ലെഹംഗ ബട്ടണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 41 ലക്ഷത്തിന്‍റെ വിദേശ കറന്‍സി; യാത്രക്കാരന്‍ പിടിയില്‍

പണം സംബന്ധിച്ച രേഖകള്‍ യാത്രക്കാരന് ഹാജരാക്കാന്‍ കഴിഞ്ഞില്ല

Update: 2022-08-30 16:38 GMT
Advertising

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 41 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സി പിടികൂടി. സ്ത്രീകള്‍ ധരിക്കുന്ന ലെഹംഗയുടെ ബട്ടണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കറന്‍സി കണ്ടെത്തിയത്.

സ്പെയ്സ് ജെറ്റ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ മിസാം റാസ എന്ന യാത്രക്കാരനില്‍ നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്. യാത്രക്കാരന്റ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കറന്‍സി പിടികൂടിയത്.

എക്സ്റേ ബാഗേജ് ഇന്‍സ്പെക്ഷനില്‍ നിരവധി ബട്ടണുകള്‍ കണ്ടെത്തി. ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാരനെ അനുവദിച്ച ശേഷം ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. തുടര്‍ന്ന് യാത്രക്കാരനെ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുപോയി.

1,85,500 സൗദി റിയാലാണ് ബാഗില്‍ നിന്ന് കണ്ടെടുത്തത്. ബട്ടണുകള്‍ക്കുള്ളില്‍ മടക്കിവെച്ച നിലയിലാണ് കറന്‍സികള്‍ കണ്ടെത്തിയത്. പണം സംബന്ധിച്ച രേഖകള്‍ യാത്രക്കാരന് ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സിഐഎസ്എഫ് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News