വസ്ത്രധാരണത്തിന്റെ പേരിൽ കർഷകന് മെട്രോ സ്റ്റേഷനിൽ വിലക്ക്; സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

സംഭവത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ബിഎംആർസിഎൽ

Update: 2024-02-27 10:30 GMT

ബംഗളുരു: വസ്ത്രധാരണത്തിന്റെ പേരിൽ കർഷകനെ മെട്രോ സ്റ്റേഷനിൽ പ്രവേശിക്കുന്നത് വിലക്കിയ സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). രാജാജിനഗർ മെട്രോ സ്റ്റേഷനിൽ ഒരു കർഷകന് പ്രവേശനം നിഷേധിക്കുന്നതിന്റെ വിഡിയോ ശനിയാഴ്ചയാണ് എക്സിൽ പ്രചരിച്ചത്.

‘വിഐപികൾക്ക് മാത്രമാണോ മെട്രോ? മെട്രോ ഉപയോഗിക്കുന്നതിന് ഡ്രസ് കോഡ് ഉണ്ടോ? ബംഗളുരു മെട്രോ അധികൃതർ ഉദ്യോഗസ്ഥരെ മാന്യമായി പെരുമാറാൻ പരിശീലിപ്പിക്കണമെന്നുമായിരുന്നു വിഡിയോയ്ക്കൊപ്പമുള്ള വാചകം. വിഡിയോ വൈറലായതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

Advertising
Advertising

ഇതിന് പിന്നാലെയാണ് ബിഎംആർസിഎൽ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ‘മെട്രോ എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതുഗതാഗതമാണ്, രാജാജിനഗർ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സൂപ്പർവൈസറെ പിരിച്ചു വിടാൻ തീരുമാനിച്ചുവെന്നും, യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ബിഎംആർസിഎൽ ഖേദം പ്രകടിപ്പിക്കുന്നതായും കുറിപ്പിൽ പറയുന്നു.

മെട്രോ യാത്രക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കുന്നത് ഏത് നിയമമാണെന്ന് കാണിക്കാൻ ഉദ്യോഗസ്ഥനോട് ഒരാൾ ആവശ്യപ്പെടുന്നുണ്ട് പുറത്തുവന്ന വിഡിയോയിൽ.‘അദ്ദേഹം ഒരു കർഷകനാണ്, മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് മാത്രമാണ് ആവശ്യം. മെട്രോയിൽ കൊണ്ടുപോകുന്നതിന് വിലക്കുള്ള ഒരു സാധനവും അദ്ദേഹത്തിന്റെ ചാക്ക്കെട്ടിലില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ പ്രവേശനം നിഷേധിക്കുന്നത്? മെട്രോ യാത്രക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കുന്ന നിയമം കാണിക്കു. ഇത് വിഐപികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഗതാഗത സേവനമാണോ? എന്ന് ചോദിക്കുന്ന അദ്ദേഹം ഇത് പൊതു ഗതാഗതമാണെന്നും പറയുന്നത് വിഡിയോയിൽ കാണാം.

ഇത് വിവേചനമാണെന്നും കർഷകന് പ്രവേശനം അനുവദിക്കണമെന്നും മറ്റൊരു യാത്രക്കാരനും ആവശ്യപ്പെട്ടു. പരിശീലനം ലഭിക്കാത്തവരാണ് മെട്രൊയിലെ സുരക്ഷാ ഉദ്യോഗസ്ഥരെന്നും പലപ്പോഴും മോശം പെരുമാറ്റത്തിന് ഇരയാകാറുണ്ടെന്നും യാത്രക്കാർ എക്സിൽ കുറിച്ചു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് നടപടിയുമായി രംഗത്തെത്തിയത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News