ഇസ്‌ലാമോഫോബിയയിൽനിന്ന് കുട്ടികൾക്കും രക്ഷയില്ല; തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യണം-എസ്.ഐ.ഒ

വിവാദ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്

Update: 2023-08-26 08:06 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: യു.പിയിൽ മുസ്‌ലിം വിദ്യാർത്ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തെ അപലപിച്ച് എസ്.ഐ.ഒ. ഇസ്‌ലാമോഫോബിയ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. കുട്ടികൾക്കു പോലും രക്ഷയില്ല. കുറ്റാരോപിതയായ അധ്യാപിക തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യുകയും കടുത്ത ശിക്ഷ നൽകുകയും വേണമെന്ന് നേതാക്കൾ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

മുസഫർനഗറിലെ കുബ്ബാപൂരിലുള്ള നേപ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്ത ത്യാഗി ഉൾപ്പെട്ട ഞെട്ടിക്കുന്ന സംഭവത്തിൽ ശക്തമായി അപലപിക്കുകയാണ്. പുറത്തുവന്ന വിഡിയോയിലെ ഇസ്‌ലാമോഫോബിയ പരാമർശങ്ങളും ആക്രമണപ്രേരണയുമെല്ലാം തീർത്തും അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇത്തരം അപലപനീയമായ പെരുമാറ്റം ഒരു നിലയ്ക്കും അംഗീകരിക്കാനാകില്ല. ഇത് ആവർത്തിക്കാതിരിക്കാൻ മാതൃകയെന്നോണം സംഭവത്തിൽ ശിക്ഷാനടപടികളുണ്ടാകണം-വാർത്താകുറിപ്പിൽ സൂചിപ്പിച്ചു.

ഇസ്‌ലാമോഫോബിയ നമ്മുടെ സമൂഹത്തിൽ എല്ലാ പരിധിയും അതിലംഘിച്ചിരിക്കുകയാണെന്നതിന്റെ ശക്തമായ മുന്നറിയിപ്പാണ് ഈ സംഭവം. കുട്ടികളെപ്പോലും വെറുതെവിടുന്നില്ല. അതും സ്വന്തം അധ്യാപകരുടെ കൈകളിൽ പോലും(ഇക്കാര്യത്തിൽ രക്ഷയില്ല). അധ്യാപികയെ ഉടൻ അറസ്റ്റ് ചെയ്യണം. അധ്യാപകവൃത്തിയിൽനിന്ന് നീക്കംചെയ്യുകയും വേണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു.

മുസഫർനഗറിൽനിന്ന് 30 കി.മീറ്റർ ദൂരത്തുള്ള കുബ്ബാപൂരിലെ നേഹ പബ്ലിക് സ്‌കൂളിലാണു രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസിലെ മുസ്‌ലിം വിദ്യാർത്ഥിയെ എഴുന്നേൽപ്പിച്ചുനിർത്തിയ ശേഷം മറ്റുള്ള വിദ്യാർത്ഥികളോട് മർദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സഹപാഠിയുടെ മുഖത്ത് അടിക്കാൻ നിർദേശിച്ചു. മുസ്‌ലിം വിദ്യാർത്ഥികളെ താൻ ഇത്തരത്തിൽ കൈകാര്യം ചെയ്യാറുണ്ടെന്നും അവരെ ഇങ്ങനെയാണു ചെയ്യേണ്ടതെന്നും അധ്യാപിക വിദ്യാർത്ഥികളോട് നിർദേശിക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വൻവിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെ പിതാവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് പൊലീസ് നിർദേശിച്ചു.

Summary: Arrest Tripta Tyagi; Prevent Schools from Becoming Hubs of Islamophobia: SIO

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News