വിപണിയില്‍ നിന്ന് ഒഴുകിപ്പോയത് 7.5 ലക്ഷം കോടി; ഇന്നത്തെ വന്‍ ഇടിവിൻ്റെ നാല് കാരണങ്ങള്‍

സെന്‍സെക്‌സ് 1236 പോയിൻ്റും നിഫ്റ്റി 365 പോയിൻ്റുമാണ് ഇന്ന് ഇടിഞ്ഞത്

Update: 2026-02-19 14:54 GMT

മുംബൈ: തുടര്‍ച്ചയായ മൂന്ന് ദിവസത്തെ മുന്നേറ്റത്തിനൊടുവില്‍ ഓഹരി വിപണി ഇന്ന് വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 7.5 ലക്ഷം കോടി രൂപ. ബിഎസ്ഇ സെന്‍സെക്‌സ് 1236 പോയിന്റും (1.48%) എന്‍എസ്ഇ നിഫ്റ്റി 365 പോയിന്റുമാണ് (1.41%) ഇന്ന് ഇടിഞ്ഞത്. നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച വിപണി ഉടന്‍തന്നെ നഷ്ടത്തിലേക്ക് വീണു. പിന്നീട് തിരിച്ചുകയറാനാകാതെ കൂടുതല്‍ ഇടിവിലേക്ക് താഴുകയായിരുന്നു.

ബിഎസ്ഇ മിഡ്കാപ് ഇന്‍ഡെക്‌സ് 1.54 ശതമാനവും ബിഎസ്ഇ സ്മാള്‍കാപ് ഇന്‍ഡെക്‌സ് 1.16 ശതമാനവും ഇടിഞ്ഞു. ഇന്നത്തെ ഇടിവോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം 472 ലക്ഷം കോടിയില്‍ നിന്ന് 465 ലക്ഷം കോടിയിലേക്ക് കുറഞ്ഞു.

Advertising
Advertising

പ്രധാനമായും നാല് കാരണങ്ങളാണ് ഇന്നത്തെ ഇടിവിന് പിന്നിലെന്നാണ് സൂചിപ്പിക്കുന്നത്.

1. ലാഭമെടുപ്പ്

സമീപകാലങ്ങളില്‍ വലിയ രീതിയില്‍ ചാഞ്ചാടുന്ന വിപണിയില്‍ നിന്നുള്ള ലാഭമെടുപ്പ് ഇന്ന് കാര്യമായി ബാധിച്ചു. അവസാന മൂന്ന് ദിവസത്തെ വിപണിനേട്ടം നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിച്ചതോടെയാണ് ഇത് സംഭവിച്ചത്. കേന്ദ്ര ബജറ്റ്, ഇന്ത്യ-യുഎസ് വ്യാപാര കരാര്‍, ആര്‍ബിഐ നയം എന്നിവയെ തുടര്‍ന്ന് നേട്ടമുണ്ടായ ഓഹരികള്‍ വന്‍തോതില്‍ വിറ്റൊഴിക്കപ്പെട്ടു.

2. ഫെഡ് നിരക്കിലെ അനിശ്ചിതത്വം

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വിപണിയെ ബാധിച്ചു. ജനുവരി യോഗത്തിന്റെ മിനുട്ട്‌സ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭാവിയില്‍ പലിശ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് ഫെഡ് ഗവണര്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് മിനുട്‌സ് സൂചിപ്പിക്കുന്നത്. പലിശ നിരക്ക് കുറയ്ക്കണമെന്ന വിഷയത്തിലുള്ള അവ്യക്തത വിപണിയെ ബാധിച്ചു. യുഎസില്‍ ഫെഡ് നിരക്ക് കുറയാതെ തുടരുന്നതോ വര്‍ധിക്കുന്നതോ ഇന്ത്യന്‍ വിപണിയിലേക്കുള്ള പണമൊഴുക്കിനെ ബാധിക്കും. യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും ചെയ്യും.

3. യുഎസ് ഇറാന്‍ സംഘര്‍ഷം

യുഎസ് ഇറാന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ഭീതി ആഗോള വിപണികളില്‍ നിലനില്‍ക്കുന്നുണ്ട്. ഇറാനെ ആക്രമിക്കാന്‍ യുഎസ് പൂര്‍ണ സജ്ജമായെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധം മുന്നില്‍ കണ്ട് വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതും ഇടിവിന് കാരണമൊരുക്കി. സ്വര്‍ണത്തിനും വെള്ളിക്കുമുണ്ടായ വിലക്കയറ്റം ഇതാണ് വ്യക്തമാക്കുന്നത്.

4. എണ്ണവിലയിലെ വര്‍ധനവ്

യുഎസ്-ഇറാന്‍ സംഘര്‍ഷ സാഹചര്യം അസംസ്‌കൃത എണ്ണ വില വര്‍ധിപ്പിച്ചതും വിപണിയെ സ്വാധീനിച്ചു. ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 70 ഡോളറിന് മുകളിലേക്ക് എത്തി. സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറിയാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാല്‍ ഉയര്‍ന്ന അസംസ്‌കൃത എണ്ണ വില ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News