഎംസി നേതാവായ തപസ് റോയി കള്ളപ്പണം വെളുപ്പിക്കൽ കേസ്, റിക്രൂട്ട്‌മെന്റ് തട്ടിപ്പ് തുടങ്ങിയ കേസുകളിൽ പ്രതിയാകുന്നു. 2024 ജനുവരിയിൽ ഇ.ഡി അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തുന്നു. 2024 മാർച്ചിൽ ബി.ജെ.പിയിൽ ചേർന്ന റോയി നിലവിൽ സ്ഥാനാർഥിയുമാണ്.

അർച്ചന പാട്ടീൽ

കോൺഗ്രസ് നേതാവായ അർച്ചന പാട്ടീലിന്റെ ഭർത്താവും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിന്റെ കമ്പനിയായ എൻവി ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ ഐടി വകുപ്പ് റെയ്ഡ് നടത്തി. മഹാരാഷ്ട്രയിലെ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മകനുമായ ശൈലേഷാണ് കമ്പനിയുടെ ഡയറക്ടർ. ഈ വർഷം ഫെബ്രുവരിയിൽ, ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ (ഐടിഎടി) റെയ്ഡിൽ കുറ്റകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് റിപ്പോർട്ട് നൽകുന്നു. മാർച്ചിൽ അർച്ചന ബി.പെി.യിൽ ചേർന്നു. ലാത്തൂരിൽ നിന്ന് മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. യാതൊരു കേസുമില്ലെന്നാണ് ഐ.ടി ട്രിബ്യൂണലിന്റെ റിപ്പോർട്ട് ഇപ്പോർ പറയുന്നത്.

ഗീത കോഡ

അനധികൃത സ്വത്ത് സമ്പാദനത്തിലും കൽക്കരിപ്പാടങ്ങൾ അനുവദിച്ച കേസുകളിലും കേന്ദ്ര ഏജൻസികളുടെ നടപടി നേരിടുകയാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ. കോഡയ്‌ക്കെതിരായ മറ്റ് കേസുകളിൽ അന്വേഷണം വിവിധ ഘട്ടങ്ങളിലാണ്. 2017 ൽ കോഡയെ ശിക്ഷിച്ചു. 2018 ൽ ശിക്ഷാ വിധി സ്റ്റേ ചെയ്തു. 2024 ൽ ഗീത കോഡ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് മാറി.

ബാബ സിദ്ദിഖി

നഗരത്തിലെ ചേരി പുനർവികസന പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുംബൈ കോൺഗ്രസ് നേതാവ് ബാബ സിദ്ദിഖിന്റെ വസതികളിലും ഓഫീസുകളിലും 2017 മെയിലാണ് ഇഡി പരിശോധന നടത്തുന്നത്. 2018ൽ കേസുമായി ബന്ധപ്പെട്ട ഒരു ഡെവലപ്പറുടെതടക്കം 450 കോടിയിലധികം വരുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 2024ൽ അജിത് പവാറിന്റെ എൻസിപിയിൽ ചേർന്നതോടെ അന്വേഷണം നടക്കുന്നുവെന്ന മറുപടിയാണ് അന്വേഷണ സംഘത്തിന് പറയാനുള്ളത്.

ജ്യോതി മിർധ

യെസ് ബാങ്ക് കേസ് ഉൾപ്പെടെ ഒന്നിലധികം കേസുകളിൽ ഇഡി ഇന്ത്യാബുൾസിനെതിരെ 2020 മാർച്ചിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു.ഓഹരി വിലകളിലെ കൃത്രിമ പണപ്പെരുപ്പം,സ്വത്തുക്കൾ തട്ടിയെടുക്കൽ തുടങ്ങിയ പരാതികളിലാണ് നടപടി നേരിട്ടത്. ഇന്ത്യബുൾസ് പ്രൊമോട്ടർ സമീർ ഗെഹ്‌ലോട്ടിന്റെ സഹോദരനാണ് ജ്യോതി മിർധയുടെ ഭർത്താവായ നരേന്ദ്ര ഗെഹ്‌ലൗട്ട്. 2023ൽ ജ്യോതി മിർധ ബിജെപിയിൽ ചേർന്നു.

വൈഎസ് സുജന ചൗധരി

ടിഡിപി ​നേതാവും മുൻ കേന്ദ്രമന്ത്രിയും മുൻ എംപിയുമായ വൈഎസ് സുജന ചൗധരിക്കെതിരെ ഇ.ഡിയുടെ മൂന്ന് എഫ്.ഐ.ആറുകളിലാണ് അന്വേഷണം നടക്കുന്നത്. ചൗധരിയുടേതെന്ന് ഏജൻസികൾ അവകാശപ്പെടുന്ന ബെസ്റ്റ് ആൻഡ് ക്രോംപ്ടൺ എൻജിനീയറിങ് പ്രോജക്ട്സ് ലിമിറ്റഡ് (ബിസിഇപിഎൽ) ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 360 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് നടത്തി കുടിശ്ശിക വരുത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. 2019 എപ്രിലിൽ ഇഡി 315 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ആ വർഷം ജൂണിൽ ബിജെപിയിൽ ചേർന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News