'അവര്‍ എന്‍റെ അമ്മയുടെ ദേഹത്ത് എന്തോ ഒഴിച്ചു,അടിച്ചു, പിന്നീട് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തി'; നോയിഡയിലെ സ്ത്രീധന പീഡന മരണത്തിൽ 6 വയസുകാരന്‍റെ മൊഴി പുറത്ത്

ഭാര്യയെ കൊലപ്പെടുത്തിയതിൽ തനിക്കൊരു പശ്ചാത്താപവുമില്ലെന്ന് വിപിൻ ഭാട്ടി പറഞ്ഞിരുന്നു

Update: 2025-08-25 05:11 GMT
Editor : Jaisy Thomas | By : Web Desk

നോയിഡ: ഗ്രേറ്റർ നോയിഡയിൽ സിര്‍സ ഗ്രാമത്തിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭര്‍തൃമാതാവിനെ അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ ഭര്‍ത്താവ് വിപിൻ ഭാട്ടിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തതായി ഗ്രേറ്റർ നോയിഡ ഡിസിപി പറഞ്ഞു. പോലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റ മകൻ വിപിനെ കാണാൻ പോകുന്നതിനിടെയാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജിംസ് ആശുപത്രിക്ക് സമീപം വെച്ച് ഭാര്യാമാതാവായ സാൻസ് ദയാവതിയെ പിടികൂടിയത്.

ആഗസ്ത് 21നാണ് 28കാരിയായ നിക്കി ഭാട്ടിയയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നിക്കിയെ ആക്രമിക്കുകയും വലിച്ചിഴക്കുകയും തീ പടര്‍ന്ന ശേഷം പടികളിലൂടെ താഴേക്ക് വീഴുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിക്കി മരിക്കുന്നത്.

Advertising
Advertising

നിക്കി ഇന്‍സ്റ്റഗ്രാമിൽ റീലുകൾ പോസ്റ്റ് ചെയ്യുന്നതിനും ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കുന്നതിനും ഭര്‍തൃവീട്ടുകാര്‍ എതിരായിരുന്നു. കൂടാതെ സ്ത്രീധനത്തിന്‍റെ പേരിലും ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നു.

ഇതിനിടെ നിക്കിയുടെ ഇളയ മകന്‍റെ മൊഴി പുറത്തുവന്നിരുന്നു. ''അച്ഛനും മുത്തശ്ശിയും കൂടി അമ്മയുടെ ദേഹത്ത് എന്തോ ഒഴിച്ചു. അമ്മയെ അടിച്ചു, അതിന് ശേഷം ലൈറ്റര്‍ ഉപയോഗിച്ചു തീ കൊളുത്തി'' എന്നാണ് മകൻ പറഞ്ഞത്. ഭാര്യയെ കൊലപ്പെടുത്തിയതിൽ തനിക്കൊരു പശ്ചാത്താപവുമില്ലെന്ന് വിപിൻ ഭാട്ടി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2016ലാണ് വിപിനും നിക്കിയും വിവാഹിതരാകുന്നത്. അതിന് ശേഷം 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് നിക്കിയെ ഭര്‍തൃവീ ട്ടുകാര്‍ പീഡിപ്പിച്ചുവരികയാണെന്ന് കുടുംബം ആരോപിച്ചു. ഇതിനിടയിൽ ഒരു സ്കോര്‍പിയോയും മോട്ടോര്‍ സൈക്കിളും യുവതിയുടെ കുടുംബം വിപിന് നൽകിയിരുന്നു. "അവർ അവളുടെ കഴുത്തിലും തലയിലും അടിക്കുകയും അവളുടെ മേൽ ആസിഡ് ഒഴിക്കുകയും ചെയ്തു. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവർ എന്നെയും പീഡിപ്പിച്ചു'' നിക്കിയുടെ സഹോദരി കാഞ്ചൻ പറഞ്ഞു.

തന്‍റെ അറസ്റ്റിന് മുൻപ് നിക്കിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായി ഭാര്യയുടെ ഒരു ഫോട്ടോ വിപിൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. "എന്താണ് സംഭവിച്ചതെന്ന് എന്നോട് പറയാത്തത് എന്തുകൊണ്ട്? എന്നെ എന്തിനാണ് ഉപേക്ഷിച്ചത്? എന്തിനാണ് ഇങ്ങനെ ചെയ്തത്? ലോകം എന്നെ ഒരു കൊലയാളി എന്ന് വിളിക്കുന്നു, നിക്കി..നീ പോയതിനുശേഷം എനിക്ക് ഒരുപാട് തെറ്റുകൾ സംഭവിക്കുന്നു," എന്നായിരുന്നു വിപിൻ കുറിച്ചത്.

നിക്കിയുടെ കൊലപാതകത്തിൽ പ്രതിഷേധം വ്യാപകമാവുകയാണ്. എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി. 'നിക്കിക്ക് നീതി' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിഷേധക്കാരെത്തിയത്. സംഭവത്തിന് ഉത്തരവാദികളായവരെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തണമെന്നും സ്വത്തുക്കൾ നശിപ്പിക്കണമെന്നും നിക്കിയുടെ പിതാവ് ആവശ്യപ്പെട്ടു. സ്ത്രീധനവുമായി ബന്ധപ്പെട്ട അക്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം വീണ്ടും ആളിക്കത്തിച്ചിരിക്കുകയാണ് ഈ കേസ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News