കൊൽക്കത്ത: പശ്ചിമബംഗാളിനും അസമിനും ഇടയിലുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ മെനുവിൽ നിന്ന് നോൺ-വെജിറ്റേറിയൻ ഓപ്ഷനുകൾ ഒഴിവാക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ച ടിഎംസി ഇത് ബംഗാളി സ്വത്വത്തിനെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിച്ചു.
''ആദ്യം അവര്‍ ഞങ്ങളുടെ വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഇപ്പോൾ ഞങ്ങളുടെ പ്ലേറ്റുകളിലും'' ടിഎംസി എക്സിൽ കുറിച്ചു. "കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബംഗാളിന് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നൽകുന്നതിനെക്കുറിച്ച് വീമ്പിളക്കുന്ന തിരക്കിലായിരുന്നു മോദി. എന്നാൽ ബംഗാളിൽ നിന്ന് അസമിലേക്ക് ഓടുന്ന വന്ദേ ഭാരത് ട്രെയിനിൽ മത്സ്യവും മാംസവും മെനുവിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചില്ല" പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ചു.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മെനുവിൽ ബസന്തി പുലാവ്, ചോലെ ദാൽ, മൂങ് ദാൽ, ചന, ധോക്കർ സബ്സി തുടങ്ങിയ ബംഗാളി വിഭവങ്ങളുണ്ട്. ആസാമീസ് വിഭവങ്ങളിൽ ജോഹ റൈസ്, മസൂർ ദാൽ, സീസണൽ വെജിറ്റബിൾ കറി എന്നിവ ഉൾപ്പെടുന്നു. സന്ദേശ്, രസഗുള തുടങ്ങിയ പരമ്പരാഗത മധുരപലഹാരങ്ങളും ലഭ്യമാണ്. എന്നിരുന്നാലും, മാംസാഹാര ഓപ്ഷനുകളുടെ അഭാവം നിരവധി യാത്രക്കാരെ, പ്രത്യേകിച്ച് മത്സ്യവും മാംസവും സാധാരണയായി കാണപ്പെടുന്ന ബംഗാളിൽ നിന്നും അസമിൽ നിന്നുമുള്ളവരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
''കാമാഖ്യ ക്ഷേത്രത്തെയും കാളി ക്ഷേത്രത്തെയും ട്രെയിൻ ബന്ധിപ്പിക്കുന്നതിനാൽ മാംസാഹാരം ഉൾപ്പെടുത്തേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ നൽകിയ മെനുവിൽ ആരോഗ്യകരവും ശുചിത്വമുള്ളതും ശുദ്ധവുമായ സസ്യാഹാരം ഉൾപ്പെടുന്നു'' എന്നായിരുന്നു റെയിൽവെയുടെ പ്രതികരണം.
ജനുവരി 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് വ്യാഴാഴ്ചയാണ് ഔദ്യോഗികമായി യാത്ര ആരംഭിച്ചത്. ഗുവാഹത്തി (കാമാഖ്യ)- ഹൗറ റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 13 സ്റ്റോപ്പുകളാണ് ഈ റൂട്ടിലുള്ളത്.