'53000 രൂപയും മറ്റ് ആനുകൂല്യങ്ങളും, ഞങ്ങളുടെ എടിഎം പിൻ നമ്പര്‍ പോലും അദ്ദേഹത്തിനറിയാം'; ഡ്രൈവറുടെ ശമ്പളത്തെക്കുറിച്ച് വെളിപ്പെടുത്തിയ അങ്കുർ വാരിക്കൂവിന് വിമര്‍ശനം
വീടിന്‍റെ സ്പെയര്‍ താക്കോലുകൾ പോലും ഡ്രൈവറുടെ കൈവശമുണ്ട്
ഡൽഹി: സംരംഭകനും കണ്ടന്‍റ് ക്രിയേറ്ററും ബെസ്റ്റ് സെല്ലിങ് ഓഥറുമായ അങ്കുര്‍ വാരിക്കൂവിന്‍റെ പോസ്റ്റുകളും വീഡിയോകളും എപ്പോഴും കാഴ്ചക്കാരെ ആകര്‍ഷിക്കാറുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി തങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഡ്രൈവറുടെ ശമ്പളവിവരങ്ങൾ പങ്കുവച്ചുകൊണ്ടുള്ള അങ്കുറിന്‍റെ പോസ്റ്റാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.
ഡ്രൈവറുടെ ശമ്പളം 53,000 രൂപയോളമാണെന്നും തന്‍റെ എടിഎം പിൻ നമ്പര്‍ പോലും ഡ്രൈവര്‍ക്കറിയാമെന്നും അങ്കുര്‍ വെളിപ്പെടുത്തുന്നു. വീടിന്‍റെ സ്പെയര്‍ താക്കോലുകൾ പോലും ഡ്രൈവറുടെ കൈവശമുണ്ട്. '' അദ്ദേഹം എന്‍റെ കുട്ടികളെ സ്കൂളിൽ വിടുന്നു, വീടിന്‍റെ സ്പെയര്‍ താക്കോൽ കൈവശം വയ്ക്കുന്നു. ഞങ്ങളുടെ അസാന്നിധ്യത്തിൽ പോലും എല്ലാ പ്രധാന ജോലികളും ചെയ്യുന്നു'' വാരിക്കൂ എക്സിൽ പങ്കുവച്ച പോസ്റ്റിൽ കുറിക്കുന്നു. ദയാനന്ദ് എന്നാണ് വാരിക്കൂവിന്‍റെ ഡ്രൈവറുടെ പേര്.
13 വര്‍ഷം മുൻപാണ് ദയാനന്ദ് അങ്കുറിന്‍റെ കുടുംബത്തിന്‍റെ ഡ്രൈവറാകുന്നത്. അന്ന് 15000 രൂപയാണ് ശമ്പളം. അതിനുശേഷം അദ്ദേഹം സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിനൊപ്പം തങ്ങളുടെ കുടുംബത്തിന്‍റെ അവിഭാജ്യ ഘടകമായി മാറിയെന്ന് അങ്കുര്‍ പറയുന്നു. ഇതിനിടയിൽ ദയാനന്ദിന്‍റെ മൂന്നു മക്കൾക്കും ജോലിയായി വിവാഹിതരായി സന്തോഷകരമായ ജീവിതം നയിക്കുന്നു. ''രാവിലെ 4.30ന് ദയാനന്ദ് ഉണരും, കൃത്യം രാത്രി 8.30ന് ഉറങ്ങും.ജോലിക്ക് കയറാൻ ഒരിക്കലും വൈകാറില്ല. ഞങ്ങളുടെ ഡ്രൈവര്‍ മാത്രമല്ല,അദ്ദേഹം ഞങ്ങളുടെ കുടുംബത്തിന്‍റെ വിശ്വസ്തനാണ്. എന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷയെക്കുറിച്ച് അദ്ദേഹം എപ്പോഴും ശ്രദ്ധാലുവാണ്. ഞങ്ങളുടെ പണം ശ്രദ്ധാപൂര്‍വം ഉപയോഗിക്കുന്നയാൾ'' അങ്കുറിന്‍റെ പോസ്റ്റ് ഇങ്ങനെയാണ്. ഈ ദീപാവലിക്ക് 53,350 രൂപയെക്കൂടാതെ ഒരു മാസത്തെ ശമ്പളം ബോണസായും സ്കൂട്ടറും ദയാനന്ദിന് അങ്കുര്‍ നൽകി.
നിരവധി ഉപയോക്താക്കളാണ് വാരിക്കൂവിന്‍റെ നല്ല മനസിനെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തിയത്. ''ഈ കുറിപ്പ് തന്നെ എത്ര മനോഹരമാണ്. ദയാനന്ദ് ഭയ്യയെപ്പോലുള്ളവർ വിശ്വസ്തതയും ആത്മാർത്ഥതയും വിലമതിക്കാനാവാത്തതാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ശരിയായ വ്യക്തിയിൽ വിശ്വാസം നിക്ഷേപിക്കുമ്പോൾ, വരുമാനം ജീവിതകാലം മുഴുവൻ നിലനിൽക്കും."എന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു. എന്നാൽ ജീവനക്കാരുടെ ശമ്പള കണക്കുകൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചതിന് അങ്കുറിനെ ഒരു വിഭാഗം വിമര്‍ശിച്ചു. നിങ്ങൾ നല്ലവനാണെന്ന് എല്ലാവരെയും കാണിക്കാൻ വേണ്ടി എന്തിനാണ് ഒരാളുടെ ശമ്പള വിവരം പങ്കിടുന്നതെന്നും അദ്ദേഹത്തിന്റെ ജോലിയെ അഭിനന്ദിക്കാൻ മറ്റ് മാര്‍ഗങ്ങളുണ്ടെന്നും ഇങ്ങനെയല്ല ചെയ്യേണ്ടിയിരുന്നതെന്നും ഒരു ഉപയോക്താവ് വിമര്‍ശിച്ചു.