തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ ഭാര്യയെയും മക്കളെയും വിമാനത്താവളത്തിൽ തടഞ്ഞു

ദുബൈ യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയതായിരുന്നു അഭിഷേകിന്റെ ഭാര്യ രുജില നരൂല ബാനർജിയും രണ്ടു മക്കളും

Update: 2023-06-05 12:02 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യയെ വിമാനത്താവളത്തിൽ തടഞ്ഞു. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയ ഭാര്യ രുജിര നരൂല ബാനർജിയെയും മക്കളെയുമാണ് അധികൃതർ തടഞ്ഞത്.

ഇന്നു രാവിലെ ഏഴിനാണ് സംഭവം. ദുബൈയിലേക്ക് തിരിക്കാനായി രാവിലെ രണ്ട് മക്കൾക്കൊപ്പം വിമാനത്താവളത്തിലെത്തിയതായിരുന്നു രുജിര. എന്നാൽ, ഇവരെ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടയുകയും അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു. ബംഗാൾ കൽക്കരി കടത്ത് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. കേസിൽ രുജിരയ്ക്ക് ഇ.ഡി സമൻസ് ലഭിച്ചിരുന്നു.

അഭിഷേക് ബാനർജിക്കും കുടുംബത്തിനും ബന്ധമുള്ള രണ്ട് കമ്പനികൾക്ക് കൽക്കരി അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ഇ.ഡി ആരോപിക്കുന്നത്. ഇവരുമായി ബന്ധമുള്ള ലീപ്‌സ് ആൻഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡ്, ലീപ്‌സ് ആൻഡ് ബൗണ്ട് മാനേജ്‌മെന്റ് സർവിസസ് എന്നീ കമ്പനികൾക്ക് കൽക്കരി അഴിമതിക്കേസിൽ ഉൾപ്പെട്ട കമ്പനിയിൽനിന്ന് 4.37 കോടി രൂപയുടെ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. അഭിഷേകിന്റെ പിതാവ് അമിത് ബാനർജി ലീപ്‌സ് ആൻഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയരക്ടർമാരിൽ ഒരാളാണ്. ഭാര്യ രുജിര ലീപ് ആൻഡ് ബൗണ്ട് മാനേജ്‌മെന്റ് സർവിസസ് ഡയരക്ടറുമാണ്.

ദുബൈ യാത്രയെക്കുറിച്ച് ഇ.ഡിക്ക് നേരത്തെ തന്നെ വിവരം നൽകിയിട്ടുണ്ടെന്നാണ് രുജിരയുടെ അഭിഭാഷകൻ പ്രതികരിച്ചത്. ജൂൺ അഞ്ചു മുതൽ 13 വരെയാണ് ദുബൈ സന്ദർശനം നിശ്ചയിച്ചിരുന്നത്. യാത്രാടിക്കറ്റുകളും മറ്റു വിശദാംശങ്ങളും രണ്ടു ദിവസം മുൻപ് അന്വേഷണസംഘത്തിന് കൈമാറിയതാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.

രുജിരയുടെയും മക്കളുടെയും ദുബൈ യാത്ര തടസപ്പെടുത്തിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു. രുജിരയെയും മക്കളെയും തടഞ്ഞ നടപടിയെക്കുറിച്ച് പ്രതികരിക്കാൻ വിമാനത്താവളം അധികൃതർ ഇതുവരെ തയാറായിട്ടില്ല.

Summary: Abhishek Banerjee's wife Rujira Narula Banerjee stopped from boarding Dubai flight and detained at Kolkata Aiport

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News