അഹമ്മദാബാദ് വിമാനാപകടം; വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 33 പേരെ തിരിച്ചറിഞ്ഞു, 14 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്തു

Update: 2025-06-15 10:42 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വിജയ് രൂപാണിയുടെ വസതിയിലെത്തി കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഗുജറാത്തിലെ രാജ്കോട്ടിലാണ് നടക്കുക.

ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 33 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 14 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചതായി പിടിഐ റിപ്പോർട്ട്‌ ചെയ്‌തു.

Advertising
Advertising

ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്ന് അഡീഷണൽ സിവിൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഇതുവരെ 33 ഡിഎൻഎ സാമ്പിളുകൾ ഒത്തുനോക്കിയിട്ടുണ്ട്, 14 മൃതദേഹങ്ങൾ ഇതിനകം കുടുംബങ്ങൾക്ക് കൈമാറി. ഉദയ്പൂർ, വഡോദര, ഖേഡ, മെഹ്സാന, അർവല്ലി, അഹമ്മദാബാദ്, ബോട്ടാഡ് ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചവർ," മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരിക്കുന്നതിനാൽ അധികൃതർ ഡിഎൻഎ പരിശോധന നടത്തിവരികയാണ്.

ജൂൺ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. സംഭവത്തിൽ വിമാനത്തിലുള്ള 242 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. മരിച്ചവരിൽ മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.

169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News