' ഭർത്താവ് എന്നെ ഉപേക്ഷിച്ച് രഹസ്യ വിവാഹത്തിനൊരുങ്ങുന്നു'; മോദിയോട് സഹായം അഭ്യർഥിച്ച് പാക് യുവതി

വിവാഹത്തിന് തൊട്ടുപിന്നാലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെക്കുറിച്ചും യുവതി പങ്കുവെച്ചു

Update: 2025-12-07 05:27 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ഭർത്താവ് തന്നെ കറാച്ചിയിൽ ഉപേക്ഷിച്ച് ഡൽഹിയിൽ രഹസ്യമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് യുവതിയുടെ പരാതി. പാകിസ്താൻ സ്വദേശിനിയായ നികിത നാഗ്‌ദേവാണ് ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് നീതി ലഭിക്കണമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യുവതി വിഡിയോയിലൂടെ അഭ്യർഥിച്ചു.

കറാച്ചി നിവാസിയാണ് നികിത. ദീർഘകാല വിസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക് വംശജനായ വിക്രം നികിതയെ 2020 ജനുവരി 26 ന് കറാച്ചിയിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചുവെന്ന് യുവതി പറയുന്നു. ഒരു മാസത്തിനുശേഷം, ഫെബ്രുവരി 26 ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ, തന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞുവെന്ന് നികിത പറയുന്നു.

Advertising
Advertising

2020 ജൂലൈ 9 ന്, വിസയില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് തന്നെ അട്ടാരി അതിർത്തിയിൽ ഉപേക്ഷിക്കപ്പെടുകയും ബലമായി പാകിസ്താനിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. അതിനുശേഷം, വിക്രം ഒരിക്കലും തന്നെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെന്ന് യുവതി പറയുന്നു.   'എന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു, പക്ഷേ അദ്ദേഹം എല്ലായ്പ്പോഴും വിസമ്മതിച്ചു,' യുവതി പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

'ഇന്ന് നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. പല പെൺകുട്ടികളും അവരുടെ ദാമ്പത്യശേഷം വീടുകളിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടുന്നു. എല്ലാവരും എന്നോടൊപ്പം നിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.' യുവതി പറയുന്നു.

വിവാഹത്തിന് തൊട്ടുപിന്നാലെ താൻ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെക്കുറിച്ചും യുവതി പങ്കുവെച്ചു. ഞാന്‍ ഇന്ത്യയിലെത്തിയപ്പോള്‍ അവരുടെ പെരുമാറ്റം പൂര്‍ണമായും മാറി. എന്റെ ഭർത്താവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഇക്കാര്യം ഭര്‍തൃപിതാവിനോട് പറഞ്ഞപ്പോള്‍  ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങളുണ്ടുകുമെന്നും അതില്‍  ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു മറുപടി.  കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് വിക്രം തന്നെ പാകിസ്താനിലേക്ക് മടങ്ങാൻ നിർബന്ധിച്ചുവെന്നും ഇപ്പോൾ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ വിസമ്മതിക്കുകയാണെന്നും നികിത ആരോപിച്ചു. '

കറാച്ചിയിൽ തിരിച്ചെത്തിയപ്പോഴാണ് വിക്രം  ഡൽഹിക്കാരിയുമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് മനസിലായത്. നിയമപരമായി വിവാഹിതനായിരിക്കെ മറ്റൊരു വിവാഹം കഴിക്കുന്നതിനെതിരെ നികിത 2025 ജനുവരി 27-ന് ഒരു രേഖാമൂലമുള്ള പരാതി നൽകി.എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള മധ്യസ്ഥത ചര്‍ച്ചകളും പരാജയപ്പെട്ടു.പങ്കാളികൾ ഇരുവരും ഇന്ത്യൻ പൗരന്മാരല്ലാത്തതിനാൽ, വിഷയം പാകിസ്താന്റെ അധികാരപരിധിയിൽ വരുമെന്ന് കേന്ദ്രം 2025 ഏപ്രിൽ 30 ന് നല്‍കിയ റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News