തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിൻ്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് ആം ആദ്മി

കെജ്‌രിവാളിന്റെ വാഹനം രണ്ട് യുവാക്കളെ ഇടിക്കുകയായിരുന്നുവെന്ന് ബിജെപി സ്ഥാനാർഥി

Update: 2025-01-18 13:28 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാൾ സഞ്ചരിച്ച വാഹനം അക്രമിക്കപ്പെട്ടതായി ആം ആദ്മി പാർട്ടി. ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ വീടുതോറുമുള്ള പ്രചാരണത്തിനിടെയാണ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള ബിജെപി ശ്രമമാണ് ആക്രമണമെന്ന് എഎപി ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ആം ആദ്മി പങ്കുവെച്ചിട്ടുണ്ട്.

തോൽവി ഭയന്ന് പരിഭ്രാന്തരായ ബിജെപി അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കാൻ ഗുണ്ടകളെ നിയോഗിച്ചു എന്ന അടിക്കുറിപ്പോടെയാണ്‌ എഎപി വീഡിയോ പങ്കുവെച്ചത്. "ബിജെപി സ്ഥാനാർത്ഥി പ്രവേഷ് വർമയുടെ ഗുണ്ടകൾ അരവിന്ദ് കെജ്‌രിവാളിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇഷ്ടികയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും പ്രചാരണം നടത്താൻ കഴിയാത്തവിധം ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ബിജെപിക്കാരേ, നിങ്ങളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ കെജ്‌രിവാൾ ജി ഭയപ്പെടാൻ പോകുന്നില്ല, ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് തക്ക മറുപടി നൽകും," എന്നും ആം ആദ്മി പോസ്റ്റിൽ പങ്കുവെച്ചു. വാഹനവ്യൂഹത്തിന് സമീപം ആളുകൾ കരിങ്കൊടി വീശുന്നതും വിഡിയോയിൽ കാണാം.

എന്നാൽ കെജ്‌രിവാളിന്റെ വാഹനം രണ്ട് യുവാക്കളെ ഇടിക്കുകയായിരുന്നുവെന്ന് പർവേഷ് വർമ ആരോപിച്ചു. തോൽവി മുന്നിൽ കണ്ടപ്പോൾ കെജ്‌രിവാൾ ആളുകളുടെ ജീവൻ മറന്നു. അപകടം സംഭവിച്ചവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ബിജെപി സ്ഥാനാർഥി കുറിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂ ഡൽഹി മണ്ഡലം ശക്തമായ പോരാട്ടഭൂമിയാണ്.

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News