'അലഹബാദ് ഹൈക്കോടതി വളപ്പിലെ പള്ളി പൊളിച്ചുനീക്കണം'; ഉത്തരവ് ശരിവച്ച് സുപ്രിംകോടതി

പള്ളി പൊളിച്ചുനീക്കാൻ 2017ൽ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു

Update: 2023-03-13 11:53 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച് സുപ്രിംകോടതി. പള്ളി നീക്കംചെയ്യാനുള്ള തീരുമാനത്തിന് കൃത്യമായ കാരണങ്ങളുണ്ടെന്ന് അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹരജികൾ പരിഗണിച്ച് സുപ്രിംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. സർക്കാരിന്റെ പാട്ടഭൂമിയിലാണ് പള്ളി നിർമിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് സി.ടി രവികുമാർ കൂടി അംഗമായ ബെഞ്ച് സൂചിപ്പിച്ചു. പള്ളിക്കുള്ള ഗ്രാന്റ് 2002ൽ അവസാനിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വികസനപ്രവൃത്തികൾക്കെന്നു പറഞ്ഞാണ് കോടതി കോംപൗണ്ടിനകത്ത് സ്ഥിതിചെയ്യുന്ന പള്ളി പൊളിച്ചുമാറ്റാൻ 2017ൽ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. മൂന്നു മാസത്തിനകം പള്ളി ഒഴിഞ്ഞുകൊടുക്കണമെന്ന് കോടതി മസ്ജിദ് ഭാരവാഹികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, കോടതി വിധിക്കെതിരെ പള്ളി ഭാരവാഹികളും യു.പി സുന്നി വഖഫ് ബോർഡും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ, പൊതു ആവശ്യത്തിനാണ് കെട്ടിടം പൊളിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഇതു ന്യായമായ കാരണമാണെന്നും ജസ്റ്റിസ് എം.ആർ ഷാ വ്യക്തമാക്കി. പള്ളി ഒഴിഞ്ഞുകൊടുക്കാൻ മൂന്നു മാസംകൂടി സുപ്രിംകോടതി കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. മൂന്നു മാസത്തിനകം ഒഴിഞ്ഞുകൊടുത്തില്ലെങ്കിൽ ഹൈക്കോടതിക്ക് പൊളിച്ചുനീക്കാം. ഈ പള്ളിക്കു പകരം മറ്റൊരിടത്ത് സ്ഥലം അനുവദിക്കാൻ ആവശ്യവുമായി കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

Summary: The Supreme Court dismissed special leave petitions challenging a 2017 judgment of the Allahabad High Court to remove a mosque from the Court premises

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News