ദീപാവലി സമ്മാനമായി കിട്ടിയത് സോൻ പാപ്ഡി ; കമ്പനിയുടെ ഗേറ്റിലേക്ക് വലിച്ചെറിഞ്ഞ് ജീവനക്കാര്‍, വീഡിയോ
ഹരിയാനയിലെ സോനിപത്തിലുള്ള ഒരു ഫാക്ടറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
Representational Image
ചണ്ഡീഗഡ്: ഉത്സവ സീസണുകളിലും മറ്റും ബോണസ് പോലുള്ള സമ്മാനങ്ങൾ കിട്ടിയില്ലെങ്കിൽ ജീവനക്കാരെ ഇതുപോലെ നിരാശരാക്കുന്ന മറ്റൊന്നുണ്ടാകില്ല. അത്തരം പ്രതിഷേധങ്ങളുടെ വാര്‍ത്തകളും നാം കണ്ടിട്ടുണ്ട്. ഹരിയാനയിലെ ഫാക്ടറി ഉടമ ദീപാവലി സമ്മാനമായി സോൻ പാപ്ഡി നൽകിയതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. രോഷാകുലരായ ഫാക്ടറി തൊഴിലാളികൾ ഒന്ന് തുറന്നുപോലും നോക്കാതെ മധുര പലഹാരപ്പെട്ടികൾ കമ്പനിയുടെ ഗേറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഹരിയാനയിലെ സോനിപത്തിലുള്ള ഒരു ഫാക്ടറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിരവധി ജീവനക്കാർ ഫാക്ടറിയുടെ ഗേറ്റിന് പുറത്ത് സോൻ പാപ്ഡി പെട്ടികൾ വലിച്ചെറിയുന്നത് കാണാം. ദീപാവലിക്ക് ബോണസ് വാഗ്ദാനം ചെയ്തിരുന്നതായി തൊഴിലാളികൾ പറയുന്നു. എന്നാൽ ദീപാവലിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ക്യാഷ് ബോണസിനോ ഗിഫ്റ്റ് വൗച്ചറുകൾക്കോ പകരം സോൻ പാപ്ഡി പെട്ടികളാണ് ഉടമ നൽകിയത്. തൊഴിലുടമ വാക്ക് പാലിക്കാത്തതതിൽ അസ്വസ്ഥരായ സോനിപത്ത് ഗനൗറിലെ ഫാക്ടറി തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്താൻ പെട്ടികൾ വലിച്ചെറിയുകയായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു. ചിലർ ഫാക്ടറി വാഗ്ദാനം പാലിച്ചില്ലെന്ന് വിമർശിച്ചപ്പോൾ, മറ്റു ചിലർ തൊഴിലാളികൾ മധുരപലഹാരം നിലത്ത് എറിയാൻ പാടില്ലായിരുന്നു എന്നായിരുന്നു അഭിപ്രായപ്പെട്ടത്. ''ബോണസ് എന്നത് ഒരു കമ്പനിയുടെ ചോയിസാണ്. പാലിക്കേണ്ട നിർബന്ധിത നിയമമല്ല. ജീവനക്കാർക്ക് ചിലപ്പോൾ ശമ്പളം, പ്രമോഷനുകൾ, അലവൻസുകൾ എന്നിവ ലഭിക്കുന്നു'' ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനമായി ലഭിക്കുന്ന മധുരപലഹാരങ്ങളിൽ ഒന്നാണ് സോൻ പാപ്ഡി, പ്രത്യേകിച്ച് ഉത്സവ സീസണിൽ. എന്നാൽ ഒട്ടും അനുയോജ്യമല്ലാത്ത സമ്മാനമെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. അനാവശ്യ സന്ദര്‍ഭങ്ങളിലെ ഇത്തരം സമ്മാനങ്ങളുടെ പേരിൽ സോൻ പാപ്ഡി കഴിഞ്ഞ കുറച്ചു നാളുകളായി മീമുകളിൽ നിറയുന്നുണ്ട്.